റംസാൻ വ്രതം നോക്കുന്നതുകൊണ്ട് നിരവധി ഗുണങ്ങൾ ലഭിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.അതുപോലെ ചില രോഗമുള്ളവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ നോമ്പ് പിടിക്കാൻ പാടുള്ളൂ എന്നതും ശ്രദ്ധിക്കണം.
ഭക്ഷണരീതിയിലും ഉറക്കത്തിലും വ്യായാമത്തിലും വരുന്ന വ്യത്യാസമാണ് പ്രമേഹം, രക്തസമ്മർദ്ദം,അസിഡിറ്റി, അൾസർ, മൂത്രാശയരോഗങ്ങൾ, വൃക്കയിലെ കല്ല് തുടങ്ങിയവയെ വർദ്ധിപ്പിക്കുന്നത്. ഇൗ രോഗങ്ങൾക്ക് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ നോമ്പുകാലത്ത് ഡോക്ടറുടെ നിർദ്ദേശമില്ലാതെ ഉപേക്ഷിക്കുകയോ കുറയ്ക്കുകയോ ചെയ്യരുത്.
മാംസം,മസാല,എണ്ണയിൽ വറുത്തവ, അച്ചാറുകൾ, ദഹിക്കാൻ പ്രയാസമുള്ള ആഹാരങ്ങൾ എന്നിവ പൊതുവേ നോമ്പുകാർക്ക് നല്ലതല്ല. പ്രത്യേകിച്ചും നോമ്പിന്റെ ആദ്യ പത്ത് ദിവസം വരെയെങ്കിലും ഇവ ഉപേക്ഷിക്കണം.
വെള്ളത്തിന്റെ അംശം കൂടുതലുള്ള പഴവർഗങ്ങൾക്കും പച്ചക്കറികൾക്കും കഞ്ഞിക്കും ജ്യൂസുകൾക്കും പ്രാധാന്യം നൽകണം. എന്നാൽ ഇവ കൂടുതലായി ഉപയോഗിച്ച് ഉള്ള ദഹനശക്തി നശിപ്പിക്കാതെയും ശ്രദ്ധിക്കണം.
ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറഞ്ഞാൽ ക്ഷീണവും, ശരീരം വലിഞ്ഞു മുറുകുകയും, തലവേദനയും, മൂത്ര ചുടിച്ചിലും,വായ വരൾച്ചയും അനുഭവപ്പെടും.
ഇടയ്ക്കിടെ ഉണർന്ന് ഉറക്കം കളയാതെ അലാറം വച്ച് എഴുന്നേൽക്കുന്നത് ശീലിക്കണം. ഭക്ഷണം കഴിച്ചാലുടൻ കിടക്കരുത്. അമിതമായ ചായകുടിയും പുകവലിയും ശീലമുള്ളവർക്ക് അത് ഉപേക്ഷിക്കുവാൻ ശ്രമിക്കാവുന്ന മാസമാണിത്. നമസ്കാരത്തിന് മുമ്പ് അൽപ ഭക്ഷണമാണ് നല്ലത്. കുറഞ്ഞ അളവിൽ കൂടുതൽ ആരോഗ്യം നൽകുന്ന ഉണങ്ങിയ പഴങ്ങൾ നല്ലതാണ്. നിർബന്ധമായും രക്തത്തിൽ പഞ്ചസാരയുടെ അളവും, രക്തസമ്മർദ്ദവും ഇടയ്ക്കിടെ പരിശോധിക്കണം. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ ഡോക്ടറുടെ ഉപദേശം അനുസരിക്കുവാൻ മടിക്കരുത്. രോഗങ്ങളെ വർധിപ്പിക്കുക എന്നതല്ല നോമ്പിന്റെ ഉദ്ദേശം എന്നത് മറക്കരുത്. ആരോഗ്യത്തോടെയുള്ള മനസ്സും ശരീരവും ലഭിക്കുവാൻ കൂടി വ്രതാനുഷ്ഠാനം കൊണ്ട് സാധിക്കും.
ഡോ.ഷർമദ് ഖാൻ.