1

പൂവാർ: തീരദേശ മേഖലയായ പൂവാറിൽ ഒരു പൊതുമാർക്കറ്റ് വേണമെന്ന ആവശ്യം ശക്തമായിട്ട് നാളുകളായി. തീരദേശമായതിനാൽ നിത്യോപയോഗ സാധനങ്ങൾ വിൽക്കാനും വാങ്ങാനും ഇവിടുത്തുകാർക്ക് പൊതു മാർക്കറ്റ് ആവശ്യമാണ്. എന്നാൽ പല നാളുകളായ ഈ ആവശ്യത്തിന് അധികൃതർ ചെവികൊടുക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. നിലവിൽ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള മാർക്കറ്റ് ഒരു സ്വകാര്യ വ്യക്തിയുടേതാണ്. ഇതിന്റെ പ്രവർത്തനങ്ങൾക്കായി പഞ്ചായത്ത് ലൈസൻസ് നൽകിയിട്ടുണ്ടെങ്കിലും യാതോരു അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെയാണ് മാർക്ക്റ്റ് പ്രവർത്തിക്കുന്നതെന്നാണ് ആക്ഷേപം. പഞ്ചായത്തിനകത്ത് പിന്നൊരു മാർക്കറ്റ് പ്രവർത്തിക്കുന്നത് പട്യക്കാലയിലെ അരുമാനൂർക്കടയാണ്. ഇതിന്റെ അവസ്ഥയും വെത്യസ്ഥമല്ല. ദിവസവും രാവിലെ കുറച്ച് സമയം മാത്രമാണ് ഈ മാർക്കറ്റ് പ്രവർത്തിക്കുന്നത്. മൂന്നാമതായി പ്രവർത്തിക്കുന്ന പൂവാർ ജംഗ്‌ഷനിലെ അനധികൃത മാർക്കറ്റ് പലപ്പോഴും ഗതാഗത തടസ്സം സൃഷ്ടിക്കുന്നു. തിരക്കേറിയ സമയങ്ങളിൽ പാലം കടന്നു വരുന്ന വാഹനങ്ങൾക്ക് സൈഡ് നൽകാൻ കഴിയാതെ അപകടങ്ങളും പതിവാകുന്നു. ഈ പ്രതിസന്ധി പരിഹരിക്കാൻ പ്രസ്തുത അനധികൃത മാർക്കറ്റിന് ഉചിതമായ ഒരിടം കണ്ടെത്തണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പരിഹാരം കാണാൻ പഞ്ചായത്തിന് നാളിതുവരെ കഴിഞ്ഞിട്ടില്ല.

 നട്ടംതിരിഞ്ഞ് ജനം

മഴ നനയാതെയും വെയിൽ കൊള്ളാതെയും ഒതുങ്ങി നിൽക്കാൻ പറ്റിയ ഒരിടം മാർക്കറ്റിനകത്തില്ല. അത്യാവശ്യ ഘട്ടത്തിൽ പോലും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടുന്ന സൗകര്യം ഒരുക്കാൻ പോലും തയാറായിട്ടില്ല. പഞ്ചായത്തിന്റെ നിർബന്ധത്തിൽ ടൊയ്ലറ്റ് നിർമ്മിച്ചെങ്കിലും വെള്ളമില്ലാത്തതിനാൽ അടച്ചിട്ടിരിക്കുകയാണ്. അഥവാ വെള്ളം എത്തിയാൽ പോലും ചവറ്കൂന താണ്ടി ആളുകൾക്ക് ടൊയ്ലറ്റ് കണ്ടെത്താനുമാകില്ല. എല്ലാത്തരം ചപ്പുചവറുകളും മറ്റ് മാലിന്യങ്ങളും മാർക്കറ്റിനുള്ളിൽ തന്നെയാണ് നിക്ഷേപിക്കുന്നത്.

 നിലവിലെ മാർക്കറ്റിൽ ജനങ്ങൾ വളരെ ബുദ്ധിമുട്ടുകയാണ്. ഇതിന് ബദൽ സംവിധാനം ഒരുക്കാൻ കഴിയാത്തതുകൊണ്ട് മാത്രമാണ് നിലവിലെ മാർക്കറ്റിന്റെ പോരാഴ്മകൾക്കെതിരെ നടപടി സ്വീകരിക്കാത്തത്.

ജിസ്തി മൊയ്തീൻ പിള്ള, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്

 തീരദേശമേഖലയായതിനാൽ മായം ചേർക്കാത്ത മത്സ്യം കിട്ടുമെന്നതാണ് ഈ മാർക്കറ്റിന്റെ പ്രത്യേകത. ഇതുകൊണ്ട് തന്നെ പല സ്ഥലങ്ങളിൽ നിന്നും നിരവധി പേരാണ് ഈ മാർക്കറ്റിൽ എത്തുന്നത്. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത ഇവിടെ വരുന്ന ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമില്ല.

 പ്രതിഷേധം ശക്തം

പൂവാർ പഞ്ചായത്തിലെ മൂന്ന് മാർക്കറ്റുകളുടെയും അവസ്ഥ ദുരിതപൂർണമായതിനാലാണ് ഒരു പൊതു മാർക്കറ്റ് വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പ്രസക്തി ഏറുന്നത്. തീരദേശത്തെ മത്സ്യവിഭവങ്ങളും പൂവാറിന്റെ വിശാലമായ കാർഷിക മേഖലയിലെ വിഭവങ്ങളും വിറ്റഴിക്കാൻ പറ്റുന്നതാകണം മാർക്കറ്റ്. ഇതിനായുള്ള നടപടികൾ ഗ്രാമപഞ്ചായത്ത് കൈക്കൊള്ളാത്ത പക്ഷം സമരപരിപാടികൾ നടത്താനാണ് വിവിധ സംഘടനകളുടെ ലക്ഷ്യം.