headphone

ബീജിംഗ്: ഉറക്കത്തിനിടെ യുവാവ് വയർലെസ് ഹെഡ്സെറ്റ് വിഴുങ്ങി. തായ്‌വാൻ സ്വദേശിയായ ബെൻ എന്ന യുവാവാണ് ആപ്പിളിന്റെ ഹെഡ്സെറ്റ് വിഴുങ്ങിയത്. ഉണർന്നപ്പോഴാണ് ഹെഡ്സെറ്റ് കാണാനില്ലെന്ന വിവരം അയാൾ അറിയുന്നത്. വീടാകെ അരിച്ചുപെറുക്കിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ഫോണിലെ മൈ ഐഫോൺ ആപ്പിന്റെ സഹായത്തോടെയാണ് ഹെഡ് സെറ്റ് വയറ്റിലുണ്ടെന്ന് കണ്ടെത്തിയത്.

ഉടൻ ആശുപത്രിയിലെത്തിയ യുവാവ് പരിശോധനയിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു. മലത്തിലൂടെ പുറത്തുവരുന്നമെന്നും അതുവരെ പരിഭ്രാന്തനാവാതെ കാത്തിരിക്കാനുമായിരുന്നു ഡോക്ടർമാരുടെ നിർദ്ദേശം. ഇതിൽ പരാജയപ്പെട്ടാൽ മാത്രമേ ശസ്ത്രക്രിയ നടത്തൂ എന്നും ഡോക്ടർമാർ അറിയിച്ചു. വയറിളക്കി ഹെഡ് സെറ്റ് പുറത്തെടുക്കാനുള്ള ഡോക്ടർമാരുടെ ആദ്യശ്രമംതന്നെ വിജയത്തിലെത്തുകയായിരുന്നു.