തിരുവനന്തപുരം: റംസാൻ വ്രതാരംഭത്തിന് തുടക്കം കുറിച്ചതോടെ അള്ളാഹുവിന്റെ അനുഗ്രഹവും ഉപ്പയുടെ കൈപ്പുണ്യവുമായി നോമ്പ് കഞ്ഞി തയ്യാറാക്കുന്ന തിരക്കിലാണ് വട്ടിയൂർക്കാവ് നിയാസ് മൻസിലിൽ ആഷിഫ് എന്ന ഇരുപത്തേഴുകാരൻ. പ്രശസ്തമായ പാളയം പള്ളിയിൽ പതിറ്റാണ്ടുകളായി ഔഷധക്കഞ്ഞി ഉണ്ടാക്കി നൽകിയിരുന്ന വട്ടിയൂർക്കാവ് സ്വദേശി മുഹമ്മദ് ഹനീഫയുടെ മരണശേഷമാണ് ചെറുമകനായ ആഷിഫ് ഈ ദൗത്യം ഏറ്റെടുത്തത്.നാല് പതിറ്റാണ്ടുകളായി പാളയം പള്ളിയിൽ ഔഷധക്കഞ്ഞി പകർന്ന ഹനീഫയുടെ സഹായിയായിരുന്ന പരിചയമാണ് തനിക്ക് പ്രചോദനമായതെന്ന് ചെറുമകനായ ആഷിഫ് പറയുന്നു.
ഉപ്പയുടെ മരണശേഷം കഴിഞ്ഞ രണ്ട് നോമ്പുകാലത്തും ആഷിഫായിരുന്നു പാളയം പള്ളിയിൽ ഔഷധക്കഞ്ഞി തയ്യാറാക്കിയത്. നോമ്പുതുറ സമയത്ത് നഗരത്തിലുള്ള നോമ്പുകാരിൽ ഏറെപ്പേരും മഗ്‌രിബ് നമസ്‌കാരത്തിനെത്തുന്നത് പാളയം പള്ളിയിലാണ്. ഐ.ആർ.എട്ട് പച്ചരി ഉപയോഗിച്ച് വിറക് അടുപ്പിലാണ് ആഷിഫ് ഔഷധഗുണമേറെയുള്ള നോമ്പുകഞ്ഞി തയ്യാറാക്കുന്നത്. ചുക്ക്, കുരുമുളക്, ഏലക്ക, ഗ്രാമ്പു, കറുവപ്പട്ട, മുക്കോലം, ഉടച്ച പയറ്, സവാള, ചെറിയ ഉള്ളി, വെളുത്തുള്ളി, തൊണ്ടൻമുളക്, വറ്റൽ മുളക്, പെരുംജീരകം, മഞ്ഞപ്പൊടി, തക്കാളി, മല്ലിയില, പുതിനയില, ഉലുവ, നെയ്യ്, വെളിച്ചെണ്ണ, തേങ്ങ തുടങ്ങിയ ചേരുവകൾ ചേർത്തതാണ് നോമ്പ്കഞ്ഞി തയാറാക്കുന്നത്. ഇതിൽ തേങ്ങയും മറ്റും അരച്ചും മറ്റ് ചേരുവകൾ ചതച്ചുമാണ് ചേർക്കുന്നത്.
ചെറുപയറും മരച്ചീനി പുഴുക്കും ഒന്നിടവിട്ട ദിവസങ്ങളിൽ കഞ്ഞിക്ക് കൂട്ടിനുണ്ട്. 1500 മുതൽ 2000 പേർക്ക് വരെ കഴിക്കാവുന്ന കഞ്ഞിയാണ് തയ്യാറാക്കുന്നത്. സഹായത്തിന് സഹോദരൻ ആരിഫും കൊച്ചാപ്പ നാസറും കൂടെയുണ്ട്. സ്പെഷ്യൽ ദിവസങ്ങളിൽ ഇറച്ചിയും നെയ്ച്ചോറും തയ്യാറാക്കുന്നതും ആഷിഫ് തന്നെ. ഇതിന് പുറമേ നോമ്പുകാലത്ത് രാത്രി നാസറിന്റെ നേതൃത്വത്തിൽ അത്താഴവും ഇവിടെ തയ്യാറാണ്. സൗദിയിൽ ഷെഫായ നാസർ ഓരോദിവസവും ഓരോതരം വിഭവങ്ങളാണ് അത്താഴത്തിന് തയ്യാറാക്കുന്നത്.