കിളിമാനൂർ: പഴയകുന്നുമ്മൽ പഞ്ചായത്ത് ഓഫീസിന്റെ മൂക്കിന് താഴെയുള്ള പഞ്ചായത്ത് ലോഡ്ജിലെ ഏഴാം നമ്പർ മുറിക്ക് ഇനിയും ശാപമോക്ഷമായില്ല. മൂന്ന് പതിറ്റാണ്ട് മുൻപ് ലക്ഷങ്ങൾ മുടക്കിയാണ് പഞ്ചായത്ത് ഓഫീസിന് സമീപം പഴയ എം.സി. റോഡരികിലായി ഷോപ്പിംഗ് കോപ്ലക്സ് കം ലോഡ്ജ് നിർമ്മിച്ചത്. വിശാലമായ ആറ് കടമുറികളും മുകളിലായി 12 ലോഡ്ജ് മുറികളും ഇതിലുണ്ട്.
ലോഡ്ജിൽ സൗകര്യമില്ലാത്തതിനാൽ പഞ്ചായത്ത് ഓഫിസിനോട് ചേർന്നുള്ള ടോയ്ലറ്റിനെയാണ് ലോഡ്ജ്‌വാസികൾ ആശ്രയിക്കുന്നത്. പഞ്ചായത്ത് ഓഫീസിന്റെ ഗേറ്റ് പൂട്ടി കഴിഞ്ഞാൽ പ്രസ്തുത ടോയ്ലെറ്റിലേക്കുള്ള മാർഗവും അടയും. അത്യാവശ്യ ഘട്ടങ്ങളിൽ ലോഡ്ജിൽ പ്രവർത്തിക്കുന പോസ്റ്റാഫീസിന്റെ ഇടനാഴിയിലെ മറവിലാണ് ചിലർ കാര്യങ്ങൾ സാധിക്കുന്നത്. പോസ്റ്റാഫീസിലെ ജീവനക്കാർ ഇത് കാരണം മൂക്ക് പൊത്തിയിരിക്കേണ്ട അവസ്ഥയാണ്. രണ്ട് വർഷം മുൻപ് ഇലക്ട്രിക് ഷോർട്ട് സർക്യുട്ട് കാരണം ലോഡ്ജിൽ തീപിടിത്തമുണ്ടായി രണ്ട് മുറികൾക്ക് നാശനഷ്ടം സംഭവിച്ചു. തുടർന്ന് ലക്ഷങ്ങൾ മുടക്കി ലോഡ്ജ് നവീകരിച്ചു എങ്കിലും ആൾപാർപ്പില്ലാത്ത ലോഡ്ജിലെ ഏഴാം നമ്പർ മുറിയെ ഒഴിവാക്കുകയായിരുന്നു. ജനലുകളും വാതിലും തകർന്നു കിടക്കുന്ന ഈ മുറിയിലെ അവസ്ഥ അതീവ ദയനീയമാണ്. ഒടിഞ്ഞ കസേരകളും, കട്ടിലും, അലമാരയും കുന്നുകൂടി കിടക്കുന്ന മുറി സാമൂഹ്യ വിരുദ്ധരുടെ താവളമായിട്ടുണ്ട്. ചപ്പുചവറുകളും, മദ്യ കുപ്പിയും നിറഞ്ഞ ഇവിടെ വിഷപാമ്പുകളും അന്തേവാസികൾ ആയിട്ടുണ്ട്. ലോഡ്ജ് വാസികളുടെ ജീവനും ഇവ ഭീഷണി ഉയർത്തുന്നു. ലോഡ്ജിന്റെയും ഈ മുറിയുടെയും ദുരവസ്ഥ ചൂണ്ടിക്കാട്ടി സെപ്റ്റംബർ 21 ന് അപകടകരമായ പഞ്ചായത്ത് ലോഡ്ജിലെ ഏഴാം നമ്പർ മുറി പാമ്പുകൾ കീഴടക്കി എന്ന തലകെട്ടിൽ കേരളകൗമുദി വാർത്ത നൽകിയിരുന്നു. ഇതേ തുടർന്ന് അടിയന്തരമായി മുറി വൃത്തിയാക്കുന്നതിന് നടപടി സ്വീകരിക്കും എന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞെങ്കിലും യാതൊരു നടപടിയും ഇനിയും സ്വീകരിച്ചിട്ടില്ല. അടിയന്തരമായി ഈ മുറി നവീകരിക്കുകയും, ലോഡ്ജു വാസികൾക്കായി ടോയ്ലറ്റ് സംവിധാനം ഒരുക്കുകയും വേണമെന്നാണ് ലോഡ്ജ്വാസികളുടെ ആവശ്യം.