തിരുവനന്തപുരം: കൺസ്യൂമർഫെഡിന്റെ സ്റ്റുഡന്റ് മാർക്കറ്റ് സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കാനിരുന്നതായിരുന്നു.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ വിലക്കിനെത്തുടർന്ന്
പുത്തരിക്കണ്ടത്ത് ഇന്നലെ വൈകിട്ട് നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയും അദ്ധ്യക്ഷനാകേണ്ടിയിരുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രനും പങ്കെടുത്തില്ല. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഉദ്ഘാടന ചടങ്ങു നടന്നു.
ടിക്കാറാം മീണയുടെ നടപടിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് കടുത്ത അതൃപ്തിയുള്ളതായി അറിയുന്നു. കള്ളവോട്ടുമായി ബന്ധപ്പെട്ട ടിക്കാറാം മീണയുടെ നടപടികളിൽ സി.പി.എം സംസ്ഥാന നേതൃത്വത്തിന് നേരത്തേ അമർഷമുണ്ട്. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇത് പൊതു അഭിപ്രായമായി ഉയരുകയും ചെയ്തു. ലീഗിന് അനുകൂലമായ നിലപാട് സ്വീകരിച്ചപ്പോൾ, പാർട്ടിയോട് പക്ഷപാതപരമായി പെരുമാറിയെന്നായിരുന്നു ആക്ഷേപം. ഇന്നലത്തെ നടപടികൂടിയായതോടെ സി.പി.എമ്മിന് മീണയോടുള്ള അകൽച്ച കൂടി. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലും ശരിയായ വിധത്തിലുള്ള അപേക്ഷ ലഭിക്കാഞ്ഞതിനാലുമാണ് അനുമതി നൽകാതിരുന്നതെന്ന് ടിക്കാറാം മീണ വിശദീകരിച്ചു.
600 കേന്ദ്രങ്ങൾ വഴി വിദ്യാർത്ഥികൾക്ക് പഠന സാമഗ്രികൾ കുറഞ്ഞ വിലയ്ക്ക് നൽകാനാണ് കൺസ്യൂമർഫെഡ് സ്റ്രുഡന്റ് മാർക്കറ്റ് തുടങ്ങുന്നത്. ചടങ്ങിന് ഔദ്യോഗികമായി തിരഞ്ഞെടുപ്പ് ഓഫീസറുടെ അനുമതി തേടിയിരുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നു.
പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ മുഖ്യമന്ത്രിയുടെ ഉദ്ഘാടന ചടങ്ങിന് അനുമതി നിഷേധിച്ച ടിക്കാറാം മീണയുടെ നടപടി അംഗീകരിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു.
മുഖ്യമന്ത്രിക്ക് അനുമതി
നിഷേധിച്ചില്ലെന്ന് മീണ
സ്റ്രുഡന്റ് മാർക്കറ്റ് ഉദ്ഘാടന ചടങ്ങിന് മുഖ്യമന്ത്രിക്ക് അനുമതി നിഷേധിച്ചെന്ന പ്രചാരണം ശരിയല്ലെന്ന് ടിക്കാറാം മീണ പറഞ്ഞു. പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാൻ അനുമതി തേടി കൺസ്യൂമർഫെഡ് എം.ഡിക്ക് വേണ്ടി ഒരു ജൂനിയർ ഉദ്യോഗസ്ഥൻ ഒപ്പുവച്ച കത്താണ് ഇലക്‌ഷൻ വിഭാഗത്തിൽ ലഭിച്ചത്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യേണ്ടത് അനിവാര്യമാണെങ്കിൽ ചീഫ് സെക്രട്ടറിയോ സഹകരണ വകുപ്പ് സെക്രട്ടറിയോ ശുപാർശ നൽകിയാൽ പരിഗണിക്കുമെന്ന് കാട്ടി കത്തു നൽകിയിരുന്നു. എന്നാൽ ഇതിന് മറുപടി ലഭിച്ചില്ല.