selfie

മിലൻ: സെൽഫിയിലൂടെ ഇങ്ങനെയൊരു പണികിട്ടുമെന്ന് ഇറ്റലിയുടെ തീവ്ര വലതുപക്ഷക്കാരനായ ആഭ്യന്തര മന്ത്രിയും സ്വവർഗ അവകാശ വിരുദ്ധനുമായ മാറ്റൊ സിൽവിനി സ്വപ്നത്തിൽപ്പോലും വിചാരിച്ചുകാണില്ല. സ്വർവഗ അവകാശ പ്രവർത്തകരായ രണ്ട് യുവതികളാണ് ചുംബന സെൽഫിയിലൂടെ മന്ത്രിക്കിട്ട് പണിതത്. കാൾട്ടണിസെറ്റയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടയിലാണ് സുഹൃത്തുക്കളായ ഗിയ പാരീസി, മാൾഡെഡ് റിസ്സോ എന്നീ യുവതികൾ സിൽവിനിയെ സെൽഫിക്കുവേണ്ടി സമീപിച്ചത്. സന്തോഷത്തോടെ അദ്ദേഹം സെൽഫിയെടുക്കാൻ അനുമതിയും കൊടുത്തു. എന്നാൽ സിൽവിനി സെൽഫിയെടുക്കുമ്പോൾ യുവതികൾ പരസ്പരം ചുംബിക്കുകയായിരുന്നു. യുവതികളുടെ പ്രവൃത്തിയിൽ അദ്ദേഹം അമ്പരന്നുപോയി. ഗിയ പാരീസി സെൽഫികൾ അപ്പോൾത്തന്നെ ട്വിറ്ററിൽ പോസ്റ്റുചെയ്തു. ഭരണകൂടത്തിനെതിരെയുള്ള വിമർശനങ്ങൾ അറിയിക്കുവാൻ എല്ലാവഴികളും ഉപയോഗിക്കുമെന്നും മന്ത്രിമാർ ഉപയോഗിക്കുന്ന മാദ്ധ്യമങ്ങളിലൂടെ തന്നെയാണ് തങ്ങൾ അവരെ വിമർശിക്കുന്നതെന്നുമുള്ള അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റുചെയ്തത്. നിമിഷങ്ങൾക്കകം ചിത്രം വൈറലായി. അതോടെ പെൺകുട്ടികൾക്ക് ആശംസകൾ അറിയിച്ചു കൊണ്ട് സിൽവിനി ഫോട്ടോ റീട്വിറ്റ് ചെയ്തു. സ്വവർഗാനുകൂലികൾക്ക് പ്രത്യേക അവകാശങ്ങൾ നൽകുന്നതിൽ സിൽവിനി എതിരായിരുന്നു. ഗർഭപാത്രം വാടകയ്ക്ക് കൊടുക്കുന്നതിനെതിരെയും സിൽവിനി ശക്തമായ നിലപാടെടുത്തിരുന്നു. അച്ഛനും, അമ്മയുമില്ലാത്ത കുട്ടികൾ ഉണ്ടാവാതിരിക്കാൻ നോക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണെന്നും അതിനാൽ ഗർഭപാത്രം വാടകയ്ക്ക് നൽകുന്നത് കുറ്റമാണെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്.