വിശുദ്ധമായ റംസാൻ വിശ്വാസികൾക്ക് ആത്മീയതയുടെ വസന്തകാലമാണ്. സത്യമതത്തിന്റെ സകല സന്ദേശങ്ങളും നന്മകളും മേന്മകളും വിശ്വാസികളുടെ ലോകത്ത് ഈ പുണ്യമാസത്തിൽ പൂത്തുലഞ്ഞു കാണപ്പെടുന്നു. വിശുദ്ധിയുടെ ഈ രാപ്പകലുകളിൽ സത്യദീനിന്റെ ജീവിതപാഠങ്ങൾ നാട്ടിൽ നിന്നും വീട്ടിൽ നിന്നും കൊച്ചുകുട്ടികൾ വരെ അറിയുകയും പരിചയിക്കുകയും ചെയ്യുന്നു. നിഷ്പക്ഷമായി ചിന്തിച്ചാൽ, റംസാൻ മാസത്തെ ഇത്രമേൽ മഹത്വവത്കരിക്കുന്നതും നന്മകളാൽ സമൃദ്ധവും സമ്പന്നവുമാക്കുന്നതും ഈ പുണ്യമാസത്തിലെ പ്രധാന കർമ്മപരിപാടിയായ വ്രതമാണ്. ഇത് വ്രതം മാത്രമല്ല, രോഗശമനവുമാണ്. ഈ മാസത്തിലെ വ്രതാനുഷ്ഠാനത്തിലൂടെ സമൂഹത്തിലെ സകലരും ക്രിയാത്മകമായ മാറ്റത്തിനു വിധേയരായിത്തീരുന്നു. റംസാൻ ഗുണപരമായ പരിവർത്തനം വിശ്വാസികളിൽ സംജാതമാക്കുന്നു. ബഹുവിധ ഗുണമേന്മകളും ഫലങ്ങളും പ്രധാനം ചെയ്യുന്ന ഈ വ്രതമാസത്തിൽ വിശ്വാസികൾക്ക് ലഭിക്കുന്ന ചില നേട്ടങ്ങളെ ഇവിടെ മനസിലാക്കാം.
ഒരു മാസം നീണ്ടുനിൽക്കുന്ന വ്രതാനുഷ്ഠാനത്തിലൂടെ ഭക്തിനിർഭരമാകുന്ന റംസാനിൽ സത്യവിശ്വാസികൾക്ക് ആത്മീയ വ്യക്തിത്വം രൂപപ്പെടുത്താനും അതിലൂടെ ശരിയായ വിജയവഴിയിൽ സഞ്ചരിക്കാനും സാധിക്കുന്നു. മനുഷ്യനെ മൃഗസമാനമാക്കി അധഃപതിപ്പിക്കുന്ന ഭൗതികമായ സുഖാനുഭൂതികളിൽ വീണു കുരുങ്ങി കഷ്ടപ്പെട്ടും നഷ്ടപ്പെട്ടും കഴിയുന്നവരെ പുണ്യമാസം അതിന്റെ നന്മയുടെ വെള്ളവും, വളവും നൽകി ഉത്തമ പൗരന്മാരാക്കുന്നു.
ഈ പരിശുദ്ധ റംസാനിൽ രൂപപ്പെടുന്ന നന്മയുടെ കൂട്ടായ്മകൾ കാണുകയും ഓരോ വിശ്വാസികളും അതിൽ പങ്കാളികളാകുകയും ചെയ്യുന്നു. മനസ് വിശാലമാകുകയും കൈകൾ ഉദാരമാകുകയും ചെയ്യുന്നു. സക്കാത്ത്, ഫിത്ർ സക്കാത്ത് എന്നിങ്ങനെയുള്ള സാമൂഹ്യ ഉത്തരവാദിത്വങ്ങൾ റംസാനിൽ വിശ്വാസി ശരിയായി മനസിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നു. ഇല്ലായ്മയിലും വല്ലായ്മയിലും അകപ്പെട്ട് കഴിയുന്നവരോട് മനസാവാചാ കർമ്മണാ ഓരോ വിശ്വാസിയും അനുകമ്പ കാണിക്കുന്നു. വർഷത്തിൽ ചെയ്തുകൂട്ടുന്ന പാപങ്ങളെല്ലാം കരിച്ചുകളയുന്ന മാസമാണ് പുണ്യ റംസാൻ. തിരിച്ചറിവുള്ള മനുഷ്യസമൂഹം ഖേദിച്ചുമടങ്ങാൻ വേണ്ടി സർവശക്തനായ അള്ളാഹു കനിഞ്ഞു അനുഗ്രഹിച്ചു തന്നിട്ടുള്ള മാസമാണ് റംസാൻ. ഒന്നിന് എഴുപത് നന്മ. യഥാർത്ഥ നിഷ്കളങ്കമായ മനസോടുകൂടി ഖേദിച്ചു മടങ്ങി പാപമോചനത്തിനുവേണ്ടി കേണപേക്ഷിച്ചാൽ ഔദാര്യം നിറഞ്ഞ രക്ഷിതാവു പൊറുത്തും, പൊരുത്തപ്പെട്ടും രക്ഷിക്കുക തന്നെ ചെയ്യും. തിന്മകൾക്കെതിരെ ഒരു മുന്നേറ്റം നടത്താനും റംസാൻ ഉപകാരപ്പെടുന്നു.
നോമ്പുകാരന് അന്നപാനാദികൾക്കൊപ്പം കളവും കുറ്റകൃത്യങ്ങളും പ്രത്യേകം വിലക്കപ്പെടുമ്പോൾ തിന്മകളിൽ അകപ്പെടാതെ സുരക്ഷിതത്വം നേടാൻ ഓരോ വ്രതനാളിലും വിശ്വാസിക്ക് കരുത്ത് ലഭിക്കുന്നു. നോമ്പ് പരിചയാണെന്ന് തിരുനബി (സ) വ്യക്തമാക്കിയിട്ടുണ്ട്. തിന്മകൾക്കെതിരെ ഈ മുന്നേറ്റം പുണ്യമാസത്തിന്റെ മറ്റൊരു നേട്ടം തന്നെ. തഖ്വക്ക് കരുത്ത് പകരുന്നുവെന്നതാണ് റംസാസിലെ മറ്റൊരു നേട്ടം ജീവിതം മതവിധി അനുസരിച്ച് ദൈവപ്രീതി നേടിയിരിക്കേണ്ടത് മനുഷ്യന് ഇഹപര വിജയത്തിന് അനിവാര്യമാണ്. സത്യവിശ്വാസികളേ നിങ്ങളുടെ പൂർവികരുടെ മേൽ നിർബന്ധമാക്കപ്പെട്ടതുപോലെ നിങ്ങളുടെ മേലും നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. (ഖുർ ആൻ) പുണ്യമാസത്തിൽ നേടിയെടുക്കാൻ സാധിക്കുന്ന മറ്റൊരു നേട്ടമാണ് നാവിന് നിയന്ത്രണം. തഖ്വാ ജീവിതത്തിനും ജീവിതവിജയത്തിനും നാവിന് എന്നും നിയന്ത്രണമേർപ്പെടുത്തേണ്ടതുണ്ട്. പുണ്യ റംസാനിൽ ഇത് എളുപ്പം സാദ്ധ്യമാകുന്നു. നാവിൽ ദിക്റും, ഖുർആനും കടന്നുവരുമ്പോൾ അത് വലിയ അനുഗ്രഹമായിത്തീരുകയും ചെയ്യുന്നു. വിശുദ്ധ റംസാൻ ഖുർആൻ വേദഗ്രന്ഥത്തിന്റെ മാസം കൂടിയാണ്. ഈ പുണ്യമാസത്തിലാണല്ലോ സർവശക്തൻ അവന്റെ അന്തിമവേദഗ്രന്ഥമവതരിപ്പിച്ചത്. പാപമോചനത്തിന്റെ മാസം ബഹുമാനിച്ചുകൊണ്ട് അള്ളാഹുവിന്റെ വിധിവിലക്കുകൾ അനുസരിച്ചു പ്രവാചക ശിരോമണിയുടെ തിരുസുന്നത്തിനെ പിൻപറ്റി ഭയഭക്തിയോടുകൂടി ജീവിതശൈലിയിൽ പ്രവേശിച്ചാൽ ഇരുലോകത്തും വിജയകരമായിരിക്കും. അതിന്റെ വെളിച്ചമാണ് ആകാശത്തിൽ നിന്നും ഇറങ്ങിവരുന്ന അനുഗ്രഹം. അള്ളാഹു ദാനമായി തരുന്ന വിശുദ്ധ റംസാൻ മാസം, നാമേവരുടേയും പാപങ്ങൾ റബ്ബ് പൊറുത്തു തരട്ടെ.
(സമസ്ത കേരള എസ്.വൈ.എസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റാണ് ലേഖകൻ ഫോൺ: 9746148715.)