incredible-news

വാഷിംഗ്ടൺ: വാലിലുകളില്ലാത്ത തന്റെ വീടിനെക്കുറിച്ച് മോഡലും ടെലിവിഷൻ താരവുമായ കിംകർദിഷിയാൻ പുറത്തുവിട്ട ചിത്രങ്ങളും വാർത്തകളും ലോക മാദ്ധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ചെറിയൊരിടവേളകഴിഞ്ഞ് ഇപ്പോഴിതാ കിമ്മിന്റെ വീട്ടുവിശേഷം വീണ്ടും ചർച്ചയാവുകയാണ്. വീട്ടിലെ ബാത്ത് റൂമിലെ സിങ്കിനെക്കുറിച്ചാണ് ഇപ്പോഴത്തെ ചർച്ച. കാഴ്ച്ചയിലെ വ്യത്യസ്തതയും സിങ്കിന്റെ വിലയും ആരുടെയും കണ്ണുതള്ളിക്കും.

സാധാരണ കാണുന്ന സിങ്കിന്റെ രൂപമേ അല്ല ഇതിന് . ബേസിൻ ഇല്ല എന്നതു മാത്രമല്ല ഒറ്റനോട്ടത്തിൽ നീളത്തിലൊരു ടേബിളും അതിനു മുകളിൽ രണ്ടു പൈപ്പും വച്ചിരിക്കുകയാണെന്നേ തോന്നൂ. സൂക്ഷിച്ചുനോക്കിയാലും ഒന്നും പിടികിട്ടില്ല. ഇതാണ് സിങ്കെന്നറിയുമ്പോൾ ശരിക്കും ഞെട്ടും. ഒരേ നിരപ്പിലുള്ള ഇതിൽവച്ച് പാത്രംകഴുകിയാൽ വെള്ളം പുറത്തോട്ടു തെറിക്കില്ലേ എന്നായിരുന്നു മിക്കവർക്കും സംശയം. ഇതിന്റെ പ്രവർത്തനം വിശദീകരിച്ചുള്ള വീഡിയാേ കണ്ടതോടെ സംശയം പമ്പകടന്നു. സിങ്കിന്റെ പ്രതലത്തിലുള്ള ദ്വാരത്തിലൂടെയാണ് പാത്രംകഴുകുന്ന വെള്ളം താഴേക്കുപോകുന്നത്. വെള്ളം തെറിക്കുന്ന പ്രശ്നമേ ഇല്ല.

സംശങ്ങളെല്ലാം തീർന്നപ്പോൾ സിങ്കിന്റെ വിലയെക്കുറിച്ചായി അന്വേഷണം. പതിനെട്ടുലക്ഷമാണത്രേ ഇതിന്റെ വില. 2014ൽ 138 കോടി മുടക്കിയാണ് കിമ്മും ഭർത്താവും ഇൗ വീട് സ്വന്തമാക്കിയത്. നവീകരണ പ്രവർത്തനങ്ങൾക്കുശേഷം 2017ലാണ് ഇൗ വീട്ടിലേക്ക് താമസം മാറിയത്. നാനൂറ്റിപ്പതിനഞ്ച് കോടിയാണ് ഇപ്പോൾ വീടിന്റെ മൂല്യം.