flyover

തിരുവനന്തപുരം: കഴക്കൂട്ടം - കാരോട് ബൈപാസിന്റെ നിർമ്മാണം അവസാന ലാപ്പിലേക്ക് കടന്നു. അണ്ടർപാസുകളും സമാന്തര റോഡുകളുമടക്കം ഏറെക്കുറെ പൂർത്തിയാക്കിയ നിർമ്മാണത്തിലെ പ്രധാന ഘട്ടമായ ചാക്ക ഫ്ളൈഓവറിനുള്ള ഗർഡറുകൾ സ്ഥാപിക്കുന്ന നടപടി ആരംഭിച്ചു. ചാക്ക റെയിൽവേ ഓവർബ്രിഡ്‌ജി‌ൽ തുടങ്ങി ഈഞ്ചയ്ക്കൽ വരെയെത്തുന്ന മേല്പാലത്തിന് വേണ്ടിയുള്ള ഗർഡറുകളാണ് സ്ഥാപിക്കാൻ തുടങ്ങിയത്. ക്രെയിനിന്റെ സഹായത്തോടെയാണ് ഓരോ ഗർഡറുകളും ഉറപ്പിക്കുന്നത്. ഇതോടെ റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്. ചാക്കയിൽ നിലവിലെ സിഗ്നൽ പോയിന്റിൽ വാഹനങ്ങൾ ഏറെ നേരം കാത്തിരിക്കേണ്ട അവസ്ഥയാണ്. പേട്ട ഭാഗത്തുനിന്ന് വിമാനത്താവളത്തിലേക്ക് പോകുന്ന വാഹനങ്ങൾ കുരുക്കിൽപ്പെടുന്നതും പതിവായി. റോ‌ഡിൽ അലക്ഷ്യമായി നിർമ്മാണ സാമഗ്രികൾ ഇറക്കിയിടുന്നതും ഏറെ അപകടത്തിന് കാരണമാകുന്നുണ്ട്. ടെക്നോപാർക്കിന് സമീപം റോഡിലിട്ടിരുന്ന കമ്പി കാലിൽ തുളച്ചുകയറി കഴിഞ്ഞ ദിവസം രാത്രിയിൽ ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടയിൽ തുളച്ചുകയറിയ കമ്പി ഫയർഫോഴ്സ് എത്തിയാണ് മുറിച്ചുമാറ്റിയത്. ഗതാഗത കുരുക്കുള്ള പേട്ടയിൽ നിലവിൽ ഒരു ഹോം ഗാർഡിന്റെ സേവനമാണ് ലഭിക്കുന്നത്. നിർമ്മാണം തുടങ്ങിയത് മുതൽ നാലുറോഡുകൾ ഒന്നുചേരുന്ന ചാക്കയിലെ സിഗ്നൽ പോയിന്റിൽ ഗതാഗതക്കുരുക്ക് പതിവായിരുന്നു.

ടാറിംഗ് 80% പൂർത്തിയായി

--------------------------------------------

ബൈപാസിൽ മേല്പാലങ്ങൾ, അടിപ്പാതകൾ, സമാന്തര റോഡുകൾ, മീഡിയൻ അറ്റകുറ്റപ്പണികൾ, പാർശ്വഭിത്തി നിർമ്മാണം തുടങ്ങിയ ജോലികളാണ് നടക്കുന്നത്. ഗർഡറുകൾ സ്ഥാപിച്ചുകഴിഞ്ഞ ശേഷം മാത്രമേ അതിന് മുകളിൽ സ്ളാബ് നിർമ്മിക്കാൻ കഴിയൂ. കഴക്കൂട്ടം - മുക്കോല പാതയിൽ 80 ശതമാനത്തോളം ടാറിംഗ് പൂർത്തിയായിട്ടുണ്ട്. ടാറിംഗ് കഴിഞ്ഞ ഭാഗങ്ങൾ റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തിട്ടുണ്ട്. ചിലയിടങ്ങളിൽ രണ്ടാംഘട്ട ടാറിംഗ് പുരോഗമിക്കുകയാണ്. ഈ വർഷാവസാനം നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യം