എം.എൽ.എ ശ്രീനിവാസ കിടാവ്.
പ്രജീഷ്.
ചന്ദ്രകല.
ആ മൂന്നുപേർ അവരായിരുന്നു.
''നമുക്ക് അങ്ങോട്ട് മാറിനിൽക്കാം. അഥവാ പാഞ്ചാലി നമ്മളെ കണ്ടാൽ സംഗതി പാളും."
ചന്ദ്രകല പറഞ്ഞു.
''അത് നേരാ." കിടാവും സമ്മതിച്ചു.
പിൻതിരിഞ്ഞ് മൂവരും ടീ -സ്റ്റാളിൽ പ്രവേശിച്ചു.
ചായയ്ക്ക് ഓർഡർ നൽകി.
പ്രജീഷിന്റെ കയ്യിൽ ഒരു ചെറിയ ബാഗ് ഉണ്ടായിരുന്നു....
6 മണി.
വാച്ചർ, പാറപ്പുറത്ത് കളിക്കുകയും വെള്ളത്തിൽ ചാടിത്തിമിർക്കുകയും ചെയ്യുന്നവർക്ക് അടുത്തെത്തി.
''മതി. ഇനി നിങ്ങൾ മടങ്ങണം. ടൂറിസ്റ്റുകൾക്ക് ഇവിടെ തങ്ങാനുള്ള സമയം കഴിഞ്ഞു."
ആളുകൾ വളരെ സാവധാനത്തിൽ മടങ്ങിത്തുടങ്ങി.
വാച്ചർ, സൂസനെ നോക്കി ഒന്നു കണ്ണിറുക്കി.
''നമുക്കും പോകണ്ടേ ആന്റീ?" പാഞ്ചാലി സൂസനു നേരെ തിരിഞ്ഞു.
''കുറച്ച് സമയം കൂടി ഇവിടെയിരിക്കാം. വാച്ചർ വന്ന് പോകാൻ പറയുന്നതുവരെ..."
പാഞ്ചാലി അപ്പോഴും വിവേകിനോട് എന്തൊക്കെയോ ചോദിക്കുകയും പരസ്പരബന്ധമില്ലാതെ എന്തൊക്കെയോ അവൻ പിറുപിറുക്കുകയും ചെയ്തു.
ഇപ്പോൾ അവർ മൂന്നുപേരുമല്ലാതെ മറ്റാരും അവിടെയില്ല.
സൂസൻ മുകളിലേക്കു നോക്കി.
ശ്രീനിവാസ കിടാവും ചന്ദ്രകലയും പ്രജീഷും താഴേക്കു വരുന്നതു കണ്ടു.
''പാഞ്ചാലീ.. അത് നോക്ക്."
സൂസൻ മുകളിലേക്കു കൈചൂണ്ടി.
പാഞ്ചാലി ഞെട്ടി വിറച്ചു.
''ആന്റീ... എന്തു ചെയ്യും? ഞങ്ങളെ ഒന്നിച്ച് ഇവിടെ കണ്ടാൽ മമ്മി..."
''നിങ്ങള് ഒരു കാര്യം ചെയ്യ്. ദാ. ആ പാറയ്ക്ക് അപ്പുറത്ത് പോയി നിൽക്ക്. അവരെ ഞാൻ മാനേജ് ചെയ്തോളാം."
സൂസൻ തിടുക്കപ്പെട്ടു.
''വേഗം പോ..."
മറ്റൊന്നും ചിന്തിച്ചില്ല പാഞ്ചാലി.
''വാ വിവേകേ..."
അവന്റെ കൈ പിടിച്ചുകൊണ്ട് അവൾ പാറയിടുക്കിലേക്ക് ഇറങ്ങി. അവിടെ നിന്നാൽ അപ്പുറത്തു വരുന്ന ആർക്കും കണ്ടെത്താൻ കഴിയില്ല.
എന്നാൽ തൊട്ടടുത്തുകൂടി വെള്ളം പതിനഞ്ചടിയോളം താഴ്‌ചയുള്ള ഭാഗത്തേക്ക് കുത്തിവീഴുകയാണ്...
ഒന്നു കാൽ വഴുതിയാൽ മതി അവിടേക്ക് പതിക്കാൻ.
''വിവേക് .... അനങ്ങാതെ നിന്നോണേ...."
അവന്റെ കയ്യിൽ പിടിച്ചുകൊണ്ട് അവൾ പാറയിലേക്ക് ചാരിനിന്നു.
ചന്ദ്രകലയും പ്രജീഷും കിടാവും സൂസന്റെ അടുത്തെത്തി.
''അവർ എന്തിയേ?"
ചന്ദ്രകല ശബ്ദം താഴ്‌ത്തി.
സൂസൻ താഴെയുള്ള പാറയ്ക്കു നേരെ കൈ ചൂണ്ടി.
ആ സമയം വാച്ചറും അങ്ങെത്തി.
''അപ്പോൾ പറഞ്ഞതുപോലെ താൻ ഫോണുമായി പറ്റിയ സ്ഥലത്തേക്ക് മാറിനിന്നോ. ഞാൻ പറഞ്ഞ സമയം മുതൽ വീഡിയോ പിടിച്ചോണം."
കിടാവ്, വാച്ചറെ ഓർമ്മപ്പെടുത്തി.
അയാൾ മറുഭാഗത്തുകൂടി താഴേക്കു നടന്നു.
കരയിൽ, നദിയിലേക്ക് തള്ളിനിൽക്കുന്ന ഒരുകൂറ്റൻ പാറയുണ്ടായിരുന്നു.
വാച്ചർ അതിനു പിന്നിൽ ഒളിച്ചിട്ട് പാഞ്ചാലിയും വിവേകും നിൽക്കുന്ന ഭാഗത്തേക്ക് നോക്കി.
പറ്റിയ സ്ഥലം!
നേരം സന്ധ്യയാകുന്നു.
വനത്തിൽ ഇരുൾ വ്യാപിച്ചു തുടങ്ങി.
''ഇനി ചെല്ല് പ്രജീഷേ.."
കിടാവു പറഞ്ഞു.
പ്രജീഷ് തന്റെ ബാഗു തുറന്നു. അതിൽ സൂക്ഷിച്ചിരുന്ന രണ്ടുലിറ്റർ പെട്രോൾ അടങ്ങിയ കുപ്പി പുറത്തെടുത്തു.
പിന്നെ ഒരു മാച്ച് ബോക്സും.
തുടർന്ന് പാഞ്ചാലിയും വിവേകും നിൽക്കുന്ന പാറയുടെ മുകളിലെത്തി താഴേക്കു നോക്കി.
ഇരുവരും പാറയിൽ പറ്റിച്ചേർന്നു നിൽക്കുകയാണ്.
പെട്രോൾ ഒഴിച്ചാൽ രണ്ടുപേരുടെയും ശരീരത്തിൽ വീഴും. അത് പാടില്ല.
പ്രജീഷ് പെട്രോൾ നിറച്ച കുപ്പിയുടെ അടപ്പു തുറന്നു.
പിന്നെ അത് താഴേക്കു കമിഴ്‌ത്തി. പാഞ്ചാലിയുടെ തലയിലേക്ക്....
''ങ്‌ഹേ?"
പാഞ്ചാലി ഞെട്ടിത്തിരിച്ച് മുകളിലേക്കു നോക്കി.
പ്രജീഷിനെ കണ്ട് അവൾ ഒന്നുകൂടി കിടുങ്ങി. എങ്കിലും ചീറി.
''നിങ്ങൾ എന്താണീ കാണിച്ചത്?"
''കാണിച്ചില്ലല്ലോ. കാണിക്കാൻ പോകുന്നതല്ലേയുള്ളൂ?"
ചോദിച്ചുകൊണ്ട് പ്രജീഷ് മാച്ച് ബോക്സിൽ നിന്ന് രണ്ടുകൊള്ളികൾ ഒന്നിച്ചെടുത്തു.
തുടർന്ന് അത് ഉരച്ചുകത്തിച്ച് താഴേക്കിട്ടു.
''ഭും...."
ഒരു ആളിക്കത്തൽ... പാഞ്ചാലി ചൂട്ടുപോലെ നിന്ന് എരിഞ്ഞു.
മുകളിൽ നിൽക്കുന്ന പ്രജീഷ് ക്യാമറയിൽ പതിയാത്ത വിധത്തിൽ വാച്ചർ, പാഞ്ചാലി കത്തുന്നതിന്റെ രംഗം ഷൂട്ടു ചെയ്തു...
വിവേകിന്റെ ശരീരത്തിലേക്കും അല്പം തീ പടർന്നു.
അടുത്ത നിമിഷം അലറിപ്പിടഞ്ഞുകൊണ്ട് പാഞ്ചാലി താഴത്തെ പാറയുടെ വിള്ളിലേക്കു വീണു.
(തുടരും)