വാച്ചർ പെട്ടെന്ന് മൊബൈൽ ഫോൺ മാറ്റി. ആവശ്യമുള്ള ഭാഗം ഷൂട്ടു ചെയ്തു കഴിഞ്ഞു.
പെട്രോൾ കുപ്പി താഴേക്കു വലിച്ചെറിഞ്ഞിട്ട് മറുപുറത്തു കൂടി പ്രജീഷ്, വിവേകിന്റെ അരുകിലേക്കു കുതിച്ചു ചെന്നു.
അവന്റെ ഷർട്ടിൽ തീപിടിച്ചുകഴിഞ്ഞു.
''ഇങ്ങോട്ട് വാടാ..."
പ്രജീഷ്, വിവേകിനെ വലിച്ചുനീക്കി. അവന്റെ ഷർട്ട് വലിച്ചുകീറി എറിഞ്ഞു.
അവന്റെ വലതു കയ്യിൽ പൊള്ളൽ ഉണ്ടെന്ന് പ്രജീഷ് അറിഞ്ഞു.
മതി!
പ്രജീഷ്, വിവേകിനെ ഉപേക്ഷിച്ച് ചന്ദ്രകലയുടെയും മറ്റും അടുത്തെത്തി.
''എന്തായി?" ശ്രീനിവാസ കിടാവ് ചോദിച്ചു.
പ്രജീഷ് സ്വന്തം കഴുത്തിൽ കൈപ്പത്തി ചരിച്ച് അറുക്കും പോലെ ഒരു ആംഗ്യം കാണിച്ചു.
''നമുക്ക് എത്രയും വേഗം മടങ്ങണം. ഇനിയുള്ള കാര്യം വാച്ചർ നോക്കിക്കോളും."
അവർ നാലുപേരും പെട്ടെന്ന് പാർക്കിംഗ് ഏരിയയിൽ എത്തി. കാറുകളിൽ മടങ്ങി.
വാച്ചർ, വിവേകിന്റെ അടുത്തെത്തി. മന്ദബുദ്ധിയെപ്പോലെ തന്റെ പൊള്ളിയ കയ്യിലേക്ക് നോക്കി നിൽക്കുകയായിരുന്നു വിവേക്.
''ഇങ്ങോട്ട് കേറിവാടാ...
ആ പെങ്കൊച്ചിനെ പെട്രോൾ ഒഴിച്ച് കത്തിച്ചതും പോരാഞ്ഞ് പിന്നെയും നിൽക്കുകയാ. അല്ലേ?"
വാച്ചർ അവിടെ നിന്ന് വിവേകിനെ വലിച്ച് പാറയ്ക്ക് മുകളിൽ കയറ്റി.
അവിടെ നിന്ന് പാഞ്ചാലി വീണ ഭാഗത്തേക്ക് നോക്കി.
കണ്ടില്ല...
കത്തിക്കരിഞ്ഞ മാംസത്തിന്റെയും തലമുടിയുടെയും ഗന്ധം മാത്രം.
അവൾ ഇപ്പോൾ വെള്ളത്തോടൊപ്പം അങ്ങ് താഴേക്കു പോയിക്കാണും. വാച്ചർ വിചാരിച്ചു.
പിന്നെ നിലമ്പൂർ പോലീസ് സ്റ്റേഷനിലേക്കു വിളിച്ച് വിവരം നൽകി.
ഇരുൾ പരന്നു കഴിഞ്ഞു.
ടൂറിസ്റ്റ് പ്ളെയ്‌സിൽ അങ്ങിങ്ങ് ലൈറ്റുകൾ തെളിഞ്ഞുനിന്നു.
പതിനഞ്ച് മിനിട്ടിനുള്ളിൽ സി.ഐ അലിയാരുടെ നേതൃത്വത്തിൽ പോലീസ് എത്തി.
വിവേകിനെ ചൂണ്ടിക്കാണിച്ചിട്ട് വാച്ചർ പറഞ്ഞു.
''ഏതാണെന്ന് അറിയില്ല സാറേ... ഒരു പെണ്ണിനെ ഇവൻ തീ കത്തിച്ച് താഴേക്ക് തള്ളി...."
''അവനെ ഇങ്ങ് പിടിച്ചുകൊണ്ടുവാ..."
സി.ഐ, പോലീസുകാർക്ക് നിർദ്ദേശം നൽകി.
മറ്റ് ഏതോ ലോകത്ത് അകപ്പെട്ടതുപോലെ ഒരു പാറയിൽ ഇരിക്കുകയായിരുന്നു വിവേക്.
പോലീസുകാർ അവനെ വലിച്ചിഴച്ച് സി. ഐയ്ക്കു മുന്നിലെത്തിച്ചു.
അലിയാർ അവനെ അടിമുടി ഒന്നു നോക്കി. അവന്റെ കയ്യിലെ പൊള്ളി നിൽക്കുന്ന ഭാഗം സി.ഐ ശ്രദ്ധിച്ചു.
''ഏത് പെണ്ണിനെയാടാ തീ വച്ചു കൊന്നത്?"
''ആ.." വിവേക് കൈ മലർത്തി.
''ടേക്ക് ഹിം."
സി.ഐയുടെ ആജ്ഞ കിട്ടിയതേ പോലീസുകാർ അവനെയും കൊണ്ടുപോയി.
വാച്ചർ, മൊബൈലിൽ പകർത്തിയ ചിത്രം സി.ഐയെ കാണിച്ചു.
സി.ഐയുടെ കണ്ണുകൾ കുറുകി.
''ഇത്ര കൃത്യമായി താൻ എങ്ങനെയാ ഇത് ഷൂട്ടു ചെയ്തത്?"
ഇങ്ങനെയൊരു ചോദ്യം ഉണ്ടാകുമെന്ന് അറിയാമായിരുന്നു വാച്ചർക്ക്. അതിനാൽ ഉത്തരവും കരുതിയിരുന്നു.
''ടൂറിസ്റ്റുകളെ മുഴുവൻ ഞാൻ ഇവിടെ നിന്ന് പറഞ്ഞയയ്ക്കുമ്പോൾ അവൻ ഒരു പെണ്ണുമായി പാറയുടെ മറവിലേക്ക് മാറുന്നതു കണ്ടു. വല്ല അവിഹിതവുമാണേല് ഷൂട്ട് ചെയ്യാം എന്നു കരുതിയാ ഞാൻ ചെന്നത്... പക്ഷേ അപ്പോഴേക്കും അവൻ ആ പെണ്ണിന്റെ ശരീരത്ത് പെട്രോളോ മണ്ണെണ്ണയോ എന്തോ ഒഴിച്ച് തീ കൊളുത്തിയിരുന്നു."
സി.ഐ കനപ്പിച്ചു മൂളി.
''കം വിത്ത് മീ... എനിക്ക് ആ സ്പോട്ട് കാണണം."
ജീപ്പിൽ ഇരുന്ന ടോർച്ചും എടുപ്പിച്ച് അലിയാർ, വാച്ചറെയും കൊണ്ട് പാഞ്ചാലി കത്തിക്കരിഞ്ഞ ഭാഗത്തേക്കു പോയി.
താഴേക്കും ടോർച്ചു തെളിച്ചുനോക്കി. ഒന്നും കാണാനില്ല.
നീരാളിക്കാലുകൾ പോലെ പല പാറകളുടെയും വിള്ളലുകളിലൂടെ പതഞ്ഞൊഴുകുന്ന ജലപാതം!
ബോഡി കണ്ടെടുക്കണമെങ്കിൽ ഇനി രാവിലെ മാത്രമേ നടക്കൂ.
രണ്ട് പോലീസുകാരെ അവിടെ ഡ്യൂട്ടിക്കു നിർത്തിയ ശേഷം അലിയാർ ജീപ്പിലേക്കു മടങ്ങി.
വിവേകിനെ ജീപ്പിന്റെ പിൻസീറ്റിൽ കയറ്റി ഇരുത്തിയിട്ടുണ്ട്.
''ഇവന്റെ ബോഡി ചെക്കപ്പ് കഴിഞ്ഞോ?"
അലിയാർ സി.പി.ഒ ഗംഗാധരനോടു തിരക്കി.
''സാർ... ഒരു സെൽഫോൺ പാന്റിന്റെ പോക്കറ്റിൽ നിന്നുകിട്ടി."
ഗംഗാധരൻ, കർച്ചീഫിൽ പൊതിഞ്ഞ മൊബൈൽ എടുത്തു കാണിച്ചു.
സി.ഐ അത് വാങ്ങിനോക്കി. പിന്നെ അവസാനത്തെ കാൾ വന്ന നമ്പരിലേക്കു വിളിച്ചു.
അപ്പുറത്ത് ബൽ മുഴങ്ങി. ആരോ അറ്റന്റു ചെയ്തു.
''ഹലോ..."
''ഞാൻ നിലമ്പൂർ സ്റ്റേഷനിലെ സി.ഐയാണ്. നിങ്ങളാരാ?"
''ഞാൻ ചന്ദ്രകല. വടക്കേ കോവിലകത്തെ.. എന്താ സാർ?"
''നിങ്ങൾ സംസാരിക്കുന്നത് സ്വന്തം ഫോണിൽ നിന്നാണോ?"
''അല്ല സാർ.... ഇത് എന്റെ മകളുടെ ഫോണാണ്."
''അവൾ - മകൾ അവിടെയുണ്ടോ?"
''ഇല്ല സാർ... ഒരു കൂട്ടുകാരിയെ കാണാൻ പോയിരിക്കുകയാ..."
സി.ഐയുടെ കണ്ണുകൾ ഒന്നു മിന്നി.
(തുടരും)