തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ 98.11 ശതമാനവുമായി ഇത്തവണയും മികച്ച വിജയം. പരീക്ഷ എഴുതിയ 434729 പേരിൽ 426513 പേർ ഉപരിപഠന യോഗ്യത നേടി. 37334 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി.സംസ്ഥാന ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ വിജയമാണിത്.2015 ൽ 98.57 ശതമാനമായിരുന്നു.ഇത്തവണ ആർക്കും മോഡറേഷൻ നൽകാതെയാണ് ഈ നേട്ടം കൈവരിച്ചതെന്ന് ഫലം പ്രഖ്യപിച്ച പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ പറഞ്ഞു. 99.34 ശതമാനം വിജയം നേടിയ പത്തനംതിട്ട ജില്ലയാണ് മുന്നിൽ. പിറകിൽ വയനാട് ജില്ല, 93.22 ശതമാനം. വിദ്യാഭ്യാസ ജില്ലകളിൽ കുട്ടനാട് 99.91 ശതമാനവുമായി റെക്കാർഡിട്ടു.സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ എത്തിക്കും. സേവ് എ ഇയർ (സേ) പരീക്ഷ മേയ് 20 മുതൽ 25 വരെ നടക്കും.ജൂൺ ആദ്യവാരം ഇതിന്റെ ഫലം പ്രസിദ്ധീകരിക്കും.
മിന്നും വിജയം
100 %വിജയം നേടിയ സ്‌കൂളുകളുടെ എണ്ണം 1703.
100% നേടിയതിൽ 599 ഗവ. സ്‌കൂളുകൾ, 719 എയ്ഡഡ്, 391 അൺഎയ്ഡഡ് സ്കൂളുകൾ
എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയവർ കൂടുതൽ മലപ്പുറത്ത് -5970
പ്രൈവറ്റ് വിഭാഗത്തിൽ പരീക്ഷയെഴുതിയ 1867ൽ 1357പേർ വിജയിച്ചു
ഗൾഫിൽ 98.79 %, ലക്ഷദ്വീപിൽ 87.96 %
എസ്.എസ്.എൽ.സി ഹിയറിംഗ് ഇംപയേർഡ് വിഭാഗം വിജയം 99.30 %
ടി.എച്ച്.എസ്.എൽ.സിയിൽ 99 %
എ.എച്ച്.എസ്.എൽ.സിയിൽ (കലാമണ്ഡലം ആർട്ട് ഹൈസ്‌കൂൾ) 95.12 %