4

വിഴിഞ്ഞം: പേച്ചിപ്പാറ അണക്കെട്ടിനു സമീപം കോതയാറിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ച വെള്ളായണി കാർഷിക കോളേജിലെ വിദ്യാർത്ഥികൾക്ക് സഹപാഠികളുടെ കണ്ണീരിൽ കുതിർന്ന യാത്രാമാെഴി. നാലാംവർഷ ബയോടെക്നോളജി വിദ്യാർത്ഥിയായ പാറശാല പ്ലാമൂട്ടുക്കട വിഷ്ണു നിവാസിൽ വിജയന്റെ മകൻ വിഷ്ണു (24), അവസാന വർഷ ബി.എസ്‌സി അഗ്രികൾച്ചർ വിദ്യാർത്ഥിയും കൊല്ലം സ്വദേശിയുമായ പാങ്ങപ്പാറ വിവേക് വില്ലയിൽ സുഭാഷിന്റെ മകൻ ശന്തനു (24) എന്നിവരുടെ മൃതദേഹങ്ങളാണ് പൊതുദർശനത്തിനു വച്ചത്. ഇരുവരുടെയും ചേതനയറ്റ ശരീരം കോളേജിലെത്തിച്ചതോടെ വിദ്യാർത്ഥികളും അദ്ധ്യാപകരും വിങ്ങിപ്പൊട്ടി. ഇന്നലെ ഉച്ചയ്ക്കുശേഷം 3.40ഓടെ തമിഴ്നാട്ടിലെ രണ്ട് ആംബുലൻസുകളിലാണ് മൃതദേഹങ്ങൾ കോളേജിലെത്തിച്ചത്. കോളേജ് ഓഫീസിനു സമീപത്തെ മണ്ഡപത്തിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ വിദ്യാർത്ഥികളും ജീവനക്കാരും തടിച്ചുകൂടി. കോളേജിന് സമീപത്തെ എസ്.ബി.ഐ ബാങ്കിലെ ജീവനക്കാരും നാട്ടുകാരും അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. പൊതുദർശനത്തിന് ശേഷം വിഷ്ണുവിന്റെ മൃതദേഹം 5 ഓടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ശന്തനുവിന്റെ മൃതദേഹം സ്വദേശമായ കൊല്ലത്തേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ 10ന് സംസ്‌കാരം നടക്കും. കോളേജിലെ താത്കാലിക ജീവനക്കാരനായിരുന്ന വെള്ളായണി വണ്ടിത്തടം പൊറ്റവിള വീട്ടിൽ മോഹനന്റെ മകൻ അരുണിന്റെ (24) മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

ഫോട്ടോ: കോതയാറിൽ മുങ്ങി മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹം വെള്ളായണി കാർഷിക കോളേജിൽ

പൊതുദർശനത്തിനു വച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കാനെത്തിയ അദ്ധ്യാപകരും വിദ്യാർത്ഥികളും