കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്തെ രണ്ട് മേൽപ്പാലങ്ങളാണ് ജനങ്ങളിൽ സംസാരവിഷയമായത്. വാഹനത്തിരക്ക് ഒഴിയാത്ത എറണാകുളം പാലാരിവട്ടത്തെ മേൽപ്പാലവും ഉപയോഗം തീർന്നതിനാൽ പൊളിച്ചുമാറ്റേണ്ടിവന്ന കോട്ടയം നാഗമ്പടം റെയിൽവേ മേൽപ്പാലവും. ഉദ്ഘാടനം കഴിഞ്ഞ് മൂന്നുവർഷമാകും മുമ്പേ വാഹനയാത്ര അസാദ്ധ്യമാക്കും വിധം തകരാറിലായ പാലാരിവട്ടം മേൽപ്പാലവും സ്ഫോടക വസ്തുകൊണ്ടുപോലും തകർക്കാൻ കഴിയാതിരുന്ന നാഗമ്പടം റെയിൽവേ മേൽപ്പാലവും തമ്മിലുള്ള താരതമ്യം രസാവഹമാണ്. ഗുണനിലവാരം അടിസ്ഥാനമാക്കിയുള്ള താരതമ്യത്തിൽ പാലാരിവട്ടം പാലം നാഗമ്പടത്തിന് ബഹുദൂരം പിന്നിലാണ്. ശക്തിയും ഉറപ്പും കൂടിപ്പോയതുകൊണ്ടാവാം നാഗമ്പടം പൊളിച്ചടുക്കുന്ന അതീവ ശ്രമകരമായ യത്നത്തിൽ നിന്ന് റെയിൽവേ അധികൃതർ തത്കാലം പിൻവാങ്ങിയിരിക്കുകയാണ്. ഒാരോ ഭാഗമായി പൊളിച്ചു മാറ്റാനാണ് തീരുമാനം. അഴിമതിയുടെയും വൈഭവക്കുറവിന്റെയും നേർസാക്ഷ്യമായി മാറിയ പാലാരിവട്ടത്തെ മേൽപ്പാലം വീണ്ടും ഗതാഗത യോഗ്യമാക്കാൻ അനവധി തൊഴിലാളികൾ നിരയായി നിന്ന് കഠിനാദ്ധ്വാനം നടത്തുകയാണിപ്പോൾ. ചില്ലറ അറ്റകുറ്റപ്പണികളല്ല മേജർ ശസ്ത്രക്രിയതന്നെയാണ് വേണ്ടിവന്നിരിക്കുന്നത്. മേൽപ്പാലം പരിശോധിച്ച മദ്രാസ് ഐ.ഐ.ടിയിലെ വിദഗ്ദ്ധസംഘം നാലുമാസത്തെ പണിയെങ്കിലും വേണ്ടിവരുമെന്നാണ് അറിയിച്ചിരിക്കുന്നത്. അത്യാവശ്യം വേണ്ട പണികൾ കാലവർഷത്തിനുമുന്നേ തീർത്ത് ഗതാഗതം പുനസ്ഥാപിക്കാനാണ് നോക്കുന്നത്. മൂന്നുമാസം വേണ്ടിവരുന്ന വലിയ പണികൾ മഴയ്ക്കുശേഷവും തുടങ്ങും. കാലവർഷം ഇൗ മാസം തന്നെ എത്തിയാൽ പദ്ധതിയെല്ലാം തകിടംമറിയും. മേൽപ്പാലം അടച്ചിട്ടതു കാരണം എറണാകുളത്തുകാരിൽ വലിയൊരു വിഭാഗം അനുഭവിക്കുന്ന ദുരിതം വളരെ വലുതാണ്.
മരാമത്തുവകുപ്പു മന്ത്രി ജി. സുധാകരൻ ഇക്കഴിഞ്ഞ ശനിയാഴ്ച ഉദ്യോഗസ്ഥർക്കൊപ്പം പാലാരിവട്ടം മേൽപ്പാലം സന്ദർശിച്ചിരുന്നു. മേൽപ്പാല നിർമ്മാണം അടിമുതൽ അഴിമതിയും ക്രമക്കേടുകളും നിറഞ്ഞതാണെന്ന് പാലത്തിൽ വച്ചുതന്നെ അദ്ദേഹം തുറന്നടിച്ചു. വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി നിർദ്ദേശം പുറപ്പെടുവിച്ച കാര്യവും അദ്ദേഹം അറിയിച്ചു. ക്രമക്കേടും അഴിമതിയും കാണിച്ച ഒരുത്തനെയും വെറുതേ വിടുകയില്ലെന്നും അഴിയെണ്ണിക്കുകതന്നെ ചെയ്യുമെന്നും മന്ത്രി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. മരാമത്ത് പണികളിൽ ഒരുവിധ കള്ളത്തരവും സഹിക്കാത്ത മന്ത്രി ജി. സുധാകരന്റെ പ്രഖ്യാപനത്തിൽ ആത്മാർത്ഥതയും ആർജ്ജവവും ഉണ്ട്. അത് അക്ഷരംപ്രതി എത്രയും വേഗം നടന്നുകാണാൻ കേരളം കാത്തിരിക്കുകയാണ്. ഉദ്ഘാടനം കഴിഞ്ഞ് മൂന്നുവർഷം മുൻപേ മേൽപ്പാലം പൊളിയണമെങ്കിൽ അതിനു പിന്നിൽ നടന്നിട്ടുള്ള അഴിമതിയും ക്രമക്കേടും എത്ര വലിയ തോതിലായിരിക്കുമെന്ന് ഉൗഹിക്കാവുന്നതേയുള്ളൂ. പാലത്തിനു വേണ്ടി കണക്ക് പറഞ്ഞ് ഖജനാവിലെ പണം പറ്റിയവരെല്ലാം ചേർന്നു നടത്തിയ വലിയൊരു കുംഭകോണത്തിന്റെ ബാക്കിപത്രമാണ് പിറവിയിൽത്തന്നെ പൊളിയാറായ പാലാരിവട്ടം മേൽപ്പാലം. രൂപകല്പന മുതൽ താളപ്പിഴ കടന്നുകൂടി എന്നാണ് വിദഗ്ദ്ധസംഘത്തിന്റെ കണ്ടെത്തൽ. നിശ്ചയിക്കപ്പെട്ട തോതിലല്ല കോൺക്രീറ്റിന്റെ അനുപാതം. ഗർഡറുകൾ സ്ഥാപിച്ചതിലും ഗുരുതരമായ പോരായ്മകൾ സംഭവിച്ചു. സാങ്കേതികമായി ഇതുപോലുള്ള ഒട്ടധികം പിഴവുകളുണ്ടായത് പാലംപണിയുടെ ചുമതലക്കാരിൽ നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ്. കരാർ തുകയിലും പത്തുപതിനഞ്ചു കോടിരൂപ അധികം നൽകിയിട്ടുപോലും കാൽനൂറ്റാണ്ടെങ്കിലും ആയുസുള്ള പാലം നിർമ്മിച്ചുനൽകാൻ കഴിഞ്ഞില്ലെന്ന് വന്നാൽ കൂട്ടക്കവർച്ച തന്നെയാകണം അതിന് പിന്നിൽ നടന്നിട്ടുള്ളത്. ഒച്ചപ്പാടും ആക്ഷേപവും സൃഷ്ടിച്ച പല അഴിമതിക്കേസുകളിലെയും വിജിലൻസ് അന്വേഷണം പോലെ എങ്ങുമെത്താതെ അവസാനിക്കുന്നതാകരുത് പാലാരിവട്ടം മേൽപ്പാല നിർമ്മാണത്തിൽ സംഭവിച്ച വീഴ്ചകൾക്ക് കാരണക്കാരായവരെ തേടിയുള്ള അന്വേഷണം. കണക്കുപറഞ്ഞ് കൈക്കൂലി വാങ്ങി സ്വന്തം സമ്പാദ്യം വർദ്ധിപ്പിക്കാൻ നോക്കിയവർ വിജിലൻസ് അന്വേഷണമെന്ന് കേൾക്കുമ്പോൾത്തന്നെ പരിഹാസച്ചിരിയുമായി കർട്ടനുപിന്നിൽ നിന്ന് എത്തിനോക്കുന്നത് മനസിൽ കാണാം. സമയപരിധി നിശ്ചയിച്ച് അന്വേഷണം പൂർത്തിയാക്കി കേസെടുത്ത് കോടതിയിലെത്തിക്കാൻ കഴിയണം. ജയിൽശിക്ഷ ഉറപ്പാക്കുന്നതിനൊപ്പംതന്നെ അഴിമതിയിലൂടെ നേടിയ കള്ളസമ്പാദ്യം കണ്ടുകെട്ടുകയും വേണം. അറുപതുകോടിയിൽപ്പരം രൂപ ചെലവിട്ടു നിർമ്മിച്ച മേൽപ്പാലം ഇനി പുതുക്കുന്നതിനുവേണ്ടി വരുന്ന ചെലവ് അതിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട അന്നത്തെ മന്ത്രി ഉൾപ്പെടെ സകലരിൽനിന്നും ഇൗടാക്കുകയും വേണം. മരാമത്ത് പണികളുടെ മറവിൽ പൊതുജനങ്ങളുടെ നികുതിപ്പണം കവർന്ന് തടിച്ചുകൊഴുക്കുന്നവരിൽ കുറെ എണ്ണത്തെയെങ്കിലും പിടികൂടിയാലേ ഇതുപോലുള്ള സാമൂഹ്യദ്റോഹത്തിന് ചെറിയ തോതിലെങ്കിലും അറുതി ഉണ്ടാവൂ.
ഡിസൈനിലെയും നിർമ്മാണത്തിലെയും പിഴവുകൾമൂലം അപകടത്തിലായ ആദ്യത്തേതല്ല പാലാരിവട്ടം മേൽപ്പാലം. മരാമത്ത് വകുപ്പിന്റെ നിരവധി പാലങ്ങൾക്കും കെട്ടിടങ്ങൾക്കും ഇൗ ദുർഗതി ഉണ്ടായിട്ടുണ്ട്. എറണാകുളത്തുതന്നെ കുണ്ടന്നൂർ പാലം ഉദാഹരണമാണ്. രണ്ട് പതിറ്റാണ്ടു മുൻപ് ഉദ്ഘാടനം കഴിഞ്ഞ് അധിക കാലമെത്തും മുൻപേ ആ പാലത്തിൽ എല്ലാമാസവും അറ്റകുറ്റപ്പണികൾ നടക്കാറുണ്ട്. ഇപ്പോൾ മാസങ്ങളായി പാലം പൊളിച്ചുപണിയുന്ന തിരക്കിലാണ് മെട്രോയുമായി ബന്ധപ്പെട്ട് എറണാകുളത്ത് നിർമ്മിച്ച മൂന്ന് മേൽപ്പാലങ്ങളുടെ ഉന്നത ഗുണനിലവാരം നമ്മുടെ മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥന്മാർ കണ്ടുപഠിക്കുകതന്നെ വേണം. ഇ. ശ്രീധരന്റെ നേതൃത്വത്തിൽ ഡി.എം.ആർ.സി നിർമ്മിച്ച മേൽപ്പാലങ്ങളാണവ. മൂന്നുവർഷംകൊണ്ടു തകർന്ന പാലാരിവട്ടം മേൽപ്പാലം മരാമത്തുവകുപ്പിന് മൊത്തത്തിൽ നാണക്കേടുണ്ടാക്കി നിൽക്കുമ്പോൾ പത്തുദിവസംമുമ്പ് സ്ഫോടനം സൃഷ്ടിച്ച് തകർക്കാൻ നോക്കിയിട്ടും കുലുക്കമില്ലാതെ നിൽക്കുന്ന നാഗമ്പടം റെയിൽവേ മേൽപ്പാലം മുന്നിലുണ്ട്. 1955 ൽ നിർമ്മിച്ച ഇൗ മേൽപ്പാലത്തിന് പകരം വേറെ പാലം വന്നതുകൊണ്ടാണ് പാളം ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പഴയപാലം പൊളിക്കാൻ തീരുമാനിച്ചത്. രാജ്യം കണ്ട ഏറ്റവും പ്രഗല്ഭ ടെക്നോക്രാറ്റായ ഇ. ശ്രീധരനും അന്ന് നാഗമ്പടം റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണത്തിൽ ഭാഗഭാക്കായിരുന്നു എന്ന കാര്യവും സ്മരണീയമാണ്.
അടിസ്ഥാന സൗകര്യവികസനവുമായി ബന്ധപ്പെട്ട പദ്ധതികളിൽ ഗുണനിലവാരം നിലനിറുത്താനായില്ലെങ്കിൽ അതിനുവേണ്ടി വിനിയോഗിച്ച പണം പാഴാകുകയാണ് ചെയ്യുന്നത്. കൈക്കൂലിക്കും അഴിമതിക്കും കുപ്രസിദ്ധി നേടിയ മരാമത്ത് വകുപ്പിലെ താപ്പാനകൾക്ക് ചങ്ങലയിടേണ്ട കാര്യം അതിക്രമിച്ചെന്നാണ് പാലാരിവട്ടം മേൽപ്പാലം വീണ്ടും ഒാർമ്മിപ്പിക്കുന്നത്.