തിരുവനന്തപുരം: ദേശീയപാത വികസനത്തിന് സ്ഥലമെടുപ്പ് നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള കേന്ദ്രത്തിനയച്ചതെന്ന് പറയപ്പെടുന്ന കത്ത് പുറത്തുവന്നതോടെ സി.പി.എം - ബി.ജെ.പി നേതൃത്വം പരസ്യമായി കൊമ്പുകോർത്ത് രംഗത്തുവന്നു.
ഭൂമി ഏറ്റെടുക്കാനുള്ള മൂന്ന് എ വിജ്ഞാപനം റദ്ദാക്കണമെന്നും ദേശീയ പാത അതോറിട്ടിയുടെ നടപടികൾ നിറുത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് 2018 സെപ്തംബർ 14ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക് അയച്ച കത്താണ് മന്ത്രി തോമസ് ഐസക് പുറത്തുവിട്ടത്.
കാസർകോട് ഒഴികെയുള്ള ജില്ലകളിൽ സ്ഥലമെടുപ്പ് അടക്കം നിറുത്തിവയ്ക്കാൻ നിർദ്ദേശിച്ച് ദേശീയപാത അതോറിട്ടി മേധാവിയുടെ കത്ത് തിരുവനന്തപുരത്തെ റീജിയണൽ ഓഫീസർക്ക് ലഭിച്ചിരുന്നു. ഇതിന്റെ പകർപ്പ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് കഴിഞ്ഞ ദിവസം കിട്ടി. കേരളത്തിലെ പ്രവൃത്തികൾ രണ്ടാം മുൻഗണനാ പട്ടികയിലേക്ക് അതോറിട്ടി മാറ്റുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി ജി. സുധാകരനുമുൾപ്പെടെ കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട് നിലപാട് തിരുത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പുതിയ വിവാദം. ദേശീയപാത വികസനം അട്ടിമറിച്ച ശ്രീധരൻ പിള്ളയെ പൊതുശത്രുവായി പ്രഖ്യാപിച്ച് സാമൂഹ്യമായി ബഹിഷ്കരിക്കണമെന്ന് മന്ത്രി ഐസക് ഫേസ്ബുക്ക് പോസ്റ്രിൽ കുറിച്ചു. കേന്ദ്രത്തിന്റെ ജനദ്രോഹ നയത്തിന് കൂട്ടുനിൽക്കുന്ന സമീപനമാണ് ശ്രീധരൻ പിള്ളയുടേതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു.
ഐസക്കിന് മറുപടിയുമായി ശ്രീധരൻപിള്ളയും രംഗത്തുവന്നു. എന്നാൽ കോൺഗ്രസ് പക്ഷത്തു നിന്ന് ആരും വിവാദത്തിൽ തലവച്ചില്ലെന്നത് ശ്രദ്ധേയമാണ്.
'കേരള വികസനം അട്ടിമറിക്കുന്നു"
'ബി.ജെ.പിയുടെ സംസ്ഥാനാദ്ധ്യക്ഷപദം കേരളവികസനം അട്ടിമറിക്കാനുള്ള സുവർണാവസരമാക്കുകയാണ് ശ്രീധരൻ പിള്ള. ഈ നാടിന്റെ ഭാവിവികസനത്തെ പിൻവാതിലിലൂടെ അട്ടിമറിച്ച ശേഷം വെളുക്കെച്ചിരിച്ച് പഞ്ചാര വർത്തമാനവുമായി നമ്മെ വീണ്ടും വഞ്ചിക്കാൻ അദ്ദേഹത്തെ അനുവദിക്കണോ എന്ന് ചിന്തിക്കണം.
ഈ സർക്കാരിന്റെ കാലത്ത് ദേശീയപാതാ വികസനം നടക്കില്ലെന്ന് ഉറപ്പുവരുത്തുകയാണ് ദേശീയപാതാ വികസന അതോറിട്ടി. കേരളത്തോടുള്ള മോദി സർക്കാരിന്റെ പകപോക്കലാണിത്. അതിനൊരു ചട്ടുകമായി നിന്നുകൊടുക്കുന്നത് സംസ്ഥാന അദ്ധ്യക്ഷനും. 2020ൽ പദ്ധതി പൂർത്തിയാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ ചുമതലകൾ നിറവേറ്റുകയാണ് പിണറായി സർക്കാർ. 2013ൽ ഉമ്മൻചാണ്ടി സർക്കാർ ഉപേക്ഷിച്ചതാണ് കേരളത്തിന്റെ ദേശീയപാതാവികസനം. നവകേരളത്തിന്റെ നട്ടെല്ലാണ് ദേശീയപാത. ഭാവിതലമുറയുടെ വികസന പ്രയാണങ്ങൾ സുഗമമാക്കാനുള്ള ഈ സുപ്രധാന നടപടിയാണ് ശ്രീധരൻപിള്ള നീചമായി അട്ടിമറിച്ചത്. അദ്ദേഹത്തിന് കേരളം മാപ്പു നൽകില്ല".
- മന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്