postal-ballot-

തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റുകളിൽ ഗുരുതര ക്രമക്കേട് നടന്നെന്ന് ഇന്റലിജൻസ് മേധാവി ടി.കെ. വിനോദ്കുമാറിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഇടത് അനുകൂല പൊലീസ് അസോസിയേഷൻ നേതാക്കൾ പൊലീസുകാരെ ഭീഷണിപ്പെടുത്തി ബാലറ്റുകൾ കൈവശമാക്കുകയും ഒരേ വിലാസത്തിൽ നൂറുകണക്കിന് ബാലറ്റുകൾ തപാൽ മാർഗമെത്തിക്കുകയും ചെയ്തു.

ആറ്റിങ്ങൽ, കൊല്ലം, ആലത്തൂർ, വടകര, കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിലാണ് ക്രമക്കേടുകളേറെയും. ഇഞ്ചോടിഞ്ച് മത്സരം നടന്ന മണ്ഡലങ്ങളിൽ 85 ശതമാനം പോസ്റ്റൽ ബാലറ്റുകളിലും ക്രമക്കേടുണ്ടായി. വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ഇന്റലിജൻസ് മേധാവി ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സേനയിലെ 56,000 പൊലീസുകാരിൽ 90 ശതമാനവും പോസ്റ്റൽ വോട്ടാണ് ചെയ്തത്.

സ്ഥലംമാറ്റുമെന്ന ഭീഷണി ഭയന്ന് പൊലീസുകാർ മൊഴിനൽകാൻ തയ്യാറായിട്ടില്ല. ആരുടെയും പേരെടുത്ത് പറഞ്ഞുള്ള മൊഴി രേഖപ്പെടുത്താനുമായില്ല. ബാലറ്റുകൾ നൽകണമെന്ന വാട്സ്ആപ് സന്ദേശങ്ങൾ സംഘടനാ നേതാക്കളുടെ നിർദ്ദേശപ്രകാരം പ്രചരിപ്പിച്ചു. അസോസിയേഷൻ അംഗത്തിന്റെ തിരുവനന്തപുരം വട്ടപ്പാറയിലെ വീട്ടിലേക്ക് നൂറുകണക്കിന് ബാലറ്റുകൾ എത്തി. മറ്റു ജില്ലകളിലും ഇങ്ങനെ സംഭവിച്ചു. ഭീഷണിപ്പെടുത്തി ബാലറ്റുകൾ വാങ്ങിയിട്ടുമുണ്ട്. പൊലീസ് സൊസൈറ്റികൾ കേന്ദ്രീകരിച്ചും ബാലറ്റ് ശേഖരിച്ചു. വോട്ടെണ്ണൽ ദിനമായ 23ന് രാവിലെ 8 വരെ പോസ്​റ്റൽ വോട്ടിന് സമയമുള്ളതിനാൽ ബാലറ്റ് ശേഖരിക്കുന്നത് തുടരുകയാണ്.

ബാലറ്റുകൾ നൽകണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ പൊലീസുകാരുടെ വാട്സ്ആപ് ഗ്രൂപ്പിൽ ശബ്‌ദസന്ദേശം അയച്ച പൊലീസ് അസോസിയേഷൻ സജീവപ്രവർത്തകനായ ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ കമാൻഡോ, ഇന്ത്യാ റിസർവ് ബറ്റാലിയനിലെ ഹവിൽദാർ എന്നിവരെ റിപ്പോർട്ടിൽ എടുത്തു പറയുന്നുണ്ട്. അതേസമയം, കുറ്റക്കാരാണെന്ന് ഇന്റലിജൻസ് മേധാവി നേരിട്ട് കണ്ടെത്തിയ രണ്ടു പേർക്കെതിരെ മാത്രം നടപടി സ്വീകരിച്ച് ക്രമക്കേട് ഒതുക്കിത്തീർക്കാനും ശ്രമം നടക്കുന്നുണ്ട്.

എന്നാൽ ആരോപണങ്ങളെല്ലാം അസോസിയേഷൻ നിഷേധിക്കുകയാണ്. ക്രമക്കേടുകൾക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെയും സുപ്രീംകോടതിയെയും സമീപിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്.

ക്രമക്കേടുകൾ

1) പോസ്​റ്റൽ ബാല​റ്റിനുള്ള അപേക്ഷയിലെ വീട്ടു വിലാസം ബ​റ്റാലിയനുകളിലെ ഇലക്‌ഷൻ സെല്ലിലെ പൊലീസുകാർ വെട്ടിത്തിരുത്തി ബ​റ്റാലിയൻ വിലാസത്തിലാക്കി

2) തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവരെ ഭീഷണിപ്പെടുത്തി സംഘടന പറയുന്ന വിലാസത്തിലേക്ക് ബാല​റ്റ് അയയ്‌ക്കാൻ അപേക്ഷ എഴുതിവാങ്ങി

3) വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് നിശ്ചിത മേൽവിലാസത്തിലേക്കാണ് തിരിച്ചയയ്ക്കേണ്ടത്. എന്നാൽ സംഘടനാ നേതാക്കൾ ബാലറ്റുകൾ കൂട്ടത്തോടെ ശേഖരിച്ചു

4) ബാലറ്റടങ്ങിയ കവർ ഒട്ടിക്കാതെയാണ് നേതാക്കൾ കൈപ്പറ്റിയത്. വോട്ട് ചെയ്തത് ആർക്കാണെന്ന് മനസിലാക്കാനാണിത്

5) വോട്ട് രേഖപ്പെടുത്തും മുൻപ് ബാലറ്റ് വാങ്ങിയാൽ കള്ളവോട്ടിനും, രേഖപ്പെടുത്തിയ ശേഷമാണങ്കിൽ എതിർപാർട്ടിക്കുള്ള വോട്ട് അസാധുവാക്കാനും സാധിക്കും

ചട്ടം ഇങ്ങനെ

വോട്ടു ചെയ്‌ത ബാലറ്റ് ആരെങ്കിലും വാങ്ങുകയോ തുടർനടപടിക്കായി ഇടപെടുകയോ ചെയ്യരുത്. വോട്ടർ നേരിട്ട് റിട്ടേണിംഗ് ഓഫീസർക്കു കൈമാറണം. അല്ലെങ്കിൽ ബാലറ്റ് അയച്ചുതന്ന വിലാസത്തിലേക്ക് തിരിച്ചയയ്ക്കണം.