വർക്കല: ഒരുമാസത്തിനിടെ രണ്ടുപേരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ട് പ്രതികളെ വർക്കല പൊലീസ് അറസ്റ്റുചെയ്‌തു. വെട്ടൂർ ആശാൻമുക്ക് വാഴവിള വീട്ടിൽ സൈജു (23), വെട്ടൂർ പുളിമുക്ക് വട്ടവിള വീട്ടിൽ മുഹമ്മദ് (24) എന്നിവരാണ് അറസ്റ്റിലായത്. ഏപ്രിൽ 16ന് ചിലക്കൂർ സ്വദേശി സർജാനെയും മേയ് 3ന് വെട്ടൂർ ആശാൻമുക്ക് സ്വദേശി അബ്ദുൾ സമദിനെയും വാളുകൊണ്ട് വെട്ടിയും കമ്പിവടി കൊണ്ട് അടിച്ചും കൊലപ്പെടുത്താൻ ശ്രമിച്ച കേസുകളിലെ പ്രതികളാണ് ഇവർ. പ്രതികളുടെ കഞ്ചാവ് വില്പന ചോദ്യം ചെയ്‌തതിലുള്ള വിരോധമാണ് കൊലപാതക ശ്രമത്തിന് കാരണം. വർക്കല ചിലക്കൂർ പുത്തൻചന്ത, കല്ലമ്പലം എന്നിവിടങ്ങളിൽ കോളേജ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വില്പന നടത്തിയിരുന്നവരാണ് അറസ്റ്റിലായ സൈജുവും മുഹമ്മദുമെന്ന് പൊലീസ് പറഞ്ഞു. സൈജു നിരവധി കേസുകളിൽ പ്രതിയാണ്. അറസ്റ്റിലായ പ്രതികൾക്ക് വർക്കല, നെടുമങ്ങാട് കോടതികളിൽ അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. വർക്കല സി.ഐ ജി. ഗോപകുമാർ, എസ്.ഐമാരായ ശ്യാംജി, ജയകുമാർ, എസ്.സി.പി.ഒ മുരളീധരൻ എന്നിവരടങ്ങിയ സംഘം കല്ലറയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്‌തു.