വിഴിഞ്ഞം: വെങ്ങാനൂർ എസ്.എഫ്.എസ് സ്കൂളിലെ മധ്യവേനൽ ക്യാമ്പ്‌ വേനൽ പക്ഷിക്കൂട്ടം സമാപിച്ചു. ഏപ്രിൽ 24 തുടങ്ങി 10 ദിവസമാണ് ക്യാംപ് സംഘടിപ്പിച്ചത്. കലാ കായികപരിശീലനം, പാചകം, ആഭരണ നിർമ്മാണം, ചിത്രരചന, ഫാബ്രിക് പെയിന്റിംഗ്, എയ്റോബിക് എന്നിവയിലും വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. നീർത്തട സംരക്ഷണത്തിന്റെ ഭാഗമായി ക്യാമ്പിലെ വിദ്യാർഥികൾ തങ്ങളുടെ ഒരു ദിവസം വെള്ളായണികായൽ ശുചീകരണപ്രവർത്തനങ്ങൾക്കായി ചെലവഴിച്ചു. ക്യാമ്പിനോടാനുബന്ധിച്ച് അമച്വർ അസ്ട്രോണമേഴ്സ് ഓർഗനൈസേഷൻ കേരള (ആസ്ട്രോ കേരള) കുട്ടികൾക്കായി ജ്യോതിശാസ്ത്രപഠനക്ലാസ്സുകൾ നടത്തി. സമ്മർ ക്യാമ്പിന് സമാപനം കുറിച്ചു കൊണ്ടു ഗിരീഷ് പരുത്തിമഠം നയിച്ച ശില്പശാലയും നടന്നു. കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഇത്തരം ക്യാമ്പുകൾ എങ്ങനെ പ്രയോജനം ചെയ്യുമെന്ന് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ലിറ്റി സംസാരിച്ചു. സ്കൂൾ മാനേജർ സിസ്റ്റർ വിക്ടോറിയ മുഖ്യാതിഥി ആയിരുന്നസമാപന ചടങ്ങിൽ കുട്ടികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. അധ്യാപകരായ നോബിൾ ദാസ്, ഹരികൃഷ്ണൻ,അനിൽ ജിത്ത്, മിഥുൻ, മഞ്ജു, ശുഭ, ആശ, ആര്യ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിന്റെ ഭാഗമായി വിനോദയാത്രയും ഉണ്ടായിരുന്നു. വിവിധ വിദ്യാലയങ്ങളിൽ നിന്നും അറുപതോളം കുട്ടികൾ പങ്കെടുത്തു.