തിരുവനന്തപുരം: മാസങ്ങളായി അനുഭവപ്പെടുന്ന കുടിവെള്ള ദൗർലഭ്യത്തെ തുടർന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വാട്ടർ അതോറിട്ടി എക്സിക്യൂട്ടിവ് എൻജിനിയറെ ഉപരോധിച്ചു. കൗൺസിലർ പാളയം രാജന്റെ നേതൃത്വത്തിൽ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളടക്കമുള്ളവർ ചേർന്നാണ് ഇന്നലെ രാവിലെ 10.30ഓടെ വെള്ളയമ്പലത്തെ വാട്ടർ അതോറിട്ടി എക്സിക്യൂട്ടിവ് എൻജിനിയറെ ഉപരോധിച്ചത്. പുലർച്ചെ മുതൽ 8.30 വരെ തടസമില്ലാതെ വെള്ളം ലഭ്യമാക്കാമെന്നും തിങ്കൾ, വെള്ളി ദിവസങ്ങളിൽ മറ്റൊരു ലൈനിൽ നിന്ന് കുടിവെള്ളം എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്നും എക്സിക്യൂട്ടിവ് എൻജിനിയർ ഉറപ്പ് നൽകിയതിനെ തുടർന്ന് ഉച്ചയ്ക്ക് 2ഓടെ ഉപരോധം പിൻവലിച്ചു. നന്തൻകോട് കനകഗനർ, നന്തൻനഗർ, ദേവസ്വം ബോർഡ് റസിഡന്റ്സ് അസോസിയേഷൻ, ക്ളിഫ് ഹൗസിന് സമീപം, പാളയം, ലെനിൻ നഗർ, ഒബ്സർവേറ്ററി വാലി റസിഡന്റ്സ്, ഫോറസ്റ്റ് ഓഫീസ് ലെയിൻ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ആഗസ്റ്റ് മുതൽ കടുത്ത ജലദൗർലഭ്യം അനുഭവപ്പെടുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ്ഹൗസ് സ്ഥിതി ചെയ്യുന്ന മേഖലയായിട്ടും അധികൃതർ പ്രശ്ന പരിഹാരം കാണാൻ തയ്യാറാകാത്തതിനെ തുടർന്നാണ് ഉപരോധ സമരം സംഘടിപ്പിച്ചത്. അതേസമയം ക്ളിഫ്ഹൗസിൽ ടാങ്കർ ലോറിയിൽ വെള്ളം എത്തിച്ചത് പ്രതിഷേധത്തിന്റെ ആക്കം കൂട്ടി. നഗരസഭ വർക്സ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. പുഷ്പലത, കനകനഗർ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഗോപകുമാർ, ലെനിൻ നഗർ പൗരസമിതി പ്രസിഡന്റ് ജയവിജയൻ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ രാമചന്ദ്രൻ പിള്ള, ധനദേവൻ, എൻ. ദേവരാജൻ തുടങ്ങിയവർ ഉപരോധത്തിൽ പങ്കെടുത്തു.
പൈപ്പ് ലൈനിലെ മർദ്ദം കുറവായതിനാലാണ് കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നത്. തടസമില്ലാതെ കുടിവെള്ളം ഉറപ്പാക്കാൻ നടപടി സ്വീകരിക്കും - എക്സിക്യൂട്ടിവ് എൻജിനിയർ