തിരുവനന്തപുരം: കാസർകോട് മണ്ഡലത്തിലെ പിലാത്തറ അപ്പർ പ്രൈമറി സ്‌കൂളിൽ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയ സി.പി.എം പഞ്ചായത്തംഗം എൻ.പി. സലീനയെ അയോഗ്യയാക്കണമെന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ ശുപാർശ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി.
കണ്ണൂർ ജില്ലയിലെ ചെറുതാഴം പഞ്ചായത്ത് അംഗമായ സലീന കള്ളവോട്ടു ചെയ്തതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയെന്നും ഇത് ഗുരുതരമായ പെരുമാറ്റ ദൂഷ്യമായതിനാൽ സലീനയ്ക്ക് അയോഗ്യത കല്പിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കണമെന്നുമായിരുന്നു ശുപാർശ. എന്നാൽ പെരുമാറ്റ ദൂഷ്യം സംബന്ധിച്ചോ ആൾമാറാട്ടം സംബന്ധിച്ചോ ഉള്ള കുറ്റത്തിന് കോടതി തടവു ശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ടെങ്കിൽ മാത്രമേ ഒരു പഞ്ചായത്തംഗത്തെ അയോഗ്യനാക്കാൻ കഴിയൂ എന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്കരന്റെ മറുപടി.
പഞ്ചായത്തംഗങ്ങളെ അയോഗ്യരാക്കുന്നതിനുള്ള നടപടി സ്വയമേ സ്വീകരിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് കഴിയില്ല. ഇപ്രകാരം കമ്മിഷൻ മുമ്പാകെ റഫറൻസ് നടത്തുന്നതിന് ചീഫ് ഇലക്ടറൽ ഓഫീസറെ സർക്കാർ അധികാരപ്പെടുത്തിയിട്ടില്ല. അതിനാൽ, ഇതു സംബന്ധിച്ച അപേക്ഷയിന്മേൽ നടപടി സ്വീകരിക്കാൻ നിർവാഹമില്ലെന്ന് ചീഫ് ഇലക്ടറൽ ഓഫീസറെ അറിയിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.