തിരുവനന്തപുരം: എറണാകുളം ചൂർണിക്കരയിൽ നെൽവയൽ നികത്താൻ വ്യാജരേഖ ചമച്ചതിനെക്കുറിച്ച് വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി ഇന്നലെ ഉത്തരവിട്ടു. എറണാകുളം റേഞ്ചിനാവും മിക്കവാറും അന്വേഷണച്ചുമതല. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ മുഖ്യമന്ത്രിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
തൃശൂർ മതിലകം മുളമ്പറമ്പിൽ വീട്ടിൽ ഹംസയുടെ കുടുംബാംഗങ്ങളുടെ പേരിലുള്ള 25 സെന്റ് നിലം പുരയിടമാക്കി മാറ്റാനാണ് വ്യാജരേഖ ചമച്ചത്. ലാൻഡ് റവന്യൂ കമ്മിഷണറുടെ പേരിലാണ് വ്യാജരേഖ തയ്യാറാക്കിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി കത്ത് നൽകിയത്. ലാൻഡ് റവന്യു കമ്മിഷണർ യു.വി. ജോസ് മ്യൂസിയം പൊലീസിൽ പരാതിയും നൽകിയിരുന്നു. മ്യൂസിയം പൊലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ റവന്യു സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും വകുപ്പുതല അന്വേഷണം തുടങ്ങിയതായും മന്ത്രി ഇ. ചന്ദ്രശേഖരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ലാൻഡ് റവന്യൂ കമ്മിഷണർ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ടോയെന്നും സമാനമായ സംഭവങ്ങൾ നേരത്തേ നടന്നിട്ടുണ്ടോയെന്നും പരിശോധിക്കും. സംഭവവുമായി ബന്ധപ്പെട്ട ഫയലുകൾ വിശദമായി പരിശോധിച്ചു വരുന്നു. നിലവിലെ നിയമത്തിന് എതിരായ ഉത്തരവുണ്ടായിട്ടുണ്ടോ എന്നതും കണ്ടെത്തണം. വലിയൊരു സംഘം ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതായാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തലെന്നും മന്ത്രി പറഞ്ഞു.