കോവളം : വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനുള കരിങ്കല്ല് കിട്ടാതെ പ്രതിസന്ധിയിലാണെന്ന് കാണിച്ച് അദാനി ഗ്രൂപ്പ് സർക്കാരിന് റിപ്പോർട്ട് നൽകി. സംസ്ഥാനത്തെ പാറമടകളിൽ നിന്ന് ഖനനം നടത്താനുള്ള അനുമതി വൈകുന്നതാണ് കാരണമെന്നും അദാനി വ്യക്തമാക്കുന്നു. കരിങ്കല്ല് ക്ഷാമം പദ്ധതിയെ ബാധിക്കുന്ന അവസ്ഥയിൽ നിശ്ചിതസമയത്തിനകം നിർമ്മാണം പൂർത്തിയാക്കാനാവില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കമ്പനി. പദ്ധതിയുടെ നിർമാണപുരോഗതി വിശദീകരിച്ചുകൊണ്ട് മാസംതോറും അദാനി ഗ്രൂപ്പ് സർക്കാരിന് സമർപ്പിക്കാറുള്ള റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ഗുജറാത്തിൽ നിന്നും തൂത്തുക്കുടിയിൽ നിന്നും കടൽമാർഗം കരിങ്കല്ല് എത്തിച്ചെങ്കിലും പദ്ധതി പൂർത്തിയാക്കാൻ ഇനിയും കരിങ്കല്ല് ആവശ്യമാണ്. തിരുവനന്തപുരത്തും സമീപ ജില്ലകളിലുമുള്ള പാറമടകളിൽ നിന്ന് ഖനനം ചെയ്യുന്നതിന് കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ അപേക്ഷകൾ നൽകിയെങ്കിലും ഒരെണ്ണത്തിനു മാത്രമാണ് പാരിസ്ഥിതികാനുമതി ലഭിച്ചത്. വിവിധ വകുപ്പുകളിൽ നിന്നുള്ള അനുമതിക്ക് ഏറെ കാലതാമസം നേരിടുകയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ അദാനി ഗ്രൂപ്പ് സമർപ്പിക്കുന്ന അപേക്ഷകളിൽ പലതും അപൂർണമാണെന്ന് വിവിധ വകുപ്പ് അധികൃതർ ആരോപിക്കുന്നു.
കരിങ്കല്ല് ക്ഷാമം ബാധിച്ചത്: 3.1കി.മീ നീളമുള്ള പുലിമുട്ട് നിർമ്മാണത്തെ
പ്രാദേശിക കരാറുകാർ എത്തിക്കുന്നത്: പ്രതിദിനം 2500 മെട്രിക് ടൺ കരിങ്കല്ല്
പുലിമുട്ട് പൂർത്തിയാക്കാൻ വേണ്ടത്: 70 ലക്ഷം മെട്രിക് ടൺ കരിങ്കല്ല്
ആദ്യഘട്ടം പൂർത്തിയാക്കേണ്ടത്: ഈ വർഷം ഡിസംബറിൽ
അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടത്: 15 മാസം കൂടി സമയം നീട്ടി നൽകാൻ
സർക്കാർ ഇതുവരെ മറുപടി നൽകിയിട്ടില്ല.