ഐ.പി.എൽ പ്രാഥമിക റൗണ്ട് മത്സരങ്ങൾ അവസാനിക്കുമ്പോൾ ഒാർമ്മയിൽ തങ്ങി നിൽക്കുന്ന പ്രധാന സംഭവ വികാസങ്ങളെക്കുറിച്ച്
1. അമ്പയർമാരെ പഠിപ്പിച്ച ധോണി
ക്യാപ്ടൻ കൂളിന് ശാന്തത നഷ്ടമായി ഗ്രൗണ്ടിലേക്കിറങ്ങിവന്ന് അമ്പയർമാരെ പാഠം പഠിപ്പിക്കാൻ തുനിഞ്ഞത് 11ന് ജയ്പൂരിൽ രാജസ്ഥാൻ റോയൽ സിനെതിരെ നടന്ന മത്സരത്തിൽ ചേസ് ചെയ്ത് ജയത്തിനടുത്തെത്തിയ ചെന്നൈയ്ക്ക് ഒരു നോബാൾ വിളിച്ചശേഷം നിഷേധിച്ചതാണ് ഒൗട്ടായി മടങ്ങിയിരുന്ന ധോണിയെ പ്രകോപിച്ചത്. തിരിച്ചെത്തി ധോണി ഉടക്കുന്നത് കാണികൾ അദ്ഭുതത്തോടെയാണ് കണ്ടത്. മാച്ച് ഫീയുടെ 50 ശതമാനം പിഴയടച്ച് ധോണി തലയൂരിയെങ്കിലും ഒരുപാട് വിമർശനങ്ങൾ ഇൗ പ്രവൃത്തി വാങ്ങിക്കൂട്ടി.
2. അശ്വിന്റെ മങ്കാഡിംഗ്
ജയിക്കാൻ എന്തും ചെയ്യുമെന്ന മാനസികാവസ്ഥയിലായിരുന്ന പഞ്ചാബ് കിംഗ്സ് ക്യാപ്ടൻ രവിചന്ദ്രൻ അശ്വിൻ രാജസ്ഥാൻ റോയൽസിന്റെ ജോസ് ബട്ട്‌ലറെ മങ്കാഡിംഗിലൂടെ പുറത്താക്കിയത് മാർച്ച് 25ന്. മങ്കാഡിംഗ് നിയമപരമായി ശരിയാണെന്ന് അശ്വിൻ. മുന്നറിയിപ്പ് നൽകുകയെന്ന മാന്യത കാട്ടിയില്ലെന്ന് ദ്രാവിഡ് ഉൾപ്പെടെയുള്ള വിമർശകർ. ക്രിക്കറ്റ് മാന്യന്മാരുടെ കളിയെങ്കിലും ഐ.പി.എൽ അങ്ങനെയല്ലെന്ന് ഒരിക്കൽകൂടി തെളിഞ്ഞു.
3. റസൽ മാനിയ
ഇൗ സീസണിൽ തമ്മിലടിയും തൊഴുത്തിൽക്കുത്തുമായി കരിഞ്ഞുണങ്ങിയ ഷാറൂഖ് ഖാന്റെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ആകെയുള്ള ആശ്വാസം ആന്ദ്രേ റസലിന്റെ ആൾ റൗണ്ട് പെർഫോമൻസായിരുന്നു.
ബാംഗ്ളൂരിനെതിരെ 13 പന്തിൽ 48, 25 പന്തിൽ 65 എന്നിങ്ങനെ റസൽ തകർത്താടി 13 കളികളിൽ നിന്ന് 510 റൺസടിച്ച് ടീമിന്റെ ടോപ് സ്കോററായി.
4. ആറുകൊല്ലത്തിന് ശേഷം ഡൽഹി
ആറ് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഡൽഹിയിൽ നിന്നുള്ള ഐ.പി.എൽ ഫ്രാഞ്ചൈസി ഐ.പി.എൽ പ്ളേ ഒാഫിലെത്തിയത്. ഡെയർ ഡെവിൾസ് ക്യാപ്പിറ്റൽസ് എന്ന പേരുമാറി ശ്രേയസ് അയ്യർ, പൃഥ്വിഷാ, ഋഷഭ് പന്ത് തുടങ്ങിയ യുവനിരയെ അരങ്ങിലും റിക്കി പോണ്ടിംഗ്, സൗരവ് ഗാംഗുലി, കൈഫ് തുടങ്ങിയവരെ അണിയറയിലും നിയോഗിച്ചതോടെയാണ് വിധി മാറിയത്. പ്രാഥമിക റൗണ്ടിൽ മൂന്നാംസ്ഥാനക്കാരായാണ് ഡൽഹിയുടെ ഫിനിഷ്.