ബാഴ്സലോണ -ലിവർപൂൾ രണ്ടാംപാദ സെമിഫൈനൽ ഇന്ന്
ലിവർപൂൾ നിരയിൽ മുഹമ്മദ് സലയും ഫിർമിനോയുമില്ല
ലിവർപൂൾ : ഇടിവെട്ടും പാമ്പുകടിയും കഴിഞ്ഞ് ഇലക്ട്രിക് ഷോക്കേറ്റയാളിന്റെ സ്ഥിതിയിലാണ് ഇംഗ്ളീഷ് ഫുട്ബാൾ ക്ളബ് ലിവർപൂളിന്റെ ജർമ്മൻ പരിശീലകൻ യൂർഗൻ ക്ളോപ്പ്.
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നുരാത്രി സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണയുമായി രണ്ടാംപാദ സെമിഫൈനലിനിറങ്ങുകയാണ് ക്ളോപ്പിന്റെ കുട്ടികൾ. ആദ്യപാദത്തിൽ ഇടിമിന്നലുപോലെ പുളഞ്ഞിറങ്ങിയ മൂന്ന് ബാഴ്സ ഗോളുകൾ നൽകിയ ആഘാതത്തിൽനിന്ന് ഉണർന്നിട്ടില്ല ഇംഗ്ളീഷ് ചെങ്കുപ്പായക്കാർ. അതിന്റെ പിന്നാലെ ഇംഗ്ളീഷ് പ്രിമിയർ ലീഗിലെ നിർണായക മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ ജയിച്ച് കിരീടപ്രതീക്ഷ നിലനിറുത്തിയെങ്കിലും സൂപ്പർ സ്ട്രൈക്കർ മുഹമ്മദ് സലയ്ക്ക് തലയ്ക്ക് പരിക്കേറ്റത് അടുത്ത ആഘാതമായി. സലയില്ലെങ്കിൽ പകരം വയ്ക്കാവുന്ന ബ്രസീലിയൻ സ്ട്രൈക്കർ റോബർട്ടോ ഫിർമിനോയ്ക്കും ഇന്ന് കളത്തിലിറങ്ങാൻ കഴിയാത്തതോടെ ചുരുങ്ങിയത് നാലുഗോളുകളെങ്കിലും സ്കോർ ചെയ്താലേ ഫൈനലിലെത്താനാകൂ എന്ന സ്ഥിയിലുള്ള ലിവർപൂളിന് സെമിയൊരു ബാലികേറാ മലതന്നെ.
ന്യൂകാസിൽ ഗോളിയുമായി കൂട്ടിയിടിച്ച് വീണ സലയെ പിച്ചിൽനിന്ന് സ്ട്രെച്ചറിലാണ് പുറത്തേക്ക് മാറ്റിയത്. ഒരുപക്ഷേ 12-ാം തീയതി നടക്കുന്ന പ്രിമിയർ ലീഗിലെ അവസാന മത്സരത്തിൽ സല കളിച്ചേക്കുമെങ്കിലും ചാമ്പ്യൻസ് ലീഗിൽ കളിപ്പിക്കാനാകില്ലെന്ന് ക്ളോപ്പ് ഇന്നലെ ഉറപ്പിച്ചുപറഞ്ഞു. പേശിവലിവ് കാരണം ഫിർമിനോ ന്യൂകാസിലിനെതിരായ മത്സരത്തിലും കളിച്ചിരുന്നില്ല.
ഇരുവരുടെയും അഭാവത്തിൽ സാഡിയോ മാനോ, വിയനാൽഡം, ഫബീഞ്ഞോ, ഷാക്കീരി, വാൻഡിക് , ഒറിജി തുടങ്ങിയവരിലാണ് ലിവർപൂളിന്റെ പ്രതീക്ഷ.
ലോകത്തിലെ ഏറ്റവും മികച്ച രണ്ട് സ്ട്രൈക്കർമാരുമില്ലാതെ കളിക്കുകയും നാല് ഗോളെങ്കിലും അടിക്കുകയും വേണം. ഇതത്ര നിസാരകാര്യമല്ല. പക്ഷേ ഗ്രൗണ്ടിൽ 11 പേരുമായി ഞങ്ങൾ ഇറങ്ങും. ഞങ്ങൾക്കത് സാധിച്ചാൽ മഹാദ്ഭുതമായിരിക്കും. അല്ലെങ്കിൽ മനോഹരമായി തോൽക്കും.
യൂർഗൻ ക്ളോപ്പ്
ലിവർപൂൾ കോച്ച്
3-0
ബാഴ്സലോണയുടെ തട്ടകത്തിൽ നടന്ന ആദ്യപാദ സെമിഫൈനലിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ജയിച്ച ബാഴ്സ സെമി ഉറപ്പിച്ച സ്ഥിതിയിലാണ്. സൂപ്പർ സ്റ്റാർ മെസി രണ്ടുഗോളുകളാണ് നേടിയത്. സുവാരേസ് ഒരു ഗോളും. മെസി 600 ഗോളുകൾ തികച്ചതും ഇൗ മത്സരത്തിലായിരുന്നു.
2006
ലാണ് അവസാനമായി ലിവർപൂൾ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത്.
അതിനുശേഷം 2007 ലും 2018 ലും ഫൈനലിലെത്തിയെങ്കിലും വിജയിക്കാനായില്ല.
5
തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടുള്ള ഏക ഇംഗ്ളീഷ് ക്ളബാണ് ലിവർപൂൾ
2015
ലാണ് ബാഴ്സലോണ അവസാനമായി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കളിച്ചത്. അന്ന് യുവന്റസിനെ 3-1ന് കീഴടക്കി കിരീടവും നേടി.
5
തവണ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ടീമാണ് ബാഴ്സലോണ
ടിവി ലൈവ്
ലിവർപൂൾ Vs ബാഴ്സലോണ
രാത്രി 12.30 മുതൽ
ടെൻ ചാനലുകളിൽ