cm

 കുടുംബസമേതം കേരളത്തിൽ

തിരുവനന്തപുരം: തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു ഇന്നലെ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിൽ സന്ദർശിച്ചു. ഏഴു മണിയോടെ എത്തിയ റാവു ഒരു മണിക്കൂറോളം പിണറായിയുമായി ചർച്ച നടത്തി.

ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടു പിന്നാലെയുള്ള സന്ദർശനത്തിന് രാഷ്ട്രീയ കേന്ദ്രങ്ങൾ പ്രാധാന്യം കാണുന്നുണ്ട്. ദേശീയ തലത്തിൽ ബി.ജെ.പി, കോൺഗ്രസ് വിരുദ്ധ ചേരിയായി നിൽക്കുന്ന ഫെഡറൽ ഫ്രണ്ടിനെ ശക്തിപ്പെടുത്താൻ പിന്തുണ അഭ്യർത്ഥിച്ചാണ് അദ്ദേഹത്തിന്റെ വരവെന്ന് കരുതുന്നു. ഡി.എം.കെ നേതാവ് സ്റ്രാലിനുമായി കൂടിക്കാഴ്ച നടത്താനും റാവു ശ്രമിക്കുന്നുണ്ട്.

പിണറായിക്കൊപ്പം ഭക്ഷണം കഴിച്ച ശേഷമാണ് ചന്ദ്രശേഖർ റാവു മടങ്ങിയത്. ടി.ആർ.എസ് എം.പിമാരായ സന്തോഷ്‌കുമാർ, വിനോദ്കുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി ഇന്നലെ വൈകിട്ടാണ് ചന്ദ്രശേഖർ റാവു തിരുവനന്തപുരത്തെത്തിയത്. ഭാര്യ കെ. ശോഭയും രണ്ടു പേരക്കുട്ടികളും അദ്ദേഹത്തോടൊപ്പമുണ്ട്. വൈകിട്ട് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ അദ്ദേഹം കുടുംബസമേതം ദർശനം നടത്തി. കോവളത്ത് തങ്ങുന്ന സംഘം നാളെ ഉച്ചയ്ക്കു ശേഷം കന്യാകുമാരിയിലേക്ക് പോകും. അവിടുന്ന് ഹൈദരാബാദിലേക്ക് മടങ്ങും.