കായംകുളം: മഹാരാഷ്ട്ര സ്വദേശിയായ സ്വർണ വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് അര കിലോ സ്വർണാഭരണങ്ങളും ഒന്നേകാൽ ലക്ഷം രൂപയും കവർന്നു. ചേരാവള്ളി ഇല്ലത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന വ്യാപാരി സന്തോഷ് പവാറിന്റെ (39) വീട്ടിലാണ് മോഷണം നടന്നത്.
8 ഗ്രാമിന്റെ 2 വളകൾ, 50 ഗ്രാമിന്റെ നെക്ലസ്, 25 കുട്ടിവളകൾ, കൈ ചെയിനുകൾ, മോതിരം, കമ്മൽ, ലോക്കറ്റ്, 14 ഗ്രാം ബോംബെ ചെയിൻ, താലി, കൊളുത്ത് എന്നിവയും പണവുമാണ് മോഷണം പോയത്. 4ന് രാത്രി സന്തോഷ് പവാറും കുടുംബവും ചേർത്തലയിലുള്ള ബന്ധുവീട്ടിൽ പോയി ഇന്നലെ മടങ്ങിയെത്തിയപ്പോൾ വീടിന്റെ മുൻ വശത്തെ കതക് കുത്തിത്തുറന്ന നിലയിൽ കണ്ടു. ഉള്ളിൽ കയറിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. മെത്തയ്ക്കടിയിൽ സൂക്ഷിച്ചിരുന്ന താക്കോൽ എടുത്ത് അലമാര തുറന്നാണ് മോഷണം നടത്തിയത്. മോഷ്ടാവ് വീടിന്റെ പിൻവശത്തെ കതക് തുറന്ന് രക്ഷപ്പെട്ടു. വീടിനെ കുറിച്ച് വ്യക്തമായ അറിവുള്ളവരായിരിക്കാം സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ സംശയം. സ്ഥലത്തെ മോഷ്ടാക്കളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.