africa

പോക്കറ്റിലെ കനം അനുസരിച്ചാകും ടൂറിസ്റ്റുകൾ താമസിക്കാൻ ഹോട്ടലുകൾ തിരഞ്ഞെടുക്കുക. കാശ് കൂടുതലുണ്ടെങ്കിൽ മുന്തിയ ഹോട്ടൽ, അല്ലെങ്കിൽ ഇടത്തരം. എ.സി, നീന്തൽക്കുളം തുടങ്ങിയവയൊക്കെ ഉണ്ടെങ്കിൽ അത്രയും നന്ന്. ഭക്ഷണം മുറിയിൽതന്നെ സെർവ് ചെയ്ത് കിട്ടിയാൽ സന്തോഷം. എന്നാൽ, ഇതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമാണ് ഈ ഹോട്ടൽ. എന്നുമാത്രമല്ല, താമസിക്കാൻ അത്ര ചെലവുമില്ല. ഭൂമിക്കടിയിലാണ് ഈ ഹോട്ടൽ എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

തെക്കു കിഴക്കേ ആഫ്രിക്കയിലെ ജനസാന്ദ്രത കൂടിയ ജനാധിപത്യ രാഷ്ട്രമായ മലാവിയിലാണ് ഈ ഹോട്ടൽ. ഷിഫുണ്ടു എന്ന ഗ്രാമവാസിയാണ് ഈ ഹോട്ടൽ പണിതത്. ഹോട്ടലിന് പേരിട്ടിട്ടില്ല. എങ്കിലും സംഗതി യൂ ട്യൂബിൽ ഹിറ്റായതോടെ വിദേശികൾ ഇവിടേക്ക് എത്തുന്നുണ്ട്. പത്ത് മുറിയുണ്ട് ഭൂമിക്കടിയിലുള്ള ഈ ഹോട്ടലിന്. പതിനൊന്ന് (1974 മുതൽ 1985വരെ) വർഷമെടുത്തു ഹോട്ടൽ പണി തീർക്കാൻ. കൃത്യമായി പറഞ്ഞാൽ 132 മാസം, 4,092 ദിവസം, 98,208 മണിക്കൂർ. ഷിഫുണ്ടു ഒറ്റയ്ക്ക് പ്രയത്നിച്ചാണ് ഹോട്ടൽ യാഥാർത്ഥ്യമാക്കിയത്. അതോടെ ഹോട്ടലിനൊപ്പം ഇദ്ദേഹവും പ്രശസ്തനായി.

room

മുറികൾക്ക് ഓരോന്നിനും പ്രത്യേകത അനുസരിച്ച് ഒരു ഡോളർ അല്ലെങ്കിൽ രണ്ട് ഡോളർ മാത്രമാണ് വാടക. മുറികളിൽ വൈദ്യുതിയൊന്നുമില്ല. മെഴുകുതിരി വെട്ടംതന്നെ ശരണം. ഭൂമിക്കടിയിലായതിനാൽ എ.സി വേണ്ട, നല്ല തണുപ്പുണ്ട്. അടുക്കള സൗകര്യമുണ്ട്. പക്ഷേ, അത് പുറത്താണ്. പഴയ രീതിയിൽ വിറക് കത്തിച്ച് ഭക്ഷണം പാകം ചെയ്യണം. ഗോൾഡ് ബെർഗ് എന്ന യാത്രികനാണ് ഈ ഹോട്ടലിനെ ലോകത്തിന് പരിചയപ്പെടുത്തിയത്. തന്റെ യു ട്യൂബ് ചാനലിലൂടെയും ബ്ളോഗിലൂടെയും ഗോൾഡ് ബെർഗ് ഇതിന് നല്ല പബ്ളിസിറ്റി നൽകി.