crime

കോട്ടയം: എസ്.എച്ച് മൗണ്ടിലെ ഫിനിക്സ് വിസാ തട്ടിപ്പ് കേസിൽ പ്രധാന പ്രതി റോബിൻ മാത്യു വിദേശത്തേക്ക് കടന്നത് ബാങ്കിൽ നിന്ന് പിൻവലിച്ച 55 ലക്ഷം രൂപയുമായി. അക്കൗണ്ടിൽ ഇനി അവശേഷിക്കുന്നത് അയ്യായിരം രൂപ മാത്രം. വ്യാജ വിസയിൽ കാനഡയിലേക്ക് ഇയാൾ കടന്നതായാണ് പൊലീസിന് ലഭിക്കുന്ന സൂചന. തട്ടിയെടുത്ത പണം എങ്ങനെ വിദേശത്തേക്ക് കടത്തിയെന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. ഇയാളെ നാട്ടിലെത്തിക്കാൻ ഇന്റർപോളിന്റെ സഹായം തേടും.

അതേസമയം, ഓരോ ദിവസം കഴിയുംതോറും തട്ടിപ്പിനിരയായവരുടെ എണ്ണം വർധിച്ചു വരികയാണ്. ഇപ്പോൾ മുന്നൂറോളം പേർ തട്ടിപ്പിനിരയായതെന്നാണ് അറിയുന്നത്. ഏകദേശം അഞ്ചു കോടി രൂപയാണ് ഇതിലൂടെ തട്ടിയെടുത്തത്. കൈപ്പുഴ ഇടമറ്റം റോബിന്റെ പിതാവ് മാത്യു, റോബിന്റെ അനുജൻ, നാട്ടകം പള്ളം കരിമ്പിൻകാല വഴിയിൽപ്പറമ്പിൽ നവീൻകുമാർ (29), കൊല്ലാട് നാൽക്കവല പുത്തേട്ട് വീട്ടിൽ ജയിംസ് വർഗീസ് (30) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ തായ്ലന്റിലേക്ക് കടന്ന നവീൻകുമാറിനെയും ജയിംസിനെയും ഇന്റർപോളിന്റെ സഹായത്തോടെ വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.