കൊച്ചി: ഭീകരവാദ സംഘടനായ ഐസിസിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്ത കേസിൽ ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിൽ വാങ്ങിയ പ്രതി പാലക്കാട് സ്വദേശി റിയാസ് അബൂബക്കറെ (29) റോ, മിലിട്ടറി ഇന്റലിജൻസ് മേധാവികൾ ചോദ്യം ചെയ്യും. കേരളത്തിൽ ഐസിസിനായി ചാവേറാകാൻ താൻ ആഗ്രഹിച്ചിരുന്നതായി എൻ.ഐ.എയോട് വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മറ്റ് അന്വേഷണ ഏജൻസി തലവന്മാർ കൂടി ഇയാളെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. ശ്രീലങ്കൻ സ്ഫോടനത്തിലെ കേരള ബന്ധം കണ്ടെത്താനായി മിലിട്ടറി ഇന്റലിജൻസ്, റോ, എൻ.ഐ.എ, ഇന്റലിജൻസ് ബ്യൂറോ എന്നിവയുടെ സംയുക്ത സംഘം കഴിഞ്ഞ ദിവസം മുതൽ കൊച്ചിയിൽ തമ്പടിക്കുകയാണ്. എൻ.ഐ.എ ഐ.ജി. അലോക് മിത്തലാണ് അന്വേഷണം ഏകോപിപ്പിക്കുന്നത്. നാല് ദിവസത്തേക്കാണ് റിയാസിനെ കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്. നിലവിൽ, റിയാസിനെ എൻ.ഐ.എ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരികയാണ്.
ഐസിസിൽ ചേരാൻ നാടുവിട്ടവരെക്കുറിച്ച് അറിയാനും വേറെ ഐസിസ് അനുകൂല ഗ്രൂപ്പുകൾ (മൊഡ്യൂളുകൾ) കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടോയെന്ന് കണ്ടെത്താനുമാണ് എൻ.ഐ.എയുടെ ശ്രമം. ചോദ്യം ചെയ്യലിൽ ഇക്കാര്യങ്ങൾ പുറത്ത് കൊണ്ടുവരാനാകുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.റിയാസിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ മറ്റ് അന്വേഷണ ഏൻജൻസികൾക്കും കൈമാറിയേക്കും. ശ്രീലങ്കയിൽ ചാവേറാക്രമണം നടത്തിയ സഹ്റാൻ ഹാഷിമിന്റെ പ്രഭാഷണങ്ങളും വീഡിയോകളും ഒരു വർഷമായി പിന്തുടരുന്നുണ്ടെന്ന് വെളിപ്പെടുത്തിയ റിയാസ് സക്കീർ നായിക്കിന്റെ പ്രഭാഷണങ്ങളും തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘത്തോട് സമ്മതിച്ചിട്ടുണ്ട്. ഐസിസ് റിക്രൂട്ട്മെന്റ് കേസിൽ ഒളിവിൽ കഴിയുന്ന ഒന്നാം പ്രതി അബ്ദുൾ റാഷിദുമായും ഒളിവിൽ കഴിയുന്ന മറ്റൊരു പ്രതിയുമായും 2016 മുതൽ ഒാൺലൈൻ ചാറ്റിംഗ് ഉണ്ടെന്നും ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്താൻ ആഹ്വാനം ചെയ്യുന്നതുൾപ്പെടെ റാഷിദിന്റെ ആഡിയോ ക്ളിപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിട്ടുണ്ടെന്നും എൻ.ഐ.എ കണ്ടെത്തിയിട്ടുണ്ട്. ഏപ്രിൽ 29നാണ് ഇയാളെ എൻ.ഐ.എ അറസ്റ്റ് ചെയ്തത്.
അതേസമയം, റിയാസ് അബൂബക്കറിന് പുറമെ ഐസിസ് കേസിൽ ഇന്നലെ എൻ.ഐ.എ പ്രതി ചേർത്ത മൂന്ന് പേർ ഒളിവിലുള്ള അബ്ദുൾ റാഷിദിന്റെയടക്കം നിർദ്ദേശപ്രകാരം ഒറ്റ ഗ്രൂപ്പായി തീവ്രവാദങ്ങൾക്ക് ആസൂത്രണങ്ങൾ നടത്തി വരികയായിരുന്നു. ഖത്തറിൽ കഴിയുന്ന കൊല്ലം കരുനാഗപ്പള്ളി ചങ്ങൻകുളങ്ങര അനസ് ഫ്ളോർ മില്ലിനു സമീപം വക്കേത്തറയിൽ അബു മർവാൻ അൽ ഹിന്ദി എന്നറിയപ്പെടുന്ന മുഹമ്മദ് ഫൈസൽ (29), കാസർകോട് കളിയങ്ങാട് പള്ളിക്കൽ മൻസിലിൽ അബു ഈസ എന്ന പി.എ. അബൂബക്കർ സിദ്ദിഖ് (28), കാസർകോട് എരുത്തുംകടവ് വിദ്യാനഗർ സിനാൻ മൻസിലിൽ അഹമ്മദ് അറാഫത്ത് എന്നിവരെയാണ് ഇന്നലെ പ്രതി ചേർത്തത്. കാസർകോട്ട് നിന്ന് യുവാക്കളെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്ത കേസിലാണിത്.