കാസർകോട്: ഞായറാഴ്ച രാത്രി തുടങ്ങിയ പെരിയ കല്യോട്ടെ സി.പി.എം- കോൺഗ്രസ് സംഘർഷത്തിന് ശമനമായില്ല. കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർ അംഗങ്ങളായിരുന്ന കല്യോട്ടെ വാദ്യകലാ സംഘത്തിന്റെ ഓഫീസ് അടിച്ചു തകർക്കുകയും തീയിട്ടു നശിപ്പിക്കുകയും ചെയ്തു. ഇന്നലെ വൈകുന്നേരം കല്യോട്ട് സംഘടിപ്പിച്ച സി.പി.എം പ്രതിഷേധ യോഗം കഴിഞ്ഞു തിരിച്ചുപോകുന്നവരാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നിയന്ത്രണത്തിലുള്ള വാദ്യകലാ സംഘം ഓഫീസ് കത്തിച്ചത്. ഉന്നത പൊലീസ് ഓഫീസർമാരുടെ നേതൃത്വത്തിൽ പൊലീസുകാർ നോക്കിനിൽക്കെയാണ് സി.പി.എമ്മുകാർ അതിക്രമം നടത്തിയതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
വാദ്യകലാസംഘം കല്യോട്ടുണ്ടാക്കുകയും അതിന്റെ ജീവനായി പ്രവർത്തിച്ചതും കൊല്ലപ്പെട്ട ശരത് ലാലും കൃപേഷുമായിരുന്നു. കല്യോട്ട് ടൗണിൽ തന്നെയുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകൻ ശശിയുടെ സ്മാരക സ്തൂപവും ഒരു സംഘമാളുകൾ അടിച്ചു തകർത്തു. കൊല്ലപ്പെട്ട യുവാക്കളുടെ കുഴിമാടത്തിന് അടുത്തേക്ക് ഒരുവിഭാഗം പോകാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു പിന്തിരിപ്പിക്കുകയായിരുന്നുവെന്നും പറയുന്നു. അതിനിടെ 25 ഓളം വരുന്ന സംഘം കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛൻ കൃഷ്ണന്റെ വീടിന് സമീപം എത്തി ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ടായി. നിന്നെ ജീവിക്കാൻ വിടില്ലെന്നും കൃപേഷിന്റെ ഗതി തന്നെ ഉണ്ടാകുമെന്നും വിളിച്ചു പറഞ്ഞതായി കോൺഗ്രസ് ആരോപിച്ചു. സംഭവങ്ങൾ സംബന്ധിച്ച് നൽകിയ പരാതികളിൽ ബേക്കൽ പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. വാദ്യകലാസംഘം ഓഫീസ് കത്തിച്ചതിനും സി.പി.എം പ്രവർത്തകരുടെ പേരിൽ കേസെടുത്തിട്ടുണ്ട്. കല്യോട്ടെ ദീപു കൃഷ്ണന്റെ വീടിന് നേരെ ഉണ്ടായ ബോംബാക്രമണത്തിൽ ബേക്കൽ പൊലീസ് കേസെടുത്തിട്ടുണ്ട്. വീര്യം കുറഞ്ഞ പെട്രോൾ ബോംബാണ് എറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച പുലർച്ചെ വീടിന് നേരെ അക്രമമുണ്ടായതിനെ തുടർന്ന് സംഘടിച്ച കോൺഗ്രസ് പ്രവർത്തകരെ പിരിച്ചുവിടുന്നതിന് പൊലീസ് ലാത്തിച്ചാർജ്ജ് നടത്തിയിരുന്നു. ഇതിനിടെ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റ സംഭവത്തിൽ എട്ട് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റുചെയ്തു. ഇവർ റിമാൻഡിലാണ്. സി.പി.എം പ്രവർത്തകരായ വത്സൻ, ബാലകൃഷ്ണൻ തുടങ്ങിയവരുടെ വീടുകൾക്ക് നേരെയും വാഹനങ്ങൾക്ക് നേരെയും നടന്ന അക്രമസംഭവത്തിലും പൊലീസ് കേസെടുത്തിട്ടുണ്ട്.