asthma

അമിത പ്രതിരോധ ശേഷി മൂലം ശ്വസന നാളിയിലുണ്ടാകുന്ന ചുരുക്കമാണ് ആസ്ത്‌മ. ഈ അമിത പ്രതിരോധം ശ്വസന നാളിയിലുണ്ടാക്കുന്ന നീർവീക്കമാണ് രോഗലക്ഷണമായ ചുമ, കുറുങ്ങൽ, ശ്വാസ തടസം എന്നിവയ്ക്ക് കാരണം. പൊടിപടലങ്ങൾ, പൂമ്പൊടികൾ, പുക, കാലവാസ്ഥാ വ്യതിയാനങ്ങൾ, അണുബാധ എന്നിവയാണ് ഈ നീർവീക്കത്തിന് കാരണം. ഇന്ത്യയിൽ 10 കോടി ആസ്ത്‌മ രോഗികൾ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

കാരണങ്ങൾ

ആസ്ത്‌മ ഒരു പാരമ്പര്യ രോഗമാണെന്ന് വിശേഷിപ്പിക്കാൻ പറ്റില്ലെങ്കിലും ഒരു ജനിതക ഘടകം ഉണ്ടെന്നുതന്നെ പറയാം. അലർജിയുള്ള 30 ശതമാനം വ്യക്തികളിൽ ആസ്ത്‌മ ഉണ്ടാകാം. ചികിത്സിച്ച് ഭേദമാക്കുന്ന ഒരു രോഗമല്ല ആസ്ത്‌മ. പക്ഷെ ശരിയായ ചികിത്സയും ജീവിതരീതി മാറ്റങ്ങളും കൊണ്ട് ഈ രോഗത്തെ നിയന്ത്രിച്ചു നിറുത്താം. രോഗലക്ഷണങ്ങൾ, ശ്വാസതടസം എന്നിവ വിലയിരുത്തിയാണ് രോഗ നിർണയം നടത്തുന്നത്.

ചികിത്സ

അന്താരാഷ്ട്ര സംഘടനയായ ജി.ഐ.എൻ.എയുടെ മാനദണ്ഡമനുസരിച്ചാണ് ആസ്ത്മയുടെ ചികിത്സ നിർണയിക്കുന്നത്. പ്രധാനമായും കണിക രൂപത്തിലുള്ള മരുന്നുകളാണ് ഉപയോഗിക്കുന്നത്. ഈ മരുന്നുകൾ ശ്വസന നാളങ്ങളുടെ ഭിത്തികളിലുണ്ടാവുന്ന നീർക്കെട്ട് തടയാൻ ഉപകരിക്കും. തന്മൂലം ശ്വസന നാളങ്ങളുടെയും ശ്വാസകോശങ്ങളുടെയും പ്രവർത്തന ക്ഷമത നിലനിറുത്തുകയും ചെയ്യും. ഇൻഹെയിലർ മരുന്നുകൾ പാർശ്വഫലങ്ങളുള്ളതാണെന്നും ക്രമേണ ഡോസ് അധികരിക്കുകയും ഗർഭിണികളിൽ ഉപയോഗിച്ചാൽ ഇവ കുഞ്ഞിന് അംഗവൈകല്യങ്ങൾ ഉണ്ടാകുമെന്നും ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ട്. അതൊന്നും സത്യമല്ല.

ഡോക്ടർ നിർദ്ദേശിച്ച പ്രകാരം ഇൻഹെയിലർ ഉപയോഗിക്കുകയാണെങ്കിൽ പാർശ്വഫലങ്ങൾ പരിമിതമായ മരുന്നുകളാണിവ. ഈ മരുന്നുകൾ ശ്വസനനാളങ്ങളുടെ ഫംഗ്ഷൻ നിലനിറുത്തുകയും ചെയ്യും. ഗർഭിണികളിൽ ഇൻഹേലർ സേഫ് ആയ മരുന്നുകൾ അമ്മയുടെ ശ്വാസനാളങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തി ഗർഭസ്ഥശിശുവിന്റെ ആരോഗ്യം പരോക്ഷമായും നിലനിറുത്താൻ സഹായിക്കും. മരണ നിരക്ക് കുറവാണെങ്കിലും സാമ്പത്തിക പരാധീനതകൾ ഉണ്ടാക്കുന്ന രോഗമാണ് ആസ്ത്‌മ. അതുകൊണ്ട് ഈ രോഗത്തിന്റെ എക്കണോമിക് ഇംപാക്ട് വലുതാണ്. അതുകൊണ്ട് കൃത്യമായ രോഗ നിർണയം നടത്തുകയും വേണ്ട പ്രകാരം ചികിത്സയും മാർഗ നിർദ്ദേശവും സ്വീകരിക്കുകയും ചെയ്യുന്നത് ആസ്ത്‌മ എന്ന രോഗത്തെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്.