madyapradesh

ഭണ്ഡാർപാനി: 42 ഡിഗ്രി കൊടും ചൂടിൽ വോട്ട് ചെയ്യാനായി എട്ടു മണിക്കൂർ കൊണ്ട് ചെങ്കുത്തായ മലകൾ താണ്ടി പോളിംഗ് ബൂത്തിലെത്തുന്ന കുറച്ച് മനുഷ്യരുണ്ട്. മദ്ധ്യപ്രദേശിലെ ബെതൂൾ മണ്ഡലത്തിലെ ഭണ്ഡാർപാനിയിലുള്ള കോർകൂ എന്ന ആദിവാസി വിഭാഗം. ഇവിടുത്തെ 300 ഓളം ആദിവാസി വോട്ടർമാർ എല്ലാ തവണയും എന്തു പ്രതിസന്ധി മുന്നിലുണ്ടെങ്കിലും അതെല്ലാം മറികടന്ന് വോട്ട് ചെയ്യാൻ മറക്കാറില്ല.

കുന്നിന് മുകളിൽ സ്ഥിതി ചെയ്യുന്ന ഭണ്ഡാർപാനി ദുഷ്പ്രാപ്യമായ ഒരു വനപ്രദേശം കൂടിയാണ്. ബെതൂൾ ജില്ലയുടെ തലസ്ഥാനത്തു നിന്നും 90 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം. 60 കോർക്കു ഗോത്രവർഗക്കാരുടെ ആവാസ സ്ഥലമാണ് ഇവിടം. തിരഞ്ഞെടുപ്പ് ദിവസം ഇവിടുത്തെ മുഴുവൻ വോട്ടർമാരും ആഹാരമുൾപ്പെടെ തങ്ങൾക്ക് ആവശ്യം വന്നേക്കാവുന്ന എല്ലാ സജ്ജീകരണങ്ങളുമായി ഇംലിഖേദയിലുള്ള ബൂത്തിലേക്ക് പുറപ്പെടാൻ മലയിറങ്ങും.

ഭണ്ഡാർപാനിയിലേക്കെത്താൻ രണ്ട് വഴികളാണുള്ളത്. ഇംലിഖേദയിൽ നിന്നും ചെങ്കുത്തായ പാതയിലൂടെ 8 കിലോമീറ്റർ യാത്ര. രണ്ടാമത്തെ വഴി ചിന്ദ്വാരാ ജില്ലയിലെ തെമുരു ഗ്രാമത്തിലൂടെ 10 കിലോമീറ്റർ പാറക്കെട്ടു നിറഞ്ഞ പ്രദേശത്തു കൂടി വളരെ ദുർഘടമായ യാത്ര.

2001ലാണ് കോർകൂ ഗോത്രവർഗക്കാർ ഇവിടെ താമസമാക്കിയത്. അതിനു മുമ്പ് ഇവർ ചിന്ദ്വാരായിൽ ആയിരുന്നു. കൃഷി ചെയ്‌തു ജീവിക്കാൻ വേണ്ടിയാണ് ഇവർ ഭണ്ഡാർപാനി പോലെ കുന്നും കാടും നിറഞ്ഞ ഒരു പ്രദേശം തിരഞ്ഞെടുക്കാൻ കാരണം. വനം ഇവർക്ക് സ്വന്തം വീടുപോലെയാണ്. തിരഞ്ഞെടുപ്പിനെ പറ്റി യാതൊരു അറിവും തങ്ങൾക്കില്ലെങ്കിലും വോട്ട് ചെയ്യാൻ ഇവർ അസംതൃപ്‌തി പ്രകടിപ്പിക്കാറില്ല. വോട്ട് ചെയ്‌തില്ലെങ്കിൽ തങ്ങളെ ലിസ്റ്റിൽ നിന്നും പുറത്താക്കുമെന്ന് ഭയമാണ് ഇവരെ എത്ര ബുദ്ധിമുട്ടിയായാലും വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്നത്. ഒപ്പം ഗ്രാമത്തിൽ ഒരു റോഡും തങ്ങളുടെ കുട്ടികൾക്ക് പഠിക്കാൻ ഒരു സ്‌കൂളും തിരഞ്ഞെടുക്കപ്പെടുന്ന നേതാവ് ഒരുക്കി തരുമെന്ന പ്രതീക്ഷയും ഇവർക്കുണ്ട്.

നിങ്ങളുടെ മണ്ഡലത്തിലെ സ്ഥാനാർത്ഥിയാരാണെന്ന് ചോദിച്ചപ്പോൾ നിശബ്‌ദതയ്‌ക്ക് ശേഷം അവർ പറഞ്ഞു ' നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും ! '. ചിലർ തങ്ങൾ വോട്ട് ചെയ്യേണ്ട പാർട്ടി ഏതാണെന്ന് കണക്കു കൂട്ടി വച്ചിട്ടുണ്ട്. എന്നാൽ, പാർട്ടിയുടെ ചിഹ്നം ചോദിച്ചപ്പോൾ ഉത്തരമില്ല..! നീണ്ട യാത്ര ചെയ്‌ത് വോട്ട് ചെയ്യാനെത്തുമെങ്കിലും സ്ഥാനാർത്ഥികളുടെ പേരോ മറ്റ് വിവരങ്ങളോ ഒന്നും അവർക്കറിയില്ല. അവർക്ക് ആകെ അറിയാവുന്നത് ഒന്നേയുള്ളു. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുൽ ഗാന്ധിയും തമ്മിലാണ് പോരാട്ടം. അതോ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥുമായോ ? അവർ ചോദിക്കുന്നു.