അഹമ്മദാബാദ്: കടിച്ച പാമ്പിനെ തിരിച്ചുകടിച്ച കർഷകൻ മരിച്ചു. ഗുജറാത്തിലെ മഹിസാഗർ ഗ്രാമത്തിലെ പർവത് ഗാല ബാരി എന്ന കർഷകനാണ് ദാരുണമായി മരിച്ചത്.
തന്റെ കൃഷിയിടത്തിൽ ജോലിയിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് പർവത് ഗാലയെ പാമ്പുകടിച്ചത്. കടിച്ചത് പാമ്പാണെന്ന് ആദ്യം തിരിച്ചറിഞ്ഞില്ല. പരിസരത്ത് പരിശോധന നടത്തിയപ്പോഴാണ് പാമ്പാണ് കടിച്ചതെന്ന് വ്യക്തമായത്. ദേഷ്യത്തോടെ പാമ്പിനടുത്തേക്ക് കുതിച്ച പർവത് അതിനെ പിടികൂടി വായിലിട്ട് ചവച്ചരച്ചു. അല്പംകഴിഞ്ഞപ്പോൾ തളർച്ച അനുഭവപ്പെട്ട പർവതിനെ ഒരു ബന്ധുവാണ് ആശുപത്രിയിലെത്തിയച്ചത്. ചത്ത പാമ്പിന്റെ ശേഷിച്ച ഭാഗവും ഒപ്പം കരുതിയിരുന്നു. പക്ഷേ, മൂന്ന് ആശുപത്രികളിൽ മാറിമാറി കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
ആശുപത്രിയിലെത്തിച്ച ബന്ധുവാണ് നടന്ന സംഭവം മാദ്ധ്യമങ്ങളെ അറിയിച്ചത്. ശരിയായ ചികിത്സ കിട്ടാത്തതാണ് പർവതിന്റെ മരണത്തിന് ഇടയായതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
നേരത്തേയും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2012ൽ നേപ്പാളുകാരനായ കർഷകൻ, പാടത്തുവച്ച് കടിച്ച പാമ്പിനെ ഒാടിച്ചിട്ടുപിടിച്ച് കടിച്ചുകൊന്നാണ് പ്രതികാരം വീട്ടിയത്. അല്പം കഴിഞ്ഞപ്പോൾ കർഷകൻ മരിച്ചു.
കഴിഞ്ഞ ജൂലായിൽ മദ്ധ്യപ്രദേശിൽ മദ്യപിച്ച് ലക്കുകെട്ട കർഷകൻ വിഷപ്പാമ്പിനെ കടിച്ചുകൊന്നിരുന്നു. ഭാഗ്യംകൊണ്ട് മാത്രമാണ് അയാൾക്ക് ജീവഹാനിയുണ്ടാവാത്തത്.