ഭോപ്പാൽ: തന്റെ നിലപാട് എവിടെയും വിളിച്ചു പറയാൻ മടിക്കാത്ത സ്വഭാവക്കാരിയാണ് ബോളിവുഡ് നടി സ്വര ഭാസ്‌കർ. ഇത്തവണ ഭോപ്പാൽ ലോക്‌സഭാ സീറ്റിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർത്ഥിയായ സ്വാധി പ്രഗ്യാ സിംഗ് ഠാക്കൂറിനെതിരെയാണ് സ്വര വാളെടുത്തിരിക്കുന്നത്. ' മുസ്ലീം തീവ്രവാദം എന്ന വാക്ക് പറയുകയാണെങ്കിൽ ഹിന്ദു തീവ്രവാദം എന്ന വാക്കു കൂടി പറയേണ്ടി വരും. തീവ്രവാദത്തിന് മതമില്ല. തീവ്രവാദികൾക്ക് മാത്രമാണ് മതമുള്ളത്. ഏത് മതത്തിൽപെട്ട ആളുകൾക്കും അക്രമവും തീവ്രവാദവും കുറ്റകൃത്യങ്ങളും പാപവും ചെയ്യാൻ കഴിയും.
ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ക്രിസ്‌ത്യാനികൾക്കുമെല്ലാം.. ജൂതർക്കും ബുദ്ധമതക്കാർക്കും.. അങ്ങനെ എല്ലാവർക്കും ഇതിന് കഴിയും. മാലേഗാവ് സ്‌ഫോടന കേസിലെ പ്രതിയായ പ്രഗ്യാ സിംഗ് ഠാക്കൂറിനെ ബി.ജെ.പി സ്ഥാനാർത്ഥിയാക്കിയത് വളരെ നാണം കെട്ട പ്രവൃത്തിയായി പോയി. ആരാണ് ഭോപ്പാലിലെ മികച്ച സ്ഥാനാർത്ഥിയെന്ന് ചോദിച്ചാൽ ഞാൻ ദിഗ്‌വിജയ് സിംഗിന്റെ പേരേ പറയൂ. പ്രഗ്യ ഹിന്ദുവാണെന്ന് പറയുന്നു. അതുപോലെ തന്നെ അവർ തീവ്രവാദ കുറ്റം ആരോപിക്കപ്പെട്ടവരുമാണ്. അങ്ങനെയെങ്കിൽ അവരെ ഒരു ഹിന്ദു തീവ്രവാദി എന്ന് പറയാനാകില്ലേ.. ' സ്വര വ്യക്തമാക്കി.
മോദി സർക്കാരിന്റെ കടുത്ത വിമർശകയായ സ്വര താൻ കോൺഗ്രസിന്റെ മാനിഫെസ്റ്റോ വായിച്ചിട്ടുണ്ടെന്നും രാജ്യത്തിലെ പ്രശ്‌നങ്ങൾ എല്ലാം അതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതിനാൽ കോൺഗ്രസ് മാനിഫെസ്റ്റോയോട് യോജിക്കുന്നുണ്ടെന്നും വ്യക്തമാക്കി. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ പൂർവ വിദ്യാർത്ഥിയായിരുന്ന സ്വര കഴിഞ്ഞ മാസം കനയ്യ കുമാറിനു വേണ്ടി ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയിരുന്നു. ബീഹാറിലെ ബെഗുസാരയിലെ സി.പി.ഐ സ്ഥാനാർത്ഥിയാണ് കനയ്യ. സ്വര ഭാസ്‌കറിനെ കൂടാതെ തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തറും പ്രഗ്യാ സിംഗിനെതിരെ മുമ്പ് രംഗത്ത് വന്നിരുന്നു.