''എന്തിനാണ് സാർ അന്വേഷിച്ചത്?"
ഫോണിലൂടെ ചന്ദ്രകലയുടെ ചോദ്യം സി.ഐ അലിയാർ കേട്ടു.
''അത് പിന്നെ പറയാം. നിങ്ങളുടെ മകൾ പോയി എന്നു പറയുന്ന കൂട്ടുകാരിയുടെ വീട്ടിലേക്ക് ഒന്നു വിളിച്ചു നോക്ക്. അവൾ അവിടെ ഉണ്ടോയെന്ന്. എന്നിട്ട് എന്നെ വിളിക്കണം. വളരെ പെട്ടെന്ന്."
അലിയാർ കാൾ കട്ടു ചെയ്തു.
വടക്കേ കോവിലകത്ത് അപ്പോൾ ആഘോഷത്തിന്റെ മൂഡ് ആയിരുന്നു.
''സി.ഐ വിളിച്ചത് സൂസൻ, വിവേകിനു വാങ്ങിക്കൊടുത്ത ഫോണിൽ നിന്നാണ്. പാഞ്ചാലി ആ നമ്പരും അവന്റെ പേരും ഇതിൽ സേവു ചെയ്തിട്ടുണ്ടായിരുന്നു..."
ചന്ദ്രകല പറഞ്ഞു.
അവളുടെ മുറിയിൽ എം.എൽ.എ ശ്രീനിവാസ കിടാവും സൂസനും പ്രജീഷും ഉണ്ടായിരുന്നു.
''അല്പനേരം കഴിഞ്ഞിട്ട് സി.ഐയെ വിളിച്ചു പറയണം പാഞ്ചാലി കൂട്ടുകാരിയുടെ വീട്ടിൽ ചെന്നിട്ടില്ലെന്ന്."
കിടാവ് ഒന്നു നിർത്തിയിട്ട് തുടർന്നു:
''ഇനിയാണ് നമ്മൾ വളരെയേറെ സൂക്ഷിക്കേണ്ടത്. ഏത് കൂട്ടുകാരിയുടെ വീട്ടിലാണ് പാഞ്ചാലി പോയതെന്ന് സി.ഐ ചോദിക്കും. വ്യക്തമായ ഒരുത്തരം പറയാൻ നമുക്ക് ഉണ്ടായിരിക്കണം. അതുകൊണ്ട് അവൾ സേവു ചെയ്തിട്ടുള്ള ഏതെങ്കിലും ഒരു കൂട്ടുകാരിയുടെ നമ്പരിലേക്കു വിളിച്ച് വെറുതെ തിരക്കണം."
ചന്ദ്രകലയ്ക്ക് കാര്യം പിടികിട്ടി. ''ഓരോ പഴുതും അടച്ചുവേണം മുന്നോട്ടുള്ള യാത്ര."
ചന്ദ്രകല ഫോണിൽ ഒരു നമ്പർ സെലക്ടു ചെയ്ത് കാൾ അയച്ചു.
** **** *****
സി.ഐ അലിയാർ പിന്നെയും വാച്ചറെ ചോദ്യം ചെയ്തു.
''ആ പെൺകുട്ടിയും യുവാവും മാത്രമേ ഉള്ളായിരുന്നോ? തനിക്ക് ഉറപ്പുണ്ടോ?"
''ഉണ്ട് സാർ..."
ഒരു കറുത്ത പാത്രം കമിഴ്‌ത്തിയതുപോലെ ആഢ്യൻപാറയ്ക്കു ചുറ്റും തിങ്ങിയ ഇരുട്ടിലേക്കു നോക്കി അലിയാർ ഒരു നിമിഷം നിന്നു.
അതിനിടെ അയാളുടെ കണ്ണുകൾ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞു.
താഴേക്കു പോകുന്ന പടവുകൾക്കരികിൽ രണ്ടു ദിശയിലേക്കും ക്യാമറകൾ ഉണ്ട്.
പോകുന്നതും മടങ്ങി വരുന്നതുമായ ദൃശ്യങ്ങൾ ക്യാമറകളിൽ പതിഞ്ഞുകാണും. പാഞ്ചാലിയുടെ ഒപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന് അതിൽ നോക്കി കണ്ടുപിടിക്കാം.
''താൻ വാ എനിക്ക് സി.സി ടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിക്കണം."
അലിയാർ, വാച്ചർക്കു നേരെ തിരിഞ്ഞു.
''അയ്യോ സാർ... രണ്ട് മൂന്നു ദിവസങ്ങളായി ക്യാമറകൾ വർക്കു ചെയ്യുന്നതേയില്ല."
വാച്ചർ അറിയിച്ചു.
ആകെക്കൂടി ഒരു പൊരുത്തക്കേടു തോന്നി അലിയാർക്ക്.
അടുത്ത നിമിഷം അയാളുടെ ഫോൺ ശബ്ദിച്ചു.
അപ്പുറത്ത് ചന്ദ്രകലയായിരുന്നു.
''അവൾ കൂട്ടുകാരിയുടെ വീട്ടിൽ ചെന്നിട്ടില്ല സാർ... പാഞ്ചാലി."
''ശരി. ഞാൻ അങ്ങോട്ടു വരുന്നു. കുറച്ചു കാര്യങ്ങൾ അറിയാനുണ്ട്."
പറഞ്ഞിട്ട് അലിയാർ വീണ്ടും വാച്ചറെ നോക്കി.
''തന്റെ ഈ ഫോൺ തൽക്കാലം ഞാൻ കൊണ്ടുപോകുകയാണ്."
വാച്ചർക്കു നേരിയ പരിഭ്രമം തോന്നി. എങ്കിലും അത് പുറത്തു കാണിച്ചില്ല.
''സാറിന്റെ ഇഷ്ടം പോലെ..."
കൊലപാതകം നടന്ന സ്ഥലത്ത് ഡ്യൂട്ടിക്കിട്ട രണ്ട് പോലീസുകാർക്കും ചില നിർദ്ദേശങ്ങൾ നൽകിയിട്ട് സി.പി.ഒ ഗംഗാധരനെയും കൂട്ടി അലിയാർ ജീപ്പിൽ കയറി. വണ്ടിക്കുള്ളിൽ തല കുനിച്ച് വിവേക് ഉണ്ടായിരുന്നു.
അപ്പോൾ വടക്കേ കോവിലകത്തിന്റെ മുറ്റത്തു നിന്ന് അതിവേഗം കാർ ഓടിച്ചുപോകുകയായിരുന്നു ശ്രീനിവാസ കിടാവും പ്രജീഷും. തങ്ങളെ അലിയാർ ഇവിടെ കണ്ടാൽ കുഴപ്പമാകുമെന്ന് അവർക്കു തോന്നിയിരുന്നു....
അവർ പോയി കൃത്യം അഞ്ചു മിനിട്ടു കഴിഞ്ഞപ്പോൾ സി.ഐ അലിയാർ അവിടെയെത്തി.
സൂസന്റെ കയ്യിൽ നിന്ന് കുറച്ച് ഗ്ളസറിൻ വാങ്ങി കണ്ണിലിട്ടിരുന്നു ചന്ദ്രകല.
അതോടെ അവളുടെ കണ്ണുകൾ ചുവന്നും നനഞ്ഞും കാണപ്പെട്ടു. ആരു നോക്കിയാലും അവൾ കരയുകയായിരുന്നു എന്നേ തോന്നുമായിരുന്നുള്ളൂ.
സി.ഐ, വരാന്തയിലേക്കുള്ള നീളൻ പടിക്കെട്ടിൽ കാൽ വച്ചപ്പോഴേക്കും നിലവിളിച്ചുകൊണ്ട് ചന്ദ്രകല ഓടി മുന്നിലെത്തി.
''എന്റെ കുഞ്ഞ് എന്തിയേ സാറേ? അവള് എങ്ങോട്ടാ പോയത്?"
സി.ഐ, ചന്ദ്രകലയെ ആപാദചൂഢം ഒന്നു നോക്കി. ശേഷം അറിയിച്ചു.
''ആഢ്യൻപാറയിൽ ഒരു കൊലപാതകം നടന്നു. ഇരയായത് നിങ്ങളുടെ മകളാണോ എന്നൊരു സംശയം."
''എന്റെ ദൈവമേ..." ചന്ദ്രകല നെഞ്ചത്തടിച്ച് വിലപിച്ചു. ''എന്റെ കുഞ്ഞ് എന്തിനാ സാറേ അവിടെ പോയത്?"
''അത് എന്നാടാണോ ചോദിക്കുന്നത്?"
അലിയാർക്കു ദേഷ്യം വന്നു.
പിന്നെ അയാൾ വാച്ചറുടെ ഫോണിലെ വീഡിയോ ക്ളിപ്പിംഗ് സെലക്ടു ചെയ്ത് ചന്ദ്രകലയ്ക്കു നേരെ പിടിച്ചു.
''ഇത് പാഞ്ചാലിയാണോ എന്ന് നോക്കിക്കേ..."
''ആണ് സാറേ..." ചന്ദ്രകല മോഹാലസ്യപ്പെട്ടു വീണു...
(തുടരും)