red-34

''ഈശ്വരാ... കുഴപ്പമൊന്നും ഉണ്ടാക്കല്ലേ..."

പ്രാർത്ഥിച്ചുകൊണ്ട് ചന്ദ്രകല ഉൾവരാന്തയിലൂടെ പ്രധാന വാതിലിനു നേരെ ഓടി. അപ്പോഴും വാതിലിൽ തട്ട് തുടരുകയാണ്.

ഉള്ളിലെ പരിഭ്രമം പാടെ മറച്ചുകൊണ്ട് അവൾ വാതിൽ തുറന്നു.അപ്പോൾ വാതിലിൽ ഉണ്ടായിരുന്ന ഓട്ടുമണികൾ വല്ലാതെ ചിലച്ചു.

പുറത്തു നിൽക്കുന്ന ആളിനെ കണ്ടപ്പോൾ അവൾക്ക് അല്പം ആശ്വാസം തോന്നി.

ആഢ്യൻപാറയിലെ വാച്ചർ.

വാസുക്കുട്ടി!

അയാൾ വല്ലാതെ ഭയന്നിരിക്കുന്നുവെന്ന് ചന്ദ്രകല കണ്ടു...

''എന്താ വാസുക്കുട്ടി?"

ചന്ദ്രകല തിരക്കി.

തന്റെ പിന്നാലെ ആരെങ്കിലും വന്നിട്ടുണ്ടോയെന്ന് അയാൾ ഗേറ്റിലേക്കു തിരിഞ്ഞു നോക്കി.

ഇല്ല!

വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു വാസുക്കുട്ടി.

''മേഡം..."

''എന്തുണ്ടായെന്ന് പറയൂ താൻ. വെറുതെ മറ്റുള്ളവരെക്കൂടി ഭയപ്പെടുത്താതെ..." ചന്ദ്രകല തിടുക്കം കൂട്ടി.

വാസുക്കുട്ടി ഒന്നുകൂടി ശ്വാസം വലിച്ചെടുത്തുകൊണ്ട് സംസാരിച്ചു.

''മേഡം.. ഇന്നലെ രാത്രിയിൽ വീണ്ടും ആ സി.ഐ എന്നെ കാണുവാൻ വന്നു. അയാൾക്ക് എന്തൊക്കെയോ സംശയങ്ങൾ ഉള്ളതുപോലെ..."

ചന്ദ്രകലയുടെ നെറ്റിയിൽ ചിലന്തിക്കാലുകൾ പോലെ ഞരമ്പുകൾ പിടച്ചുപൊങ്ങി.

''അയാൾ എന്തൊക്കെ ചോദിച്ചു?"

''പാഞ്ചാലിയുടെ കൂടെ ആ ചെറുക്കനല്ലാതെ മറ്റ് ആരോ ഉണ്ടായിരുന്നെന്ന് അലിയാർ സംശയിക്കുന്നുണ്ട്. ഇന്ന് രാവിലെ ഞാൻ സ്റ്റേഷനിൽ ചെല്ലണമെന്നാണു പറഞ്ഞിരിക്കുന്നത്. എനിക്കെന്തോ ഒരു പേടി തോന്നുന്നു... അയാളോട് എന്നെ ഉപദ്രവിക്കരുതെന്ന് എം.എൽ. എയെക്കൊണ്ട് ഒന്നു പറയിക്കാമോ?"

ചന്ദ്രകല അല്പനേരം മിണ്ടാതെ നിന്നു. പിന്നെ ചുണ്ടനക്കി.

''എം.എൽ.എ പറഞ്ഞാലൊന്നും കേൾക്കുന്ന കൂട്ടത്തിലല്ല ആ സി.ഐ.... പക്ഷേ അയാൾക്കു മുകളിലും ഉണ്ടല്ലോ ഒരുപാട് പൊലീസുദ്യോഗസ്ഥർ. നമുക്ക് അവരെക്കൊണ്ട് സംസാരിപ്പിക്കാം. എന്തായാലും നിങ്ങൾ സ്റ്റേഷനിൽ ചെല്ലുമ്പോൾ ഇന്നലെ പറഞ്ഞതിനപ്പുറം ഒന്നും മാറ്റിപ്പറയരുത്."

വാസുക്കുട്ടി സന്ദേഹത്തോടെ തലയാട്ടി.

''എങ്കിൽ താൻ ചെല്ല്. തനിക്ക് ഒന്നും സംഭവിക്കാതെ ഞങ്ങൾ നോക്കിക്കോളാം."

''ശരി."

വാസുക്കുട്ടി, ചന്ദ്രകലയുടെ മുഖത്തേക്ക് ഒന്നു സൂക്ഷിച്ച് നോക്കിയിട്ട് തിരിഞ്ഞു നടന്നു.

ചന്ദ്രകല ദീർഘമായി ഒന്നു നിശ്വസിച്ചു.

വാച്ചർ ഗേറ്റു കടക്കുന്നതു കണ്ടിട്ട് അവൾ തിരിയുമ്പോൾ പിന്നിൽ സൂസൻ.

''അത് ആ വാച്ചറല്ലായിരുന്നോ? എന്താ ഈ രാവിലെ?"

ചന്ദ്രകല കാര്യം ചുരുക്കി പറഞ്ഞു.

''അലിയാർ! അയാളുടെ കാര്യം വിട്ടേര്. അയാൾക്ക് നമ്മളെ ഒന്നും ചെയ്യാൻ കഴിയില്ല."

സൂസന്റെ വാക്കുകൾ ചന്ദ്രകലയ്ക്ക് ആശ്വാസമേകി.

രാവിലെ 9 മണി.

ആഢ്യൻപാറയിൽ സി.ഐ അലിയാരുടെ നേതൃത്വത്തിൽ പത്തോളം പോലീസുകാർ എത്തി. ഒപ്പം ഫയർഫോഴ്സും ചാനൽ പ്രവർത്തകരും.

പാഞ്ചാലി തീ പിടിച്ചുവീണു എന്നു പറയപ്പെടുന്ന ഭാഗത്തിന് തൊട്ടുമുകളിലുള്ള പാറയിൽ അല്പനേരം അവർ നിന്നു. പോലീസിനെയും ഫയർഫോഴ്സ് ഉദ്യോഗസ്ഥന്മാരെയും കണ്ട് സമീപവാസികളായ നല്ല ജനക്കൂട്ടവും അങ്ങോട്ടെത്തി.

പാറയുടെ വിള്ളലുകളിലും കുത്തൊഴുക്ക് ഉള്ള ഭാഗത്തുമെല്ലാം അവർ തിരച്ചിൽ ആരംഭിച്ചു.

പക്ഷേ പാഞ്ചാലിയുടേത് എന്നു കരുതുവാൻ ഒന്നും കണ്ടില്ല.

സൂര്യനു ചൂടുകൂടി.

ആഢ്യൻപാറയിലേക്ക് ടൂറിസ്റ്റുകളുടെ വരവായി.

അലിയാർ മുകൾഭാഗത്തുള്ള കടകളിലും മറ്റും പാഞ്ചാലിയെക്കുറിച്ചു തിരക്കി.

എന്നാൽ അവർക്കാർക്കും അങ്ങനെ ഒരാളെ ശ്രദ്ധിച്ചതായി ഓർമ്മയില്ല...

ഉച്ചയോടുകൂടി പോലീസ് തിരച്ചിൽ നിർത്തി.

''ഗംഗാധരാ.. നിങ്ങൾ പോലീസ് സ്റ്റേഷനിലേക്ക് പൊയ്‌ക്കോ. എനിക്ക് കുറച്ചു ജോലികൂടിയുണ്ട്."

സിവിൽ പോലീസ് ഓഫീസറോടു പറഞ്ഞിട്ട് അലിയാർ രണ്ട് കോൺസ്റ്റബിൾമാരുമായി ജീപ്പിൽ കയറി. അലിയാർ തന്നെയായിരുന്നു ഡ്രൈവിങ് സീറ്റിൽ.

അവരുടെ യാത്ര അവസാനിച്ചത് വടക്കേ കോവിലകത്തിന്റെ മുറ്റത്താണ്.

സി.ഐയും പോലീസുകാരും ഇറങ്ങി.

സൂസനും രാജമ്മയും ഷൂട്ടിംഗ് സ്ഥലത്തേക്കു പോയതിനാൽ ചന്ദ്രകല മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.

കോളിംഗ് ബല്ലടിച്ച് മുപ്പത് സെക്കന്റ് കഴിയും മുൻപ് ചന്ദ്രകല സി.ഐയ്ക്കു മുന്നിലെത്തി.

''സാർ... എന്റെ കുഞ്ഞിനെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയോ?"

പരിഭ്രമം ഒട്ടും പുറത്തുകാണിക്കാതെ അവൾ തിരക്കി.

''കിട്ടിയില്ല. പക്ഷേ കിട്ടും.

എനിക്കുറപ്പുണ്ട്. ദൈവത്തിന്റെ അടയാളം പോലെ ഒരു തെളിവ്."

ഉറച്ചതായിരുന്നു അലിയാരുടെ ശബ്ദം.

(തുടരും)