crime

കിളിമാനൂർ : എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കാത്തതിന്റെ അരിശത്തിൽ മകനെ മൺവെട്ടിക്ക് ക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റിലായി. കിളിമാനൂർ തട്ടത്തുമല നെടുമ്പാറ ചാറയം കിഴക്കേ വട്ടപ്പാറ സാബു ഭവനിൽ അൻവറിനെ (16) മർദ്ദിച്ച കേസിലാണ് പിതാവ് സാബുവിനെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ക്രൂരതയ്ക്കെതിരെ ഭാര്യയാണ് പരാതി നൽകിയത്.

തട്ടത്തുമല ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയായ അൻവറിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഫലം വന്നപ്പോൾ ആറ് വിഷയങ്ങൾക്കേ എ പ്ലസ് ഉള്ളൂ. ഇതറിഞ്ഞ് വീട്ടിലെത്തിയ സാബു അൻവറിനെ മാരകമായി മർദ്ദിക്കുകയായിരുന്നു. മൺവെട്ടി കഴുത്തിൽ ഞെരിക്കാൻ ശ്രമിച്ചതായും പൊലീസ് പറഞ്ഞു.

മർദ്ദനം കണ്ട സഹോദരി നിലവിളിച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാരാണ് അൻവറിനെ രക്ഷിച്ചത്. തുടർന്ന് ക്ഷീരോത്പാദന സംഘം സെക്രട്ടറി കൂടിയായ മാതാവ് ഷീജ പൊലീസിനെ സമീപിക്കുകയായിരുന്നു. മർദ്ദനം സോഷ്യൽ മീഡിയിൽ വൈറലായതോടെ ശിശുക്ഷേമ സമിതിയും ഇടപെട്ടു. ഇതിനിടെ പ്രശ്നം ഒത്തു തീർക്കാൻ ശ്രമിച്ചെങ്കിലും ശിശുക്ഷേമ സമിതി റൂറൽ എസ്.പിക്ക് പരാതി നൽകി. തുടർന്നാണ് സാബുവിനെ അറസ്റ്റ് ചെയ്തത്.