election-2019

തിരുവനന്തപുരം: ലോക് സഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കേരളത്തിൽ 2004 ആവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അക്കാര്യത്തിൽ ഒരു സംശയവും വേണ്ട. കേരളത്തിൽ ഈ തിരഞ്ഞെടുപ്പിൽ ഇടതു തരംഗമായിരുന്നു.

ബി.ജെ.പി ചില മണ്ഡലങ്ങലങ്ങളിൽ യു.ഡി.എഫിന് വോട്ടു മറിച്ചിട്ടുണ്ട്.നാളെ അവരുടെ കൂടെ വരേണ്ടവർ എന്നു കരുതിയാവും.ഏതായാലും തങ്ങൾ ഇതിനെയെല്ലാം അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഏകപക്ഷീയമായി പ്രവർത്തിച്ചെന്ന അഭിപ്രായമില്ല.തിരഞ്ഞെടുപ്പ് ഓഫീസർക്ക് ചട്ടങ്ങളും നിയമങ്ങളുമുണ്ട്. അതിനുള്ളിൽ നിന്ന് പ്രവർത്തിച്ചെന്നാണ് കരുതുന്നത്.ഇക്കാര്യത്തിൽ പാർട്ടികൾക്ക് അവരുടേതായ വിമർശനമുണ്ടാവാം.

കേരളത്തെ തകർക്കുക

സംഘി അജണ്ട

കേരളത്തിന്റെ എല്ലാ മുന്നേ​റ്റങ്ങളെയും തകർത്ത് അതിലൂടെ കേരളത്തെ തന്നെ തകർക്കുകയെന്നതാണ് സംഘപരിവാർ സംഘടനകളുടെ പ്രധാന അജണ്ട.ഇതു തിരിച്ചറിയാൻ ജനങ്ങൾക്ക് കഴിയണം. കേരളത്തിന്റെ വികസനത്തിന് ഒരു സംഭാവനയും നൽകാത്ത സംഘടന സംഘപരിവാർ മാത്രമാണ്.

കേരളം നേടിയെടുത്ത നവോത്ഥാനത്തിന്റെയും മതനിരപേക്ഷതയുടെയും സംസ്‌കാരം തകർക്കുന്നതിനുള്ള നടപടികളാണ് സംഘപരിവാർ സ്വീകരിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിൽ എല്ലാവരും അത് അനുഭവിച്ചതാണ്. ഓഖിയും പ്രളയവുമടക്കമുള്ള ദുരന്തങ്ങളെ പ്രതിരോധിക്കാൻ ഒ​റ്റക്കെട്ടായി നിന്ന ജനതയെ വർഗീയമായി ധ്രുവീകരിക്കാനുള്ള ശ്രമമാണ് അവർ നടത്തിയത്.

കേരളത്തിന്റെ വികസനം തടയുന്ന സംഘപരിവാറിന് പിന്തുണ നൽകുകയാണ് യു.ഡി.എഫ് ചെയ്യുന്നത്.അവരുടെ ഭരണ കാലത്ത് നടപ്പാക്കാൻ കഴിയാത്ത പദ്ധതികളുടെ തുടർ പ്രവർത്തനവുമായി ഇടതു മുന്നണി സർക്കാർ മുന്നോട്ടു പോകുമ്പോൾ തടയാൻ ശ്രമിക്കുന്ന സംഘപരിവാറിനെ രാഷ്ട്രീയ ലാഭത്തിനായി പിന്തുണയ്‌ക്കുകയാണ് യു.ഡി.എഫ് .ദേശീയ പാതവികസനം തടയുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ നിലപാട് സ്വീകരിക്കാൻ യു.ഡി.എഫിന് കഴിയുന്നുണ്ടോ?

ബി.ജെ.പിയെ

താഴെയിറക്കും

തിരഞ്ഞെടുപ്പു ഫലം വരുമ്പോൾ ബി.ജെ.പിയെ താഴെയിറക്കും. ഫെഡറൽ സംവിധാനത്തെയും മതനിരപേക്ഷതയേയും അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന കാഴ്‌ചപ്പാടുള്ള സർക്കാരാകും കേന്ദ്രത്തിൽ അധികാരത്തിൽ വരിക.
ഫലപ്രഖ്യാപനത്തിനു ശേഷം ഉയർന്നുവരുന്ന പുതിയ സാഹചര്യത്തിൽ കേരള വികസനത്തിൽ താത്പര്യമുള്ള എല്ലാവരെയും ഒന്നിച്ച് അണിനിരത്തി സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാനുള്ള തുടർ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ നേതൃത്വം നൽകുമെന്നും പിണറായി പറഞ്ഞു.