കാട്ടാക്കട / കുവൈറ്റ് സിറ്റി : കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന്റെ ചക്രത്തിനടിയിൽപ്പെട്ട് മരിച്ച മലയാളി യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. കുവൈറ്റ് എയർവേയ്സിലെ സാങ്കേതിക വിഭാഗത്തിലെ ഗ്രൗണ്ട് ടെക്‌നിഷ്യനായ കാട്ടാക്കട, പൂവച്ചൽ, കാപ്പിക്കാട് നന്ദനത്തിൽ ആനന്ദ് രാമചന്ദ്രനാണ് (36) മരിച്ചത്. ആനന്ദ് കുടുംബത്തോടൊപ്പം കുവൈറ്റിലായിരുന്നു താമസിച്ചിരുന്നത്. കുറ്റിച്ചൽ പുള്ളോട്ടുകോണം സദാനന്ദ വിലാസത്തിൽ രാമചന്ദ്രന്റെയും രാജലക്ഷ്‌മിയുടെയും മകനാണ്.
തിങ്കളാഴ്‌ച വൈകിട്ട് മൂന്നിനായിരുന്നു സംഭവം. വിമാനത്താവളത്തിലെ ടെർമിനൽ നാലിലെ പാർക്കിംഗ് ഏരിയയിലേക്ക് കുവൈറ്റ് എയർവേയ്സിന്റെ ബോയിഗ് 777 - 300 ഇ.ആർ വിമാനം മാറ്റുന്നതിനിടെയായിരുന്നു അപകടം. വിമാനത്തെ ഹാങ്കറിൽ നിന്ന് പാസഞ്ചർ ഗേറ്റിലേക്ക് കെട്ടിവലിക്കുന്നതിനിടെ കയർ പൊട്ടിയതാണ് അപകട കാരണം. ആനന്ദ് പുഷ്ബാക് ട്രാക്‌ടറിൽ നിന്നുകൊണ്ട് വിമാനത്തിലെ കോക്പിറ്റിലുണ്ടായിരുന്നയാൾക്ക് നിർദ്ദേശം നൽകുകയായിരുന്നു. ഇതിനിടെ കയറ് പൊട്ടിയത് മനസിലാക്കിയ ട്രാക്ടർ ഡ്രൈവർ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ തെറിച്ച് താഴെവീണ ആനന്ദിനുമേൽ വിമാനം കയറുകയായിരുന്നു.
അപകട സമയത്ത് യാത്രക്കാരോ ജീവനക്കാരോ വിമാനത്തിൽ ഇല്ലായിരുന്നുവെന്ന് കുവൈറ്റ് എയർവേയ്സ് അധികൃതർ ബന്ധുക്കളെ അറിയിച്ചു. അപകടത്തിൽ അതീവ ദുഃഖമുണ്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അവർ പറഞ്ഞു.
ഇന്ന് പുലർച്ചെ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ഏറ്റുവാങ്ങും .വിലാപയാത്രയായികൊണ്ടുവരുന്ന മൃതദേഹം 10.30ഓടെ പൂവച്ചൽ കാപ്പിക്കാട്ടെ വീട്ടുവളപ്പിൽ സംസ്‌കരിക്കും. ഭാര്യ : സോഫിന. മകൾ : നൈനിക ആനന്ദ്. മൃതദേഹത്തോടൊപ്പം ഇവരും നാട്ടിലെത്തും.