contributory-pension-sche

തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കാൻ നിയോഗിച്ച മൂന്നംഗ സമിതിയുടെ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടി. മേയ് ആറു മുതലാണ് കാലാവധി നീട്ടിയത്. കഴിഞ്ഞ നവംബർ ഏഴിന് നിയോഗിച്ച കമ്മിറ്റി മൂന്ന് മാസത്തിനുള്ളിൽ ഇടക്കാല റിപ്പോർട്ടും ആറുമാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ടും സമർപ്പിക്കേണ്ടതായിരുന്നു. എന്നാൽ ഒരു സിറ്റിംഗ് പോലും നടത്തിയില്ല. ഇതേത്തുടർന്നാണ് കാലാവധി നീട്ടിയത്. സംസ്ഥാനത്ത് നിലവിൽ ഒരുലക്ഷത്തിലധികം ജീവനക്കാർ പങ്കാളിത്തപെൻഷൻ പദ്ധതിയിലുണ്ട്.

പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കുമെന്നത് ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് വാഗ്‌ദാനമായിരുന്നു.

2013ൽ നടപ്പാക്കിയ പദ്ധതിക്കെതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തിൽ ശക്തമായ സമരം നടത്തിയിരുന്നു. എന്നാൽ അധികാരത്തിലെത്തിയ ശേഷം ഇത് പിൻവലിക്കുന്നതിൽ സർക്കാർ താത്പര്യം കാട്ടിയില്ല. ഇതിനെതിരെ ജീവനക്കാർ കഴിഞ്ഞ വർഷം നടത്തിയ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് സമിതിയെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചത്. മുൻ ജില്ലാ ജഡ്‌ജി എസ്. സതീഷ് ചന്ദ്രബാബു, മുൻ ഐ.എ.എസ് ഒാഫീസർ പി. മാരപാണ്ഡ്യൻ, പ്രൊഫ. ഡി. നാരായണ എന്നിവരാണ് സമിതിയംഗങ്ങൾ. എന്നാൽ സമിതിക്ക് ഒാഫീസോ, ജീവനക്കാരോ ഇല്ലാത്തതാണ് റിപ്പോർട്ട് തയ്യാറാക്കാൻ താമസമെന്നാണ് അറിയുന്നത്. ഇത് പരിഹരിക്കാൻ ഉടൻ നടപടിയെടുക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്.