ആറ്റിങ്ങൽ: വീട് വരെ എത്താൻ കുത്തനെയുള്ള 100 പടികൾ കയറേണ്ട ഗതികേടിലാണ് ആറ്റിങ്ങൽ ഈച്ചേരിക്കുന്ന് നിവാസികൾ. കുട്ടികളും പ്രായം ചെന്നവരും ഏറെ ഭയന്നാണ് പടിക്കെട്ടു താണ്ടി വീട്ടിലെത്തുന്നത്.ഇവിടെയുള്ളവർക്ക് ഏതുകാര്യത്തിനും 100 പടിതാണ്ടണം. വളഞ്ഞും പുളഞ്ഞും Z രൂപത്തിലാണ് പടികളുടെ ക്രമീകരണം. കാലൊന്നു തെറ്റിയാൽ കുഴിയിൽ വീണ് നട്ടെല്ലു തകർന്നതുതന്നെ. രണ്ടു വർഷം മുൻപ് ഹൈസ്കൂൾ വിദ്യാർത്ഥി കാൽവഴുതി വീണ് മാസങ്ങളോളമാണ് ചികിത്സയിൽ കഴിയേണ്ടിവന്നത്. രോഗികളായ പ്രായം ചെന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. പലപ്പോഴും അവരെ എടുത്താണ് ഇത്രയും പടിക്കെട്ടിറങ്ങേണ്ടി വരുന്നത്. അത് കണ്ടു നിൽക്കാൻ തന്നെ ഏറെ പ്രയാസമാണ്. നിരവധി പരാതികൾ നൽകിയെങ്കിലും ഇതുവരെയും ആരും പരിഹാരം കണ്ടെത്താൻ ശ്രമിച്ചിട്ടില്ല. കുറച്ചു കുടുംബങ്ങളേ ഇവിടെയുള്ളു എന്നതിനാലാണ് അധികൃതർ കണ്ണടയ്ക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി.