വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും മാത്രമല്ല, സംസ്ഥാനത്തിന് ഒന്നാകെ ആഹ്ളാദിക്കാൻ വക നൽകുന്നതാണ് എസ്.എസ്.എൽ.സി പരീക്ഷയിലെ ഉയർന്ന വിജയശതമാനം. സംസ്ഥാന ബോർഡിന്റെ മാത്രമല്ല സി.ബി.എസ്.ഇ , ഐ.സി.എസ്.സി തുടങ്ങിയ കേന്ദ്ര ബോർഡ് പരീക്ഷകളിലും സംസ്ഥാനത്തിന് തിളക്കമാർന്ന വിജയം നിലനിറുത്താനായി. കേന്ദ്ര ബോർഡുകളുടെ പത്താംതരം പരീക്ഷാഫലം പതിവിൽനിന്നു വ്യത്യസ്തമായി ഇക്കുറി മേയ് ആദ്യം തന്നെ പുറത്തുവന്നതിലും കുട്ടികൾക്ക് ആശ്വാസം കൊള്ളാം. സി.ബി.എസ്.ഇ ഫലം മേയ് അവസാനത്തേക്ക് നീട്ടിക്കൊണ്ടുപോയാലുണ്ടാകുന്ന വൈഷമ്യങ്ങൾ ഏറെ അനുഭവിക്കുന്നവരാണ് ഇവിടത്തെ കുട്ടികൾ. സ്റ്റേറ്റിലെ പ്ളസ് ടു പ്രവേശന നടപടികൾ ആരംഭിക്കുമ്പോഴായിരിക്കും കേന്ദ്ര ബോർഡുകളുടെ ഫലം വരുന്നത്. കഴിഞ്ഞവർഷം കുട്ടികൾ കോടതി കയറിയിറങ്ങിയാണ് അപേക്ഷാതീയതി ദീർഘിപ്പിച്ചെടുത്തത്. ഇത്തവണ ഏതായാലും സ്റ്റേറ്റ് ബോർഡിനൊപ്പംതന്നെ സി.ബി.എസ്.ഇ ഫലവും വന്നത് ഹയർ സെക്കൻഡറി പ്രവേശന നടപടികൾ സുഗമമാക്കാൻ സഹായിക്കും.
ആരും തോൽക്കാത്ത പരീക്ഷാ സങ്കല്പത്തിലേക്ക് കൂടുതൽ അടുക്കുന്നതാണ് ഇക്കുറിയും പ്രത്യേകതയായി എടുത്തുകാട്ടാനുള്ളത്. സംസ്ഥാനത്ത് 434729 പേർ പരീക്ഷ എഴുതിയതിൽ 98.11 ശതമാനം പേരും വിജയം നേടി. പരീക്ഷയുടെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ വിജയമാണിത്. നാലുവർഷം മുൻപ് 98.57 ശതമാനം വിജയം നേടിയതാണ് റെക്കാഡായി നിൽക്കുന്നത്. വിജയികളിൽ 426513 പേർ ഉപരിപഠന യോഗ്യത നേടിയിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ ഡയറക്ടറുടെ കണക്ക്. അതിനർത്ഥം ഇത്രയേറെ പേർക്ക് ഉപരിപഠനത്തിനുള്ള അവസരം സൃഷ്ടിക്കേണ്ട വലിയ ബാദ്ധ്യത സർക്കാരിൽ വന്നുചേരുന്നു എന്നതാണ്. പ്ളസ് വൺ പ്രവേശനം ഏകജാലക സംവിധാനത്തിലേക്ക് മാറിയതോടെ എല്ലാവർഷവും പ്രവേശനവുമായി ബന്ധപ്പെട്ട് ധാരാളം ആക്ഷേപങ്ങൾ ഉയരാറുണ്ട്. കൂടുതൽ സീറ്റുകളുള്ള ജില്ലകളിൽ വേണ്ടത്ര കുട്ടികളെ ലഭിക്കാത്ത അവസ്ഥയാണെങ്കിൽ മറ്റു ചിലേടങ്ങളിൽ സീറ്റില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞകാലങ്ങളിൽ വിദ്യാഭ്യാസ കാര്യത്തിൽ പിന്നാക്കം നിന്നിരുന്ന മലബാർ പ്രദേശത്താണ് ഇൗ അസന്തുലിതാവസ്ഥ ഏറെ പ്രകടമായി കാണുന്നത്. അധിക ബാച്ച് അനുവദിക്കുന്നതിൽ വരുന്ന കാലതാമസവും അദ്ധ്യാപകരുടെ കുറവും മറ്റും ഇപ്പോഴും ഇവിടങ്ങളിൽ വലിയ പ്രശ്നമാണ്. ഉയർന്ന വിജയശതമാനത്തിൽ അഭിമാനം കൊള്ളുന്നതിനൊപ്പം ഉപരിപഠനത്തിനുള്ള അവസരങ്ങൾ വിപുലപ്പെടുത്താനും സർക്കാർ ശ്രമിക്കേണ്ടതാണ്. പ്രവേശനം തുടങ്ങുന്നതുവരെ ഇതിനായി കാത്തിരിക്കുകയുമരുത്.
സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള വിദ്യാലയങ്ങളിൽ 1703 സ്കൂളുകൾ നൂറുശതമാനം വിജയം നേടി അഭിമാന ഗോപുരങ്ങളായി നിലകൊള്ളുകയാണ് ഒാരോവർഷം കഴിയുന്തോറും കൂടുതൽ സ്കൂളുകൾ ഇൗ നിരയിലേക്ക് വരുന്നുണ്ടെന്നുള്ളത് അഭിമാനാർഹം തന്നെയാണ്. പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയിച്ച 1703 സ്കൂളുകളിൽ 599 എണ്ണം സർക്കാർ സ്കൂളുകളാണെന്നതും എടുത്തുപറയേണ്ടതുണ്ട്. കുറച്ചുകാലം മുൻപുവരെ അപൂർവമായി മാത്രം കണ്ടിരുന്ന നേട്ടമാണിത്. പൊതുവിദ്യാലയങ്ങൾ ഉൗനം കൂടാതെ നിലനിൽക്കേണ്ടത് സമൂഹത്തിന് അനിവാര്യമാണെന്ന ബോധം സാർവത്രികമായി അംഗീകരിക്കപ്പെട്ടതിന്റെ മികച്ച ദൃഷ്ടാന്തം കൂടിയാണിത്. വിദ്യാലയങ്ങൾ കുട്ടികൾ കുറയാതെ നിലനിൽക്കേണ്ടത് തങ്ങളുടെ കൂടി ആവശ്യമാണെന്ന് അദ്ധ്യാപക സമൂഹവും മനസിലാക്കുന്നുണ്ട്. അതിന്റെ മാറ്റംകൂടിയാണ് ഉയർന്ന പരീക്ഷാവിജയവും തോൽവിയടയുന്ന കുട്ടികളുടെ സംഖ്യ നാൾക്കുനാൾ ചുരുങ്ങി വരുന്നതും. ഇത്തരുണത്തിൽ വിജയശതമാനത്തിൽ സംസ്ഥാനത്ത് ഏറ്റവും മുന്നിൽവന്ന പത്തനംതിട്ടയും വിദ്യാഭ്യാസ ജില്ലയിൽ ഒന്നാംസ്ഥാനത്തെത്തിയ കുട്ടനാടും പ്രത്യേകം അഭിനന്ദനം പിടിച്ചുപറ്റുന്നു. കഴിഞ്ഞ ആഗസ്റ്റിൽ സംസ്ഥാനത്തെ പാടേ പിടിച്ചുലച്ച പ്രളയദുരന്തത്തെ അതിജീവിച്ചാണ് ഇൗ രണ്ട് പ്രദേശങ്ങളും അതിജീവനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉദാത്ത മാതൃക സമ്മാനിച്ചിരിക്കുന്നത്. കുട്ടനാട് ഉപവിദ്യാഭ്യാസ ജില്ലയിൽ 2114 കുട്ടികൾ പരീക്ഷ എഴുതിയതിൽ 2112 പേരും വിജയിച്ചു. രണ്ടേരണ്ടു പേർക്കാണ് അക്കരെ കടക്കാൻ കഴിയാതെ പോയത്. പ്രളയത്തിൽപ്പെട്ട് ഒരു മാസത്തിലേറെ ക്ളാസുകൾ നഷ്ടമായത് മാത്രമല്ല, കുട്ടനാട്ടിലെ കുട്ടികൾക്കുണ്ടായ ദുര്യോഗം. കിടപ്പാടവും പാഠപുസ്തകങ്ങളുമെല്ലാം അവർ വീണ്ടും കണ്ടെത്തേണ്ടിവന്നു. ദൃഢചിത്തരായി സമൂഹം ഒന്നടങ്കം അവരുടെ സഹായത്തിനെത്തുകയും ചെയ്തു. അദ്ധ്യാപകർ അവർക്കൊപ്പം നിന്നു. സ്കൂൾ സമയം കഴിഞ്ഞ് പ്രത്യേക ക്ളാസുകൾ വച്ച് പാഠഭാഗങ്ങൾ തീർത്തു. ഇൗ അദ്ധ്യാപകരോടും ദുരന്തകാലത്ത് അവരെ സഹായിച്ച സംഘടനകളോടും സമൂഹം ഒന്നാകെ കടപ്പെട്ടിരിക്കുകയാണ്.
പൊതുവിദ്യാലയങ്ങളിൽ പഠനമൊന്നുമില്ലെന്ന ഇടക്കാലത്തുണ്ടായ പേരുദോഷം അതിവേഗം മാറിവരുന്നതിന്റെ ലക്ഷണങ്ങൾ കാഴ്ചവയ്ക്കുന്നതാണ് പരീക്ഷാഫലങ്ങൾ. സമൂഹമാണ് ഇൗ യാഥാർത്ഥ്യം കൂടുതലായി ഇനി തിരിച്ചറിയാനുള്ളത്. വരുമാനം ഒന്നാകെ സന്തതികളുടെ സ്കൂൾ ഫീസായും പ്രവേശനത്തിനുള്ള കോഴയായും നൽകേണ്ടിവരുന്ന ഇടത്തട്ടുകാർ ദുരഭിമാനം വെടിഞ്ഞ് പൊതുവിദ്യാലയങ്ങൾ മുന്നോട്ടുവയ്ക്കുന്ന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. വിദ്യാഭ്യാസ രംഗത്ത് പിന്നിൽ നിന്നിരുന്ന മലപ്പുറം ജില്ല കുറച്ചുകാലമായി അതിശയകരമായ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നുത്. വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഉന്നതി കൈവരിക്കാനാകൂ എന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞതിന്റെ ഗുണമാണത്. പെൺകുട്ടികളും ഉയർന്ന തോതിൽ വിദ്യാലയങ്ങളിൽ എത്താൻ തുടങ്ങിയതോടെ ഏറ്റവും മികച്ച വിദ്യാഭ്യാസ ജില്ലകളിലൊന്നായി മലപ്പുറം മാറി. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും ഏറ്റവും കൂടുതൽ എ പ്ളസ് നേടിയത് മലപ്പുറത്തെ കുട്ടികളാണ്-5970 പേർ.
സി.ബി.എസ്.ഇ പരീക്ഷാ ഫലത്തിലും സംസ്ഥാനത്തിന് അഭിമാനിക്കാൻ ഏറെ ഉണ്ട്. കേരളം ഉൾപ്പെടുന്ന തിരുവനന്തപുരം മേഖലയാണ് അഖിലേന്ത്യാ തലത്തിൽത്തന്നെ ഒന്നാംസ്ഥാനത്തെത്തിയത്. 500 ൽ 499 മാർക്ക് നേടി പാലക്കാട് ലയൺസ് സ്കൂളിലെ ഭാവന എൻ. ശിവദാസ് മറ്റു പന്ത്രണ്ടുപേർക്കൊപ്പം ഒന്നാം റാങ്ക് നേടുകയും ചെയ്തു. ആദ്യ മൂന്ന് റാങ്ക് നേടിയ രാജ്യത്തെ 97 കുട്ടികൾക്കൊപ്പം കേരളത്തിലെ ഒൻപത് പേരുണ്ട്.
ഹയർ സെക്കൻഡറി വന്നതോടെ പത്താംക്ളാസ് വിജയത്തിന്റെ പഴയ തിളക്കം ഇല്ലാതായെങ്കിലും ഏതൊരു കുട്ടിയെ സംബന്ധിച്ചും തന്റെ വിദ്യാഭ്യാസ ജീവിതത്തിലെ ഒരു വഴിത്തിരിവാണ് പത്താംക്ളാസ് വിജയം. സ്വന്തം ഭാഗധേയം നിർണയിക്കാനുള്ള ആദ്യത്തെ ചവിട്ടുപടികൂടിയാണിത്. അഭിമാനാർഹ നേട്ടമുണ്ടാക്കിയവർക്കൊപ്പം ഇൗ കടമ്പ കടന്ന സകലരെയും ഞങ്ങൾ അഭിനന്ദിക്കുന്നു. ഭാവി കൂടുതൽ ശോഭയേറിയതാകട്ടെ എന്ന് ആശംസിക്കുന്നു.