bus-concession

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ തലതിരിഞ്ഞ പരിഷ്‌കരണം സ്വകാര്യ ബസുകൾക്ക് ബംബറായി. യാത്രക്കാരുടെ എണ്ണം കുറയുന്ന വെക്കേഷൻ കാലത്ത് ആ കുറവ് കെ.എസ്.ആർ.ടി.സി നികത്തി കൊടുത്തു. കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസുകൾ കുറച്ചതോടെ സാധാരണക്കാർ സ്വകാര്യ ബസുകളിൽ ഇടിച്ചു കയറുകയാണ്.

സംസ്ഥാനത്തെ പതിന്നാലായിരത്തോളം സ്വകാര്യ ബസുകളും ഓർഡിനറിയാണ്. കെ.എസ്.ആർ.ടി.സിയാകട്ടെ ആകെയുള്ളത് 3502 ഓർഡിനറി ബസും. ഇതിൽ രണ്ടായിരം പോലും നിരത്തിലിറക്കുന്നുമില്ല. തിരുവനന്തപുരം, കൊല്ലം ജില്ലകളൊഴിഞ്ഞാൽ മറ്റിടങ്ങളിലെല്ലാം സ്വകാര്യ ബസുകളുടെ കൈയിലാണ്.

ഹ്രസ്വദൂരങ്ങളിൽ ഓർഡിനറിയായും ദീർഘദൂര സർവീസുകൾ ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറിയുമായാണ് സ്വകാര്യ ബസുകൾ ഓടുന്നത്. എത്രദൂരം വേണമെങ്കിലും ഓ‌ർഡിനറി ചാർജിൽ യാത്രയും ചെയ്യാം. അതേസമയം കെ.എസ്.ആർ.ടി.സിയെ ആശ്രയിച്ചാൽ ഓ‌ർഡിനറി നിശ്ചിത ദൂരത്തിനപ്പുറം പോകില്ല. പിന്നെയുള്ള ഫാസ്റ്റ് പാസഞ്ചറിനും ഇപ്പോൾ നിയന്ത്രണമുണ്ട്. പിന്നെ സൂപ്പർ ഫാസ്റ്റ് മാത്രമാണ് ശരണം.

2015ലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം സൂപ്പർക്ളാസുകൾ കെ.എസ്.ആർ.ടി.സിക്ക് മാത്രമാണ്. അതനുസരിച്ച് 140 കിലോമീറ്ററിനപ്പുറം സർവീസ് നടത്താൻ കെ.എസ്.ആർ.ടി.സിക്കേ അവകാശമുള്ളൂ. എന്നാൽ ആ നിയമത്തിനെതിരെ അധികൃതർ കണ്ണടച്ചതോടെ എല്ലാ ദിക്കിലേക്കും സ്വകാര്യബസുകൾ ഓടുകയാണ്. അന്തർ സംസ്ഥാനങ്ങളിലേക്കുള്ള സ്വകാര്യ സർവീസുകൾക്കെതിരെ നടപടിയെടുക്കുന്ന മോട്ടോർ വാഹന വകുപ്പ് ഒരിക്കലും സംസ്ഥാനത്തിനകത്തെ സ്വകാര്യബസുകളെ തടയാറില്ല. പാലൈയിൽ നിന്ന് കാസർകോട്ടേക്കും കൊട്ടാരക്കരയിൽ നിന്ന് എറണാകുളത്തേക്കുമൊക്കെ യഥേഷ്ടം സ്വകാര്യബസുകളുണ്ട്.

സൂപ്പർഫാസ്റ്റിലും പരാതിപ്രളയം

തൃശൂർ - തിരുവനന്തപുരം റൂട്ടിൽ 15 മിനിട്ടിടവിട്ട് സൂപ്പർ ഫാസ്റ്റ് ചെയിൻ സർവീസ് തുടങ്ങിയത് വലിയ നേട്ടമായിട്ടാണ് കെ.എസ്.ആർ.ടി.സി അവകാശപ്പെടുന്നത്. എന്നാൽ ഈ റൂട്ടിലെ നിരവധി ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ വെട്ടിക്കുറച്ചാണ് സൂപ്പർ ഫാസ്റ്റ് ഓടിക്കുന്നത്. നേരത്തേയുണ്ടായിരുന്ന സൂപ്പർ ഫാസ്റ്റുകളിൽ ചിലതിന്റെ ദൈർഘ്യവും കുറച്ചു. വിവിധ ഡിപ്പോകളിൽ നിന്ന് ഗുരുവായൂരിലേക്ക് വന്നിരുന്ന സൂപ്പർഫാസ്റ്റുകൾ ഇപ്പോൾ തൃശൂരിൽ യാത്ര അവസാനിപ്പിക്കുകയാണ്. ഇതിനെതിരെ ജനപ്രതിനിധികളും രംഗത്തുണ്ട്.