ആര്യനാട്: മലയോര മേഖലകളിൽ കഞ്ചാവ് വില്പന നടത്തുന്ന രണ്ടുപേരെ ആര്യനാട് എക്സൈസ് അറസ്റ്റുചെയ്‌തു. ഉഴമലയ്‌ക്കൽ, ചക്രപാണിപുരം, കുളപ്പട ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 1.15 കിലോഗ്രാം കഞ്ചാവുമായി ഉഴമലയ്‌ക്കൽ ലക്ഷംവീട് കോളനിയിൽ കഞ്ചാവ് അനി എന്ന അനിൽകുമാർ (44), 150 ഗ്രാം കഞ്ചാവുമായി കൊണ്ണിയൂർ ഉണ്ടപ്പാറ കുഞ്ചുവീട്ടിൽക്കോണം ഷെറീനാ മൻസിലിൽ ഷറഫുദ്ദീൻ (36) എന്നിവരാണ് പിടിയിലായത്. ഉഴമലയ്‌ക്കൽ പ്രദേശങ്ങളിൽ സ്‌കൂൾ കുട്ടികൾക്ക് ലഹരി വസ്‌തുക്കൾ എത്തിക്കുന്നതിലെ പ്രധാനിയാണ് അനിൽകുമാറെന്നും നിരവധി ക്രിമിനൽ കേസുകളിലും നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകക്കേസിലും ഇയാൾ പ്രതിയാണെന്നും എക്സൈസ് അറിയിച്ചു. ഷറഫുദീൻ കഴിഞ്ഞ അഞ്ച് വർഷമായി കഞ്ചാവ് കച്ചവടം നടത്തുകയായിരുന്നു. ഇയാൾ മൂന്നോളം കഞ്ചാവ് കേസിൽ പ്രതിയാണ്. എക്സൈസ് ഇൻസ്‌പെക്ടർ എ.പി. ഷാജഹാൻ, പ്രിവന്റീവ് ഓഫീസർമാരായ സതീഷ് കുമാർ, മോനി രാജേഷ്, എ. ഷഹാബ്ദീൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.