padma-awards

തിരുവനന്തപുരം : പദ്മപുരസ്‌കാരങ്ങൾക്ക് കേരളത്തിൽ നിന്നുള്ള യോഗ്യരായവരുടെ പേരുകൾ ശുപാർശ ചെയ്യാൻ മന്ത്രി എ.കെ. ബാലൻ അദ്ധ്യക്ഷനായി ഉപസമിതി രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രൻ എന്നിവരാണ് സമിതി അംഗങ്ങൾ. കഴിഞ്ഞ വർഷം സർക്കാർ നിയോഗിച്ച മന്ത്രിസഭാ ഉപസമിതി ശുപാർശ ചെയ്‌ത പേരുകൾ കേന്ദ്രസർക്കാർ സ്വീകരിച്ചിരുന്നില്ല.

ലോകായുക്ത, ഉപലോകായുക്ത എന്നിവരുടെ പെൻഷൻ ഉയർത്തും. ലോകായുക്തയുടെ പെൻഷൻ 43,890 ൽ നിന്ന് 1,21,575 രൂപയാകും. ഉപലോകായുക്തയുടേത് 34,350 ൽ നിന്ന് 96,524 ആകും. മലബാറിലെ കമ്മാർ സമുദായത്തെ ഒ.ബി.സി പട്ടികയിലുൾപ്പെടുത്തും. പരിവർത്തിത ക്രൈസ്‌തവ ശുപാർശിത വിഭാഗ വികസന കോർപറേഷൻ സർവീസ് റൂളും അംഗീകരിച്ചു. മട്ടന്നൂർ കമ്യൂണി​റ്റി ഹെൽത്ത് സെന്ററിനെ മൾട്ടി സ്‌പെഷ്യാലി​റ്റി ആശുപത്രിയായി ഉയർത്തുന്നതിന് മൂന്നേക്കർ സ്ഥലം അനുവദിക്കും. ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിറുത്തി ഭൂമി ആരോഗ്യ വകുപ്പിന് കൈമാറാനാണ് തീരുമാനം.