ഞാൻ കേരളകൗമുദി പത്രത്തിന്റെ സ്ഥിരം വായനക്കാരനും വരിക്കാരനുമാണ്. കേരളകൗമുദിയിലെ വാർത്തയിലൂടെ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഹെൽത്ത് ഇൻഷ്വറൻസ് മാസം ഏറ്റവും കുറഞ്ഞ തുകയായ വെറും 250 രൂപയ്ക്ക് റിലയൻസ് ഏറ്റെടുത്ത് സർക്കാർ നടപ്പിലാക്കിയ വാർത്ത വായിച്ചു. ഇതിനായി മുൻകൈയെടുത്ത മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കിനും സ്നേഹനിർഭരമായ അഭിനന്ദനങ്ങൾ രേഖപ്പെടുത്തുന്നു. എന്നെപ്പോലെ ലക്ഷക്കണക്കിന് നിർദ്ധനരായ രോഗികളായ പെൻഷൻകാർക്ക് ഇത് വലിയൊരു സഹായവും ആശ്വാസവുമാണ്. കേവലം 300 രൂപ മാസമുള്ള മെഡിക്കൽ അലവൻസ് ഗുളികവാങ്ങാൻ പോലും തികയുന്നില്ലായെന്ന സത്യം ആർക്കാണ് അറിയാത്തത്.
ഞങ്ങളെപ്പോലെയുള്ള നിർദ്ധനരും രോഗികളുമായ പെൻഷൻകാർ MEDISEP എന്നാകുമെന്ന് ഓരോ ദിവസവും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ആ ഗുണമഹിമയുള്ള വാർത്ത ജനത്തിനെന്നും പ്രതീക്ഷയുള്ള കേരളകൗമുദി ദിനപ്പത്രത്തിൽ വലിയ തലക്കെട്ടിൽ അച്ചടിച്ചു വന്നത്. കേരളകൗമുദിക്കും പ്രത്യേക നന്ദി അറിയിക്കുന്നു. ഈ പച്ചസത്യം ഞാൻ പറയുമ്പോഴും ഇതിന് വിപരീതമായി പറയുന്ന കുറച്ച് ധനാഡ്യരായ ജീവനക്കാർ, പെൻഷൻകാർ, രാഷ്ട്രീയക്കാർ ഇവരുടെ ജല്പനങ്ങൾ എന്ത് നേടാനാണെന്ന് മനസിലാകുന്നില്ല. ഈ മന്ത്രിസഭയോടും ഗുണം ലഭിക്കുന്ന സാധാരണക്കാരനോടുമുള്ള ഒരുതരം മഞ്ഞളിച്ച അസൂയ തന്നെയാണിത്. പുലി പുല്ല് തിന്നുകയുമില്ല പശുവിനെ തിന്നാനും സമ്മതിക്കില്ല എന്ന പഴമൊഴിയാണ് ഓർമ്മ വരുന്നത്. കാരണം സാധാരണക്കാരനുവേണ്ടി നല്ലത് ആരു ചെയ്താലും നല്ലതെന്നു പറയുന്ന എത്രപേർ കേരളത്തിലുണ്ട് ? ശേഷം ചിന്ത്യം.
എം. ജയകുമാരൻ തമ്പി, ഒരു പെൻഷണർ
പെൻഷൻകാരും ഇൻഷ്വറൻസും
സർവീസ് പെൻഷൻകാരുടെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുമ്പോൾ, നിലവിലെ മെഡിക്കൽ അലവൻസോ, അതല്ല ഇൻഷ്വറൻസോ, ഏതാണ് വേണ്ടതെന്ന് തിരഞ്ഞെടുക്കാനുള്ള അവകാശം പെൻഷൻകാർക്ക് നൽകണം. ഇക്കാര്യത്തിൽ ഏകപക്ഷീയമായ തീരുമാനമെടുക്കരുത്. പദ്ധതിയിൽ ചേരാൻ ഉദ്ദേശമില്ലാത്ത പെൻഷൻകാർക്ക്, നിലവിലെ ആനുകൂല്യം നിഷേധിക്കപ്പെടരുത്. ജീവനക്കാർക്ക് മെഡിക്കൽ റീ ഇംബേഴ്സ്മെന്റ് തുടരുന്നത് പോലെ, സർവീസ് പെൻഷൻകാരുടെ മെഡിക്കൽ അലവൻസും ഇൻഷ്വറൻസിൽ ചേരാത്തവർക്ക് നിലനിറുത്തേണ്ടത് നീതി മാത്രമല്ലെ?
ടി.വി. ബാലഗോപാലൻനായർ, പെൻഷണർ, കാലിക്കറ്റ് സർവകലാശാല