തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റുകൾ ചട്ടവിരുദ്ധമായി തെറ്റായ വിലാസത്തിൽ ശേഖരിക്കുകയും ക്രമക്കേട് കാട്ടുകയും ചെയ്ത പൊലീസുകാരെ സസ്പെൻഡ് ചെയ്യും. ക്രമക്കേടുകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന ശുപാർശയോടെ, ഡി.ജി.പി ലോക്നാഥ് ബെഹ്റ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് റിപ്പോർട്ട് കൈമാറി. രണ്ട് പൊലീസ് സംഘടനകളുടെ നേതാക്കൾ പൊലീസുകാരെ ഭീഷണിപ്പെടുത്തി ബാലറ്റുകൾ കൈക്കലാക്കുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്തെന്നാണ് ഇന്റലിജൻസ് മേധാവി ടി.കെ. വിനോദ്കുമാറിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. ഡി.ജി.പിയുടെ ശുപാർശയിന്മേൽ, ടിക്കാറാം മീണയുടെ തീരുമാനം ഇന്നുണ്ടാകും. ഉന്നതതല അന്വേഷണത്തിന് ഉത്തരവിടാനാണ് സാദ്ധ്യത.
ആറ്റിങ്ങൽ, കൊല്ലം, ആലത്തൂർ, വടകര, കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിൽ വൻതോതിൽ ക്രമക്കേടുണ്ടായെന്നും ഒരേ വിലാസത്തിൽ നൂറുകണക്കിന് ബാലറ്റുകൾ തപാൽ മാർഗമെത്തിച്ചെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സേനയിലെ 56,000 പൊലീസുകാരിൽ 50,000 പേരും പോസ്റ്റൽ വോട്ടാണ് ചെയ്തത്. പോസ്റ്റൽ ബാലറ്റുകൾ നൽകണമെന്ന് സംഘടനാ നേതാക്കളുടെ നിർദ്ദേശപ്രകാരം വാട്സ്ആപ് സന്ദേശമയച്ച ശ്രീപദ്‌മനാഭ സ്വാമിക്ഷേത്രത്തിലെ കമാൻഡോ, ബാലറ്റുകൾ വീട്ടുവിലാസത്തിൽ ശേഖരിച്ച തിരുവനന്തപുരം വട്ടപ്പാറ സ്വദേശിയായ ഇന്ത്യാ റിസർവ് ബറ്റാലിയനിലെ പൊലീസുകാരൻ എന്നിവരുടെ പേരുകൾ സഹിതമാണ് ഡി.ജി.പിയുടെ റിപ്പോർട്ട്. ഇരുവരെയും സസ്പെൻഡ് ചെയ്തേക്കും. ജില്ലകളിലെ പൊലീസ് സൊസൈറ്റികൾ കേന്ദ്രീകരിച്ചും ബാലറ്റുകൾ ശേഖരിച്ചിട്ടുണ്ട്.
കവർ പൊട്ടിക്കാതെ ബാലറ്റുകൾ സംഘടനാ നേതാക്കൾ കൈക്കലാക്കിയതായും വോട്ട് രേഖപ്പെടുത്താൻ അനുവദിച്ചില്ലെന്നും ഇത് കള്ളവോട്ടിന് സമാനമാണെന്നും പോസ്റ്റൽ ബാലറ്റുകൾ റദ്ദാക്കി പുതിയത് പൊലീസുകാർക്ക് നേരിട്ട് നൽകണമെന്നും കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടുണ്ട്. പഴയ ബാലറ്റ് പിൻവലിച്ച് പുതിയത് നൽകണമെന്ന് കെ. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, കെ.സി. ജോസഫ്, തമ്പാനൂർ രവി എന്നിവരുൾപ്പെട്ട കോൺഗ്രസ് പ്രതിനിധിസംഘം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ കണ്ട് ആവശ്യപ്പെട്ടു. വോട്ട് രേഖപ്പെടുത്തും മുൻപ് ബാലറ്റ് വാങ്ങി കള്ളവോട്ട് ചെയ്തെന്നാണ് പരാതി.
ഇനി എന്ത്
1)പോസ്റ്റൽ ബാലറ്റുകൾ ഭീഷണിപ്പെടുത്തി തട്ടിയെടുത്തെന്ന് പൊലീസുകാരാരും പരാതിപ്പെട്ടിട്ടില്ലാത്തതിനാൽ ബാലറ്റുകൾ പിൻവലിക്കുക അസാദ്ധ്യമാണ്.
2)പോസ്റ്റൽ ബാലറ്റ് റദ്ദാക്കാനും റീ പോളിംഗിനും ജനപ്രാതിനിധ്യ നിയമപ്രകാരം ബാലറ്റുകൾ കൈകാര്യം ചെയ്യുന്ന റിട്ടേണിംഗ് ഓഫീസർ ക്രമക്കേടുണ്ടെന്ന് പരാതിപ്പെടണം.
3)പോസ്റ്റൽ ബാലറ്രുകൾ അയച്ച വിലാസവും രജിസ്റ്റേർഡ് തപാൽ കൈപ്പറ്റിയതാരാണെന്നും വിശദമായി അന്വേഷിക്കും. കൂട്ടത്തോടെ ബാലറ്റുകൾ ശേഖരിച്ചവരെ കണ്ടെത്തും.