കല്ലമ്പലം: മഴയത്ത് റോഡിൽ ഒലിച്ചിറങ്ങിയ മണ്ണ് അപകടങ്ങൾക്ക് കാരണമാകുന്നതായി പരാതി. മടവൂർ പഞ്ചായത്തിലെ സീമന്തപുരം ജംഗ്ഷനിലാണ് സംഭവം. കഴിഞ്ഞയാഴ്ച പെയ്ത ശക്തമായ വേനൽ മഴയിലാണ് റോഡിൽ മണ്ണ് നിറഞ്ഞത്. സീമന്തപുരം - പുലിക്കുഴിമുക്ക് റോഡ് വീതി കൂട്ടുകയും ടാർ ചെയ്യുകയുമുണ്ടായി. തുടർന്ന് റോഡിന്റെ ഇരു വശവും കോൺക്രീറ്റ് ചെയ്യാനായി കുഴിച്ചിരുന്നു. ഈ മണ്ണാണ് ശക്തമായി മഴ പെയ്തപ്പോൾ റോഡിലേക്ക് ഒലിച്ചിറങ്ങിയത്. റോഡിന്റെ ഇരു വശവും കോൺക്രീറ്റ് ചെയ്ത് പണി പൂർത്തിയാക്കിയെങ്കിലും റോഡിൽ ഒലിച്ചിറങ്ങിയ മണ്ണ് നീക്കം ചെയ്യാൻ കരാറുകാരൻ കൂട്ടാക്കിയില്ല. ഇത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി.
ഇരുചക്രവാഹനങ്ങൾ ചെളിയിൽ തെന്നി വീണ് യാത്രക്കാർക്ക് പരിക്കേൽക്കുന്നത് പതിവാണ്. റോഡിൽ നിന്ന് മണ്ണ് നീക്കം ചെയ്യണമെന്നാവശ്യം ശക്തമാണ്.