വെള്ളറട: മണ്ണുകടത്തുകയായിരുന്ന ടിപ്പർ ഒതുക്കിയിട്ടിരുന്ന ലോറിയുടെ പിന്നിലിടിച്ച് ടിപ്പറിന്റെ
ഡ്രൈവർ മരിച്ചു . കന്യാകുമാരി- നെടുമങ്ങാട് റോഡിൽ ആറാട്ടുകുഴിക്കുസമീപം പൂവൻ കുഴിയിൽ ഇന്നലെ പുലർച്ചെ 2 മണിയോടുകൂടി യായിരുന്നു അപകടം. ആറാട്ടുകുഴി നെല്ലിശ്ശേരി സതീഷ് ഭവനിൽ സതീഷ് (40) ആണ് മരിച്ചത്. മണ്ണുമായി വന്ന ടിപ്പർ ലോറിയിൽ ഇടിച്ച് കിടക്കുന്നത് അതുവഴിവന്ന വിൽപ്പന നികുതി സ്ക്വാഡാണ് കണ്ടത്. അവർ വിവരമറിച്ചതിനെ തുടർന്ന് വെള്ളറട പൊലീസ് നെയ്യാർ ഡാമിൽ നിന്ന് ഫയർഫോഴ്സിനെ വരുത്തിയാണ് വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറെ പുറത്തെടുത്തത്. ആദ്യം വെള്ളറട സർക്കാർ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചുവെങ്കിലും മരണമടഞ്ഞിരുന്നു. ആറാട്ടുകുഴി ഭാഗത്തുനിന്ന് ആനപ്പാറ ഭാഗത്തേക്ക് മണ്ണുമായി പോയതായിരുന്നു ടിപ്പർ . ശ്യാമളകുമാരി ഭാര്യയും സൂരജ്, സുബിൻ എന്നിവർ മക്കളുമാണ്.